മലയാളത്തിന്റെ കുടുംബ നായകൻ ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ചിത്രം പട്ടാഭിരാമൻ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. സിനിമാരംഗത്തും മറ്റ് പല മേഖലകളിലുള്ളവരും പട്ടാഭിരാമനെ പ്രശംസിച്ച് രംഗത്ത് വന്നു കഴിഞ്ഞു.
ഇപ്പോഴിതാ വളരെ വ്യത്യസ്തനായ ഒരാളും സിനിമയെ കുറിച്ച് അഭിപ്രായം തുറന്നു പറഞ്ഞിരിക്കുയാണ്. പ്രളയദുരിതകാലത്ത് നന്മ കൊണ്ട് കേരളത്തിന് കൈത്താങ്ങായ നൗഷാദിക്കയാണ് പട്ടാഭിരാമനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.
കുടുംബത്തെയും കുട്ടികളെയും സ്നേഹിക്കുന്ന എല്ലാവരും ഈ സിനിമ കണ്ടിരിക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ചിത്രത്തിൽ ഭക്ഷണത്തെ ദൈവമായി കാണുന്ന ഫുഡ് ഇൻസ്പെക്ടറുടെ വേഷത്തിലാണ് ചിത്രത്തിൽ ജയറാം എത്തുന്നത്.
രമേഷ് പിഷാരടി, സുധീർ കരമന, ധർമ്മജൻ ബോൾഗാട്ടി, സായ്കുമാർ, ജനാർദ്ദനൻ, ദേവൻ, ബിജു പപ്പൻ, വിജയകുമാർ, പ്രേംകുമാർ, തെസ്‌നി ഖാൻ, ബാലാജി, മായാ വിശ്വനാഥ്, പ്രിയാ മേനോൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
അബാം മൂവീസിന്റെ ബാനറിൽ ഏബ്രഹാം മാത്യു നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ദിനേശ് പള്ളത്തിന്റേതാണ്. കൈതപ്രം, മുരുകൻ കാട്ടാക്കട എന്നിവരുടെ വരികൾക്ക് ഈണം പകരുന്നത് എം.ജയചന്ദ്രനാണ്. രവിചന്ദ്രനാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.