അവതാരകയായും നടിയായും തിളങ്ങി മലയാളികളുടെ ഇഷ്ടം നേടിയെടുത്ത താരമാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാ നെറ്റിലെ സാഹസികന്റെ ലോകം എന്ന സ്‌പോൺസേർഡ് പരിപാടി അവതരപ്പിച്ചെത്തി പിന്നീട് ഐഡിയ സ്റ്റാർ സിംഗർ എന്ന സൂപ്പർ റിയാലിറ്റി ഷോയിലെ അവതാരകയായി ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു രഞ്ജിനി ഹരിദാസ്.
വളരെ വ്യത്യസ്തമായ അവതരണ ശൈലിയിലൂടെയാണ് രഞ്ജിനി മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. താരങ്ങൾക്ക് ലഭിക്കുന്ന പരിഗണനയായിരുന്നു രഞ്ജിനിയ്ക്ക് ലഭിച്ചത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ രഞ്ജിനി തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോകളും എല്ലാം ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ അച്ഛനെ കുറിച്ചുള്ള രഞ്ജിനിയുടെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് താരം അച്ഛനെ കുറിച്ച് വാചാലയാവുന്നത്. അച്ഛന്റേയും അമ്മയുടേയും ഒരു പഴയ കാലത്തെ ചിത്രം കൊണ്ടുള്ള റീൽസ് പങ്കുവെച്ച് കൊണ്ടാണ് രഞ്ജിനി അച്ഛനെ കുറിച്ചുള്ള ഓർമ പങ്കുവെച്ചിരിക്കുന്നത്.
രഞ്ജനി ഹരിദാസിന്റെ വാക്കുകൾ ഇങ്ങനെ:
അതെ, എന്റെ അച്ഛന്റെയും അമ്മയുടെയും കല്യാണ ദിവസം എടുത്ത ഫോട്ടോയാണ്. എൺപതോ എൺപത്തി ഒന്നോ ആയിരിയ്ക്കാം. ഞാൻ വന്നത് 82 ൽ ആണ്. ഒരു കുടുംബം എന്ന നിലയിൽ, ഒരുമിച്ച് ചെലവഴിക്കാൻ ഞങ്ങൾക്ക് അധികം സമയം ലഭിച്ചിരുന്നില്ല. ഞാൻ പരാതി പറയുന്നതല്ല. കുറഞ്ഞത് ഏഴ് വർഷം എങ്കിലും എനിക്ക് അച്ഛനോടൊപ്പം കിട്ടി.
അനുജന് അപ്പോൾ വെറും 9 മാസമായിരുന്നു. അതുകൊണ്ട് അവന് അദ്ദേഹത്തെ കാണാൻ പോലും സാധിച്ചില്ല. ജീവിതം പക്ഷെ അങ്ങനെയാണ്. ചിലത് സംഭവിയ്ക്കുന്നു നമ്മൾ അതുമായി പൊരുത്തപ്പെട്ട് മുന്നോട്ട് പോകുന്നു. എനിക്ക് കിട്ടുന്നത്, ചില പ്രത്യേക സാഹചര്യങ്ങളിൽ അച്ഛന്റെ ഫോട്ടോ പങ്കുവയ്ക്കാൻ കഴിയുന്നത് മാത്രമാണ്.
അതുകൊണ്ട് ഞാൻ കരുതി ഇത്തരം ഒരു വീഡിയോ ഉണ്ടാക്കാം എന്ന്. വിചിത്രമെന്ന് പറയട്ടെ, അദ്ദേഹത്തെ ഓർക്കാൻ എനിക്ക് ഇതൊരു കാരണമായി. ഇത്തരം ഒരു റീൽ ഐഡിയ കൊണ്ടു വന്നത് ആരാണെങ്കിലും അവർക്ക് നന്ദി എന്ന് രഞ്ജിനി റീൽസിനോടൊപ്പം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഇതിനും മുൻപും അച്ഛൻ ഇല്ലാതെ വളർന്ന സാഹചര്യങ്ങളെ കുറിച്ച് രഞ്ജിനി സംസാരിച്ചിട്ടുണ്ട്. അതേ സമയം കഴിഞ്ഞ കുറച്ച മാസങ്ങൾക്ക് മുൻപ് താൻ പ്രണയത്തിലാണെന്ന് താരം വെളിപ്പെടുത്തിയിരുന്നു . കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ പ്രണയത്തെ കുറിച്ച് താരം വെളിപ്പെടുത്തിയത്. സുഹൃത്തായ ശരത് പുളിമൂട് ആണ് രഞ്ജിനിയുടെ കൂട്ടുകാരൻ.
ഞാനിപ്പോൾ പ്രണയത്തിലാണ്. എനിക്ക് 39 വയസുണ്ട്. ഇതെന്റെ ആദ്യപ്രണയമല്ല. പതിനാലാം വയസിൽ പ്രണയിക്കാൻ തുടങ്ങിയതാണ്. ഓരോ പ്രണയവും സംഭവിച്ചപ്പോൾ ഏറ്റവും ആത്മാർഥമായി തന്നെ പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
പക്ഷേ എന്തൊക്കെയോ കാരണങ്ങളാൽ ഒന്നും വിജയിച്ചില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇട്ട പ്രണയസന്ദേശം ശരത്തിനുള്ളതാണ്. പതിനാറ് വർഷത്തോളമായിട്ടുള്ള എന്റെ സുഹൃത്താണ് ശരത്. പക്ഷേ പ്രണയം തുടങ്ങിയത് ഇപ്പോഴാണെന്ന് മാത്രം. ആൾ വിവാഹിതനായിരുന്നു. ഞാനാകട്ടെ മറ്റൊരു റിലേഷൻഷിപ്പിലും.
രണ്ട് പേരും സിംഗിളായതും ഞങ്ങൾക്കിടയിൽ പ്രണയം സംഭവിച്ചതും ഇപ്പോഴാണ്. പക്ഷേ ഇത് വിവാഹത്തിലേക്ക് കടക്കുമോ എന്നെനിക്കറിയില്ലെന്നും രഞ്ജനി അഭിമുഖത്തിൽ പറഞ്ഞിരുന്നു.