ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് മെഗാസ്റ്റാർ മമ്മൂട്ടിയും ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യരും ഒന്നിക്കുന്നു. നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രത്തിലാണ് മമ്മൂട്ടിയോടൊപ്പം മഞ്ജു എത്തുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല.
ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.എന്നാൽ ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായല്ല മഞ്ജു എത്തുക എന്നാണ് റിപ്പോർട്ടുകൾ.
ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം അവസാനത്തോടെ ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. നിലവിൽ വൺ എന്ന ചിത്രത്തിന്റെ തിരക്കിലാണ് മമ്മൂട്ടി. പ്രതി പൂവൻകോഴി എന്ന ചിത്രമാണ് മഞ്ജുവിന്റെതായി റിലീസിനൊരുങ്ങുന്ന ചിത്രം.
അതേ സമയം മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം ഡിസംബർ 12ന് പ്രദർശനത്തിനെത്തും. എം പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്. ശങ്കർ രാമകൃഷ്ണൻറേതാണ് തിരക്കഥ. മനോജ് പിള്ളയാണ് ചിത്രത്തിൻറെ ക്യാമറ കൈകാര്യം ചെയ്യുന്നത്.
ഉണ്ണി മുകുന്ദൻ, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുൺ അറോറ, സുദേവ് നായർ, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാൻ, മാസ്റ്റർ അച്യുതൻ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.