കൊച്ചിയിൽ മലയാളത്തിലെ യുവ നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്താരം ആരംഭിച്ചു. മൊഴി നൽകാൻ ലേഡി സൂപ്പർതാരം മഞ്ജു വാര്യയർ, നടൻ സിദ്ദിഖ്, നടി ബിന്ദു പണിക്കർ എന്നിവർ കൊച്ചിയിലെ വിചാരണക്കോടതിയിലെത്തി.
കേസിൽ ദിലീപ് പ്രതിയാകുന്നതിനും മുമ്പേ കേസിൽ ഗൂഢാലോചന ഉണ്ടെന്ന് പരസ്യമായി പറഞ്ഞ വ്യക്തിയാണ് മഞ്ജു വാര്യർ. അതിനാൽ തന്നെ മഞ്ജുവിന്റെ മൊഴി ഏറെ നിർണായകമാണ്. അഞ്ചുവർഷം മുൻപ് 2015 ജനുവരി 31ന് ഇരുവരുടെയും വിവാഹമോചന ഹർജി തീർപ്പായ അതേ കോടതിയിലാണ് ദിലീപുമായി ബന്ധപ്പെട്ട കേസിൽ മൊഴി നൽകാൻ മഞ്ജു എത്തിയത് എന്നത് ശ്രദ്ധേയമാണ്.
അന്ന് ഈ മുറിയിൽ പ്രവർത്തിച്ചിരുന്ന കുടുംബ കോടതി ഇവിടെ നിന്ന് മാറ്റിയതോടെ പ്രത്യേക സിബിഐ കോടതിയായി ഇത് മാറി. ആക്രമിക്കപ്പെട്ട നടിയുമായും പ്രതി ദിലീപുമായും ഒരേപോലെ ബന്ധവും പരിചയവും ഉള്ളവരാണു മൊഴി കൊടുക്കാനെത്തുന്ന താരങ്ങൾ.
നാളെ ഗീതു മോഹൻദാസ്, സംയുക്ത വർമ്മ, കുഞ്ചാക്കോ ബോബൻ എന്നിവരും മറ്റന്നാൾ സംവിധായകൻ ശ്രീകുമാർ മേനോനും മാർച്ച് നാലിനു റിമി ടോമയും മൊഴി നൽകാനെത്തും.