മലയാള സിനിമാ രംഗത്ത് നിരവധി സൂപ്പർഹിറ്റ് സിനിമകൾ രചിച്ചിട്ടുള്ള പ്രശസ്ത തിരക്കഥാകൃത്തും നോവലിസ്റ്റുമായ കലൂർ ഡെന്നീസ് മലയാളികൾക്ക് ഏറെ സുപരിചിതനാണ്. ചില ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. സിനിമയിൽ നിന്നുള്ള തന്റെ ചില അനുഭവങ്ങൾ പങ്കുവെച്ച് അടുത്തിടെ കലൂർ ഡെന്നീസ് രംഗത്ത് എത്തിയിരുന്നു.
മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന് വേണ്ടി അദ്ദേഹം അധികം രചനകൾ നടത്തിയിട്ടില്ല. അതിനേ കുറിച്ചാണ് കലൂർ ഡെന്നീസ് വിശദീകരിച്ചത്. എന്തുകൊണ്ടാണ് സൂപ്പർതാരം മോഹൻലാലുമൊത്ത് ഒരുപാട് സിനിമകൾ ചെയ്യാത്തതെന്ന് പലരും തന്നോട് ചോദിക്കുമായിരുന്നു.
താനും മോഹൻലാലും തമ്മിൽ എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് പലർക്കും സംശയമായിരുന്നു എന്നും കലൂർ ഡെന്നീസ് പറയുന്നു. എന്നാൽ മോഹൻലാലിന് വേണ്ടി താൻ അഞ്ചു ചിത്രങ്ങളേ എഴുതിയിട്ടുള്ളൂ എന്നും എന്നാൽ ആ ചിത്രങ്ങൾ എല്ലാം വിജയമായിരുന്നു എന്നും കലൂർ ഡെന്നീസ് പറയുന്നു.
Also Read
തന്നെ നായകൻ ആക്കി ഫാസിൽ ഇതുവരേയും സിനിമ എടുക്കാത്തതിന്റെ കാരണം ജയറാം പറഞ്ഞത് കേട്ടോ
ഒന്നാണ് നമ്മൾ, ഇവിടെ എല്ലാവർക്കും സുഖം, ജനുവരി ഒരു ഓർമ, ഒപ്പം ഒപ്പത്തിനൊപ്പം, എന്റെ എന്റേതുമാത്രം എന്നീ അഞ്ചു ചിത്രങ്ങളാണ് ഞാൻ മോഹൻലാലിനു വേണ്ടി എഴുതിയിട്ടുള്ളത്. ഒന്നാണ് നമ്മളിൽ കഥ മാത്രമേ എന്റേതായുള്ളൂ. തിരക്കഥ ജോൺപോളിന്റേതാണ്.
ഞാൻ മോഹൻലാലിനുവേണ്ടി ചെയ്ത എല്ലാ ചിത്രങ്ങളും വിജയമായിരുന്നു. അതിൽ ഏറ്റവും കൂടുതൽ പ്രദർശന വിജയം നേടിയത് ജനുവരി ഒരു ഓർമ എന്ന സിനിമയാണ്. പലരും എന്നോട് ചോദിക്കാറുണ്ട് ഞാനും മോഹൻലാലുമായി എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന്.
അങ്ങനെയൊന്നും ഇല്ലെന്ന് പറഞ്ഞിട്ടും വിശ്വസിക്കാത്ത നിർമ്മാതാക്കളുണ്ട്. ഞാൻ ജോഷി മമ്മൂട്ടി ടീമിന്റെ സ്ഥിരം എഴുത്തുകാരനായത് കൊണ്ടാണ് മോഹൻലാലിന്റെ സിനിമകൾ കൂടുതൽ എഴുതാൻ കഴിയാതിരുന്നത് എന്നും കലൂർ ഡെന്നീസ് വ്യക്തമാക്കുന്നു.
അതേ സമയം മമ്മൂട്ടിക്ക് വേണ്ടി കൂടുതൽ എഴുതിയതും മോഹൻലാലിന് ഒപ്പമുള്ള സിനിമകൾ കുറഞ്ഞതും യാദൃശ്ചികം ആണെന്നും കലൂർ ഡെന്നീസ് പറഞ്ഞു. മോഹൻലാൽ മികച്ച ഒരു നടനാണെന്നും ഒപ്പം ഒപ്പത്തിനൊപ്പം എന്ന സിനിമ ഇറങ്ങിയപ്പോൾ എല്ലാവരും പറഞ്ഞിരുന്നത് മോഹൻലാലിന്റെ കഥാപാത്രത്തെ കുറിച്ച് ആയിരുന്നുവെന്നും കലൂർ ഡെന്നീസ് പറയുന്നു.