പൊറിഞ്ചു മറിയം ജോസ്: പകയും പ്രണയവും സൗഹൃദവും പറയുന്ന ഉശിരുള്ള ജോഷി മാജിക്: ഫഖ്‌റുദ്ധീൻ പന്താവൂർ എഴുതുന്നു

48

-ഫഖ്‌റുദ്ധീൻ പന്താവൂർ

മലയാളത്തിന്റെ മാസ്റ്റർ ക്രാഫ്മാൻ ജോഷിയുടെ ഉശിരുള്ള സിനിമാനുഭവമാണ് പൊറിഞ്ചു മറിയം ജോസ്. ന്യൂജെൻ സിനിമാക്കാലത്ത് 1985 ലെ കഥപറഞ്ഞ് പുതു പ്രേക്ഷകരെ ആവേശത്തിലാഴ്ത്താൻ ഇന്നും ജോഷിക്ക് കഴിയുന്നു എന്നതാണ് പൊറിഞ്ചുവിന്റെ വിജയം.അതിന്റെ ഉദാഹരണമാണ് എടപ്പാളിലെ രണ്ടു തിയേറ്ററുകളിലും ഒരെ സമയം ഹൗസ് ഫുള്ളായി മൂന്നാം ദിവസവും താരങ്ങളില്ലാത്ത ഈ സിനിമ ഓടിയതും.ഇതിലൊരു താരമെയുള്ളൂ അത് ജോഷി എന്ന സംവിധായകനാണ്. ആ താരം പ്രേക്ഷകനെ ചതിക്കുന്നുമില്ല.

Advertisements

തൃശൂരിലെ ഏറ്റവും ഉശിരുള്ള ആണാണ് കാട്ടാളൻ പൊറിഞ്ചു (ജോജു). അവന്റെ പെണ്ണാണ് മറിയം. (നൈല ഉഷ ) അവന്റെ ചങ്ങാതിയാണ് ജോസ് (ചെമ്പൻ വിനോദ്). പൊറിഞ്ചുവും മറിയവും ജോസും കൂടപ്പിറപ്പുകളോളം പോന്ന ചങ്കുകളാണ്. അടിയായാലും ഇടിയായാലും കുടിയായാലും കട്ടയ്ക്ക് നിക്കുന്ന ചങ്കുകൾ.

സ്‌കൂളിൽവെച്ച് കുടുംബമഹിമ നോക്കി പൊറിഞ്ചുവിനെ അധ്യാപകൻ ശിക്ഷിക്കുകയും പുറത്താക്കുകയും ചെയ്യുമ്പോൾ പ്രതിഷേധിച്ച് ഇറങ്ങിയവനാണ് ജോസ്. ഇവരുടെ കഥയാണ് ഈ സിനിമ. പ്രണയവും പ്രതികാരവും കണ്ണീരും ചേർന്ന കഥ. ഇതുവരെ സാക്ഷാത്ക്കരിക്കാനാകാത്ത ഒരു പ്രണയത്തിന്റെ കഥ. ആരെയും വിറപ്പിക്കുന്ന ചങ്കൂറ്റത്തിന്റെ കഥ. ആരും അലിഞ്ഞു പോകുന്ന കണ്ണീരിന്റെ കഥ.

തൃശൂരിലെ ഒരു ഗ്രാമത്തിൽ 1965 മുതൽ 1985 വരെയുള്ള കാലയളവിൽ അന്നാട്ടിലെ ചങ്കിടിപ്പുകളായ കാട്ടാളൻ പൊറിഞ്ചുവിനെയും പുത്തൻപള്ളി ജോസിനെയും ആലപ്പാട്ട് മറിയത്തെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജോഷി അണിയിച്ചൊരുക്കിയ ഹൃദയഹാരിയും ഉദ്വേഗജനകവുമായ ട്രയാങ്കിൾ ആക്ഷൻ ത്രില്ലറാണ് പൊറിഞ്ചു മറിയം ജോസ്.

