താൻ നായകനായി ജീത്തു ജോസഫിന്റെ സംവിധാനത്തിൽ 2013 ൽ പുറത്തിറങ്ങി മലായാളത്തിലെ ഏക്കാലത്തെയും വലിയ പണംവാരിപ്പടങ്ങളിൽ ഒന്നായി മാറിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഉടൻ ഉണ്ടാകുമെന്ന് താരരാജാവ് മോഹൻലാൽ ആണ് ആരാധകരെ അറിയിച്ചത്. ലാലേട്ടന്റെ പിറന്നാൾ ആഘോഷത്തിന് മുന്നോടിയായായിരുന്നു പ്രഖ്യാപനം.
ലോക്ഡൗണിന് ശേഷം ദൃശ്യം 2 സിനിമയുടെ ചിത്രീകരണമാകും നടക്കുകയെന്ന് മോഹൻലാൽ വിവിധ മാധ്യമങ്ങളോട് സംസാരിക്കവെയാണ് വ്യക്തമാക്കിയത്. ദൃശ്യം 2 വളരെ ത്രില്ലിങ് ആകുമെന്നാണ് പ്രതീക്ഷയെന്നും ലാൽ പറഞ്ഞു. തിരക്കഥ മുഴുവൻ വായിച്ചു. ജീത്തു വളരെ രസകരമായിട്ടാണ് അതിനെ ഒരുക്കിവച്ചിരിക്കുന്നത്.
ജോർജ്ജുകുട്ടിയും ധ്യാനവും ദൃശ്യവുമാക്കെ എല്ലാ മലയാളികളുടെയും മനസ്സിൽ ഉള്ളതാണ്. ആ കുടുംബത്തിന് എന്താണ് സംഭവിക്കാൻ പോകുന്നത്, പിടിക്കപ്പെടുമോ, ജോർജ്ജുകുട്ടി വീണ്ടും രക്ഷകനായി വരുമോ എന്നൊക്കെ അറിയാനുള്ള ആഗ്രഹം ജനങ്ങൾക്കുണ്ടാകും.
ലോക്ഡൗൺ കഴിഞ്ഞ് കേരള സർക്കാർ ഷൂട്ടിങ്ങിന് അനുമതി നൽകിയാലുടൻ ചിത്രീകരണം ആരംഭിക്കുമെന്ന് സംവിധായകൻ ജീത്തു ജോസഫ് വ്യക്തമാക്കി. മോഹൻ ലാൽ ജീത്തു ജോസഫ് ടീമിന്റെ ഏറ്റവും പുതിയ ചിത്രമായ റാമിന്റെ ലണ്ടനിലെയും ഉസ്‌ബെക്കിസ്താനിലെയും ഷൂട്ടിങ് കോവിഡ് പശ്ചാത്തലത്തിൽ നീണ്ടുപോകുന്ന സാഹചര്യത്തിലാണ് പുതിയ ചിത്രത്തിലേക്ക് തിരിയുന്നത്.
രണ്ടുമാസം കൊണ്ട് സംസ്ഥാനത്തിനകത്ത് വെച്ച് ചിത്രീകരണം നടത്താൻ പദ്ധതിയിടുന്ന ചിത്രത്തിന് ജീത്തു ജോസഫ് തന്നെയാണ് രചന നിർവഹിക്കുന്നത്. ചിത്രത്തിലെ അഭിനേതാക്കളുടെയും അണിയറപ്രവർതകരുടെയും കാര്യത്തിൽ ഉടൻ പ്രഖ്യാപനമുണ്ടാകും.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. മോഹൻലാലിനെ കൂടാതെ മീന, കലാഭവൻ ഷാജോൺ, ആശാ ശരത്, സിദ്ദിഖ്, അൻസിബ ഹസൻ, റോഷൻ ബഷീർ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ദൃശ്യം മലയാളത്തിലെ ഏറ്റവും മികച്ച ക്രൈം ത്രില്ലർ സിനിമകളുടെ ഗണത്തിലാണ് ഉൾപെടുന്നത്.
50 കോടി ക്ലബിലെത്തിയ ആദ്യ മലയാള ചിത്രമെന്ന ഖ്യാദി ദൃശ്യത്തിന് സ്വന്തമാണ്. മലയാളത്തിലെ വമ്പൻ വിജയത്തിന് ശേഷം ചിത്രം ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നീ ഇന്ത്യൻ ഭാഷകളിലും ചൈനീസ്, സിംഹളീസ് എന്നീ വിദേശ ഭാഷകളിലും റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു. അവിടെയെല്ലാം ആ സിനിമ വമ്പൻ വിജയം ആയിരുന്നു നേടിയെടുത്തത്.