ജോമോൻ സംവിധാനം ചെയ്ത അനശ്വരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ശ്വേത മേനോൻ. മോഡലിംഗിൽ നിന്നും സിനിമയിലെത്തിയ ശ്വേത മേനോൻ പിന്നീട് താരമായി മാറുകയായിരുന്നു.
താരത്തിന്റെ അഭിനയ യാത്ര 30 വർഷം പിന്നിട്ടിരിക്കുകയാണ്. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ ഭാഗമായ ശ്വേതാ മേനോൻ തന്റെ യാത്ര തുടരുകയാണ്. അഭിനയത്തിൽ മാത്രമല്ല അവതര ണത്തിലും ചാനൽ പരിപാടികളിലും എല്ലാമായി സജീവമാണ് ശ്വേതാ മേനോൻ.
ഇപ്പോഴിതാ തനിക്കെതിരെ വന്ന ഒരു വ്യാജ വാർത്തയ്ക്കെതിരെ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുയാണ് ശ്വേത മേനോൻ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഒരു ഓൺലൈൻ മാധ്യമത്തിന്റെ വാർത്തയ്ക്കെതിരെ ശ്വേത പ്രതികരിച്ചത്. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ വിവാഹ ആലോചനയുമായി വന്നുവെന്ന വാർത്തയാണ് ശ്വേതാ മേനോനെ പ്രകോപിപ്പിച്ചത്.
സാധാരണയായി തന്നെ കുറിച്ച് വരുന്ന വാർത്തകളോട് ഒന്നും പ്രതികരിക്കാത്ത വ്യക്തി കൂടിയാണ് ശ്വേതാ മേനോൻ.
എന്നോടുള്ള അടുപ്പം വച്ച് മോഹൻലാൽ കല്യാണാലോചനയുമായി വന്നിരുന്നു: ശ്വേത മേനോൻ എന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തയുടെ തലക്കെട്ട്.
ശ്വേതയുടെയും മോഹൻലാലിന്റെയും ചിത്രവും വാർത്തയ്ക്ക് ഒപ്പമുണ്ട്. ഈ വാർത്ത തീർത്തും അടിസ്ഥാനരഹിതം ആണ് എന്നാണ് ശ്വേത മേനോൻ പറയുന്നത്. അപകീർത്തിപരമായ ക്ലിക്ക് ബൈറ്റ് യെല്ലോ ജേണലിസം കണ്ട് മതിയായി. ഒരു സ്ത്രീയെയും ഇങ്ങനെ തരംതാഴ്ത്തി കാണിക്കാൻ നിങ്ങൾക്ക് യാതൊരു അവകാശവുമില്ല.
സ്ത്രീകളെ കുറിച്ച് ഇങ്ങനെ ദുരുദ്ദേശപരമായ വാർത്തകളും നുണകളും പ്രചരിപ്പിക്കുന്നത് നിർത്തി അവരെ ബഹുമാനിക്കാൻ പഠിക്കൂ എന്നാണ് ശ്വേത വാർത്തയുടെ സ്‌ക്രീൻ ഷോട്ട് പങ്കുവച്ചു കൊണ്ട് നടി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
ഇത്തരം വാർത്ത എടുത്തു മാറ്റിയില്ലെങ്കിൽ, നിയമനടപടി നേരിടാൻ തയാറായിക്കൊള്ളൂ എന്ന് ഈ വാർത്താ ലിങ്കിൽ ശ്വേത കമന്റ് ചെയ്തിട്ടുമുണ്ട്. അതേസമയം കാക്കക്കുയിൽ’എന്ന ചിത്രത്തിലാണ് മോഹൻലാലിനൊപ്പം ശ്വേത ആദ്യം അഭിനയിക്കുന്നത്. ചിത്രത്തിൽ ഐറ്റം ഡാൻസുമായാണ് താരം എത്തിയത്. കീർത്തിചക്ര, റോക്ക് ആൻഡ് റോൾ എന്നീ സിനിമകളിലും ശ്വേത മോഹൻലാലിനൊപ്പം ശ്വേതാ മേനോൻ അഭിനയിച്ചിരുന്നു.