മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി 1991 ൽ പുറത്തിറങ്ങി അനശ്വരം എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ താര സുന്ദരിയാണ് നടി ശ്വേതാ മേനോൻ. ജോമോൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തകർപ്പൻ വിജയത്തിന് ശേഷം കൈനിറയെ സിനിമകളായിരുന്നു താരത്തിന് ലഭിച്ചത്.
മലയാളത്തിന് പിന്നാലെ തമിഴിലും തെലുങ്കിലും ഒക്കെ തിളങ്ങിയ താരം ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. സിനിമയിക്ക് പിന്നാലെ മോഡലിങ്ങിലും തിളങ്ങിയ താരം പരസ്യ ചിത്രങ്ങളിലും സജീവമായിരുന്നു. അതേ സമയം തന്റെ അഭിനയജീവിതത്തിന്റെ 30ാം വാർഷികം ആഘോഷിക്കുകയാണ് ശ്വേതാ മേനോൻ ഇപ്പോൾ.
ഇപ്പോഴിതാ സിനിമ സംവിധാനം ചെയ്യാനുള്ള ആഗ്രഹത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ശ്വേത മേനോൻ. കേരള കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരം മനസ്സു തുറന്നത്. സിനിമ സംവിധാനം ചെയ്യണമെന്നത് വലിയൊരു ആഗ്രഹമാണ്. കുറച്ചുനാളായി ആ ആഗ്രഹം മനസിലുണ്ട്. ഈശ്വരൻ അനുഗ്രഹിച്ചാൽ അതും നടക്കുക തന്നെ ചെയ്യുമെന്ന് ശ്വേത മേനോൻ പറയുന്നു.
താൻ വിശ്വസിക്കുന്ന ശക്തി കൂടെയുണ്ടെങ്കിൽ ചിലപ്പോൾ ഇതൊക്കെ നടന്നേക്കാമെന്നും താരം പറയുന്നു. സിനിമ നിർമ്മാണം, ഒരു മ്യൂസിക് ആൽബം, കുറേ നല്ല സിനിമകളുടെ കഥകൾ കേൾക്കണം, കൂടുതൽ നല്ല സിനിമകൾ ചെയ്യണം ഇതൊക്കെയാണ് എന്റെ മനസിലെന്നും ശ്വേത വ്യക്തമാക്കുന്നു.
താൻ സംവിധാനം ചെയ്യുമ്പോൾ കഥ ആവശ്യപ്പെടുന്ന രംഗങ്ങൾ അഭിനയിപ്പിച്ചു പ്രതിഫലിപ്പിക്കാൻ പറ്റുന്ന നടിയെ ആകും നായികയായി തെരഞ്ഞെടുക്കുന്നതെന്നും ശ്വേത മേനോൻ പറഞ്ഞു. തന്നേക്കാൾ നന്നായി അഭിനയിക്കുന്ന നടിമാർ മലയാള സിനിമയിൽ ഉള്ളപ്പോൾ താൻ തന്നെ നായികയാകണമെന്ന വാശിപിടിക്കേണ്ടതില്ലെന്നും താരം പറഞ്ഞു.
അതേ സമയം 2011 ൽ മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിയ താരമാണ് ശ്വേത മേനോൻ. അനശ്വരത്തിന് പിന്നാലെ പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ, സാൾട്ട് ആന്റ് പെപ്പർ, രതി നിർവേദം, കളിമണ്ണ്, ലാപ്ടോപ്, മധ്യവേനൽ, ടി.ഡി. ദാസൻ സ്റ്റാൻഡേഡ് 4 ബി, ഒഴിമുറി തുടങ്ങിയവയാണ് ശ്വേതാ മേനോന്റെ ശ്രദ്ധേയമായ സിനിമകൾ.