മലയാളം മിനി സ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത സൂപ്പർഹിറ്റ് പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയൽ. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയായി മാറിക്കഴിഞ്ഞ സാന്ത്വനത്തിലെ ഓരോ അഭിനേതാക്കൾക്കും സോഷ്യൽ മീഡിയയിൽ ഓരോ ഫാൻ ഗ്രൂപ്പ് പോലുമുണ്ട്.
പരമ്പരയിലെ അഭിനേതാക്കൾ തമ്മിലുള്ള മനോഹരമായ ബന്ധം പരമ്പരയ്ക്ക് ഉള്ളിലും പുറത്തും ഒരുപോലെ തന്നെയാണ്. അതുകൊണ്ടു തന്നെ സോഷ്യൽ മീഡിയയിൽ താരങ്ങൾക്ക് വൻ സ്വീകരണമാണ് കിട്ടാറുള്ളത്. താരങ്ങൾ പങ്കുവെക്കുന്ന സെറ്റിലെ വിശേഷങ്ങളും മറ്റും നിമിഷങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാാറുള്ളത്.
സാന്ത്വനത്തിൽ കണ്ണൻ എന്ന കഥാപാത്രമായി എത്തുന്ന അച്ചു സുഗന്ധ് ആരാധകരുടെ പ്രിയങ്കരനായ താരമാണ്. യുട്യൂബിലും മറ്റ് സോഷ്യൽ മീഡിയയിലും ഒരുപോലെ സജീവമായ താരം കൂടിയാണ് അച്ചു സുഗന്ധ്. നിരന്തരം തന്റെ വിശേഷങ്ങളുമായി സോഷ്യൽ മീഡിയയിൽ എത്തുന്ന അച്ചുവിന്റെ പുതിയ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
പുത്തൻ മേക്കോവർ ചിത്രമാണെന്ന് ആരെങ്കിലും കരുതിയാൽ തെറ്റി. ഒരു സ്വയം കുത്തിപ്പൊക്കൽ ചിത്രമെന്നാണ് അച്ചു തന്നെ ചിത്രത്തെ കുറിച്ച് പറയുന്നത്. പാവം പതിനേഴുകാരൻ പയ്യൻ, ഒരു സ്വയം കുത്തിപ്പൊക്കൽ എന്ന കുറിപ്പോടെയാണ് സ്വയം ട്രോളിക്കൊണ്ടുള്ള ഒരു പഴയ ചിത്രം താരം പങ്കുവച്ചിരിക്കുന്നത്.
പഴയ ഓർമ, പൊന്മുടി എന്നൊക്കെ ഹാഷ് ടാഗിലും കാണാം. നിരവധി ആരാധകർ അതേ സ്പിരിറ്റിലാണ് കണ്ണന് കമന്റുകൾ സമ്മാനിക്കുന്നത്. ഇതാണ് യഥാർത്ഥ കണ്ണൻ എന്ന് ചിലർ പറയുന്നു. ഈ മാറ്റത്തിന്റെ കാരണം സാന്ത്വനമാണെന്നു ചിലർ പറയുന്നു. അടുത്തിടെ തന്റെ ആഗ്രഹം പറഞ്ഞു അച്ചു എത്തിയിരുന്നു.
അഭിനയം ആയിരുന്നില്ല ലക്ഷ്യമെന്നും സംവിധാനമായിരുന്നു ആഗ്രഹമെന്നുമായിരുന്നു താരം പറഞ്ഞത്. ചില സിനിമകളിൽ അസിസ്റ്റ് ചെയ്ത ശേഷമാണ് വാനമ്പാടിയിൽ എത്തിയതെന്നും സിനിമ തന്നെയാണ് ലക്ഷ്യമെന്നും അച്ചു പറഞ്ഞിരുന്നു. താൻ ഭാവിയിൽ സിനിമ എടുക്കാനായി ഉദ്ദേശിക്കുന്ന കഥകൾ തമാശയെന്നോണം പലപ്പോഴായി അച്ചു സുഗന്ധ് പങ്കുവയ്ക്കാറുണ്ട്.
അച്ചു സുഗന്ധ് അടുത്തിടെ പങ്കുവച്ച ഒരു വീഡിയോ തരംഗമായിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം ഹോളിവുഡ് ലെവൽ കഥ പുറത്തുവിട്ടത്. പരമ്പരയിലെ പ്രധാന കഥാപാത്രമായ അഞ്ജലിയെ അവതരിപ്പിക്കുന്ന ഗോപിക അനിലും അഞ്ജലിയുടെ അച്ഛൻ കഥാപാത്രമായ ശങ്കരനെ അവതരിപ്പിക്കുന്ന യതികുമാറുമാണ് വീഡിയോയിൽ ഉള്ളത്.
ഇവർ ഇരുവരുമാണ് പുതിയ ഓസ്‌കർ ലെവൽ സിനിമയിൽ ഉള്ളതെന്ന് അച്ചു പറഞ്ഞിരുന്നു. ഏതോ ഒരു നാട്ടിലുള്ള ഒരു നീർക്കോലി, അനാക്കോണ്ട സിനിമ കണ്ട് ഇൻസ്പിരേഷനായി നടനാകാൻ നടക്കുകയാണ്. പലരും തളർത്തുന്നുണ്ട് എങ്കിലും ആ നീർക്കോലി നടനാകാൻ തന്നെ തീരുമാനിച്ച് അവസരങ്ങൾ തേടി നടക്കുന്നു. അതുപോലെതന്നെ ഡൈനോസേഴ്സ് സിനിമ കണ്ട് ഇൻസ്പിരേഷനായി നടക്കുന്ന ഒരു ലെജന്ഡ് പല്ലിയുമുണ്ട്.
ജീവിതത്തിന്റെ ഏതോ കോണിൽ വച്ച് ഇരുവരും കണ്ടുമുട്ടുകയാണ്. പരസ്പരം സങ്കടങ്ങളെല്ലാം പറഞ്ഞും കേട്ടും ഇരുവരും വീണ്ടും യാത്രയാകുന്നു. സിനിമയുടെ അവസാനം നീർക്കോലി, അനാക്കോണ്ടയായി അഭിനയിച്ച് തകർക്കുകയാണ്. പക്ഷെ അവിടേയും നീർക്കോലി പല്ലിയെ മറക്കുന്നില്ല. അടുത്ത പടത്തിൽ പല്ലിയാണ് മെയിൻ എന്ന് എന്ന് പറഞ്ഞ് സിനിമ അവസാനിക്കുന്നു.
ഈ കഥയിലെ പ്രധാന കഥാപാത്രമായ നീർക്കോലിയെ അവതരിപ്പിക്കുന്നത് ഗോപിക അനിലും പല്ലിയായി എത്തുന്നത് യതികുമാറുമാണ്. തല്ലാതെ വിട്ടത് ഭാഗ്യം എന്നുപറഞ്ഞ് അച്ചു സുഗന്ധ് പങ്കുവച്ച യൂട്യൂബ് വീഡിയോ തരംഗമായി മാറിയിരുന്നു.