മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടം, വില്ലത്തി കഥാപാത്രങ്ങളിലൂടെ സ്വന്തമാക്കിയ നടിയാണ് ജിസ്മി. മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവിലെ വില്ലത്തി കഥാപാത്രം മുതൽ സീ കേരളത്തിലെ കാർത്തിക ദീപം എന്ന സീരിയലിലെ വില്ലത്തിയായിട്ടും അഭിനയിക്കുകയാണ് ജിസ്മി.
സീരിയൽ മേഖലയിൽ നിന്നുള്ള ഷിൻജിത്താണ് ജിസ്മിയുടെ ഭർത്താവ്. വളരെ ലളിതമായിട്ടായിരുന്നു ക്യാമറാമാനായ ഷിൻജിത്തിന്റെയും ജിസ്മിയുടെയും വിവാഹം കഴിഞ്ഞ വർഷം നടക്കുന്നത്. ഭർത്താവിനൊപ്പം കഴിഞ്ഞ ദിവസം ഒന്നാം വിവാഹവാർഷികം ആഘോഷിച്ചതിനെ കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
താരദമ്പതിമാർ ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന സമയത്താണ് സീരിയൽ ലൊക്കേഷനിൽ വെച്ച് സെലിബ്രേഷൻ നടന്നത്. പാടാത്ത പൈങ്കിളി എന്ന സീരിയലിന്റെ സെറ്റിൽ വച്ചാണ് ജിസ്മിക്കും ഷിഞ്ജിത്തിനും അപ്രതീക്ഷിതമായി ലഭിച്ച സമ്മാനവും ആഘോഷത്തിന്റെ വീഡിയോയുമൊക്കെ പുറത്ത് വന്നിരിക്കുകയാണ്.
സർപ്രൈസ് സമ്മാനമായി ജിസ്മിക്ക് ലഭിച്ചത് ബേബി ഡോളിനെ ആയിരുന്നു. നടൻ സൂരജ് ആണ് സെറ്റിലെ വിവാഹവാർഷിക ആഘോഷത്തിന്റെ വീഡിയോ പുറത്ത് വിട്ടത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഇത് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തു.
പള്ളുരുത്തി സ്വദേശിയായ ജിസ്മി അഭിനേത്രി എന്നതിലുപരി എം കോം വിദ്യാർത്ഥിനി കൂടിയാണ്. ഫാഷൻ ഡിസൈനിങ്ങിലും യോഗ്യത നേടിയ ജിസ്മി ബിജു മേനോൻ നായകനായി അഭിനയിച്ച പുത്രൻ എന്ന സിനിമയിലൂടെയാണ് ആദ്യമായി ക്യാമറയ്ക്ക് മുൻപിൽ എത്തുന്നത്.
പിന്നീടിങ്ങോട്ട് നിരവധി സീരിയലുകളിൽ വില്ലത്തി വേഷത്തിൽ അഭിനയിക്കാനുള്ള അവസരം ലഭിച്ചു.
നെഗറ്റീവ് വേഷങ്ങളായിരുന്നു ജിസ്മിയ്ക്ക് ജനപ്രീതി നേടി കൊടുത്തത്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലെ സോനു കഥാപാത്രമാണ് ജിസ്മിയെ ശ്രദ്ധിക്കപ്പെടുന്ന നടിയാക്കിയത്.
ശേഷം സീ കേരളത്തിൽ പുതിയതായി ആരംഭിച്ച കാർത്തിക ദീപം എന്ന പരമ്പരയിൽ വിജിത എന്ന വേഷത്തിലും അഭിനയിക്കുകയാണ്. വിജിതയായിട്ടെത്തിയ ജിസ്മി അവിടെയും കിടിലൻ പെർഫോമൻസാണ് കാഴ്ച വെക്കുന്നത്.