2019 ൽ 85 ലെ കഥ പറയുമ്പോൾ തന്നെ ഏറ്റവും ബോൾഡായ സ്ത്രീ കഥാപാത്രത്തെ ആവിഷ്‌കരിക്കാൻ ജോഷിക്ക് കഴിഞ്ഞിട്ടുണ്ട്. ആണു തോൽക്കുന്നിടത്ത് പാതിരാത്രിയിൽ വണ്ടിനിർത്തി ലിവറും കൈയ്യിൽ പിടിച്ച് വില്ലന്മാരെ വെല്ലുവിളിക്കുന്ന ഉശിരുള്ള മറിയത്തിന്റെ പ്രകടനത്തിൽ ആർക്കാണ് കൈയ്യടിക്കാതിരിക്കാനാവുക.

പൊറിഞ്ചുവായി ജോജു ജോർജ്ജ് എത്തുമ്പോൾ നമ്മുടെ നായകസങ്കൽപ്പങ്ങളെ കീഴ്മേൽ മറിക്കുവാനുള്ള പ്രഹരശേഷി ആർജ്ജിച്ച നടനായി അദ്ദേഹം മാറിയിട്ടുണ്ട്. ശരീരഭാഷ ആ കഥാപാത്രത്തിന് പലപ്പോഴും ചേരാത്തത് ഒരു കല്ലുകടിയാകുന്നുണ്ടെങ്കിലും അത് തന്റെ പ്രകടനമികവ് കൊണ്ട് മറികടക്കാനും ഈ നടന് സാധിക്കുന്നുണ്ട്. നല്ലൊരു നടനനെന്ന കഴിവിനെ താരമെന്ന ഭാരം അടിച്ചേൽപ്പിച്ച് നശിക്കാൻ ഈ സിനിമ കാരണമാകരുതെ എന്ന് പ്രാർത്ഥിക്കാം. കാരണം അത്രമാത്രം മാസ്സാണ് പൊറിഞ്ചു.

ചെമ്പൻ വിനോദ് ജോസിന്റെ പുത്തൻപള്ളി ജോസും നൈല ഉഷയുടെ ആലപ്പാട്ട് മറിയവും നമ്മെ വിടാതെ പിന്തുടരും. സുധി കോപ്പയുടെ പ്രകടനം പ്രത്യേകം എടുത്ത് പറയാതെ പോകാനാവില്ല. അത്ര മാത്രം മികവാർന്ന രീതിയിൽ വൈകാരികമായി ആ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ സുധി കോപ്പയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മാല പാർവ്വതിയും റ്റി.ജി. രവിയും വിജയരാഘവനും സലിംകുമാറും നന്ദുവും അനിൽ പി. നെടുമങ്ങാടും സ്വാസികയും രാഹുൽ മാധവും സിനോജ് വർഗ്ഗീസും അടക്കം പൊറിഞ്ചു മറിയം ജോസിന്റെ ആത്മാവിനെ പുൽകിയിട്ടുണ്ട്.

അഭിലാഷ് എൻ.ചന്ദ്രന്റെ തിരക്കഥയാണ് സിനിമയുടെ ആണിക്കല്ല്. അജയ് ഡേവിഡ് കാച്ചപ്പള്ളിയുടെ ക്യാമറ സിനിമയെ കൂടുതൽ വർണ്ണാഭമാക്കി. ജേക്സ് ബിജോയിയുടെ സംഗീതം സിനിമയ്ക്ക് ആസ്വാദ്യകരമായ ഭാവം നൽകുമ്പോൾ ശ്യാം ശശിധരന്റെ ചിത്രസംയോജനം ചടുലവും സുന്ദരവുമായ താളം സമ്മാനിക്കുന്നുണ്ട്.

പുതിയകാലത്തും മാറിയ പ്രേക്ഷക അഭിരുചിയിലും ജോഷി എന്ന മലയാളത്തിലെ ഹിറ്റ് മേക്കർ തലയെടുപ്പോടെ വിജയിക്കുന്നതാണ് പൊറിഞ്ചുവിലൂടെ കാണാൻ കഴിയുക. ‘ജോഷി ചതിച്ചില്ലാശാനേ..’ എന്ന പഴയ സിനിമാ ഡയലോഗ് ഒരിക്കൽകൂടി അഭിമാനത്തോടെ വിളിച്ചു പറയാം.

Advertisement