ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് നിറഞ്ഞു നിന്ന് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് വിജയൻ കാരന്തൂർ. മായാവി എന്ന ചിത്രത്തിലെ ചായക്കടക്കാരനായും മറ്റ് ചെറിയ വേഷങ്ങളിലൂടെയും നിറഞ്ഞു നിന്ന താരം ഇപ്പോൾ കരൾ രോഗത്തോട് പൊരുതുകയാണ്. കഴിഞ്ഞ അഞ്ച് വർഷമായി രോഗത്തിനോട് പടപൊരുതുന്ന തനിക്ക് മൂന്നു മാസമായി രോഗം മൂർധദ്ധന്യാവസ്ഥയിലാണെന്ന് താരം പറയുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് നടൻ തന്റെ ദയനീയ സ്ഥിതി വെളിപ്പെടുത്തിയത്. കരൾ മാറ്റിവയ്ക്കുക മാത്രമാണ് ഏക പോംവഴിയെന്നും ദാതാവിനെ കണ്ടെത്താൻ സഹായിക്കണമെന്നും സാമ്പത്തിക സ്ഥിതി അവതാളത്തിലാണെന്നും താരം ആരാധകരോടായി അഭ്യർത്ഥിച്ചു. പ്രിയപ്പെട്ടവരേ , കഴിഞ്ഞ അഞ്ചു വർഷമായി ഞാൻ ഗുരുതരമായ കരൾ രോഗത്താൽ ബുദ്ധിമുട്ടനുഭവിച്ചു വരികയാണ്.
ചികിത്സക്കായി നല്ലൊരുതുക ചെലവിടേണ്ടിയും വന്നു. കഴിഞ്ഞ മൂന്നു മാസമായി രോഗം മൂർദ്ധന്യാവസ്ഥയിലാണ്. ലിവർ ട്രാൻസ് പ്ലാന്റേഷൻ മാത്രമാണ് ഏക പോംവഴി. ഒരു കരൾ ദാതാവിനെ കണ്ടെത്തുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിൽ . തട്ടി എന്റെ ശുഭാപ്തിവിശ്വാസം തകർന്നടിയുന്നു. ആയതിനാൽ ഇത് സ്വന്തം കാര്യമായെടുത്തു കൊണ്ടു ഒരു ദാതാവിനെ കണ്ടെത്താൻ എന്നെ സഹായിക്കുകയും ചെയ്തു.
എന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരികയും ചെയ്യണമെന്ന് നിറകണ്ണുകളോടെ ഞാനപേക്ഷിക്കുന്നുവെന്ന് വിജയൻ കാരന്തൂർ കുറിച്ചു. കുറിപ്പ് ഇതിനോടകം വൈറലായി കഴിഞ്ഞു. സുഹൃത്തുക്കളും നാട്ടുകാരുമടക്കം സഹപ്രവർത്തകർ ഉൾപ്പെടെ നിരവധി പേരാണ് നടന്റെ കുറിപ്പ് ഏറ്റെടുത്തത്. ദാതാവിനായുള്ള അന്വേഷണവും ആരംഭിച്ചു കഴിഞ്ഞു.
1973ൽ പുറത്തിറങ്ങിയ മരം എന്ന ചിത്രത്തിലൂടെയാണ് നടൻ സിനിമാ ലോകത്തേയ്ക്ക് എത്തിയത്. വേഷം, ചന്ദ്രോത്സവം, വാസ്തവം, നസ്രാണി, പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, പരുന്ത്, സാൾട്ട് ആൻ്ഡ് പെപ്പർ തുടങ്ങിയവയാണ് നടന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ. നാടക ലോകത്തിൽ നിന്നാണ് വിജയൻ കാരന്തൂർ സിനിമയിലേയ്ക്ക് എത്തിയത്. പ്രമുഖരായ പല നടന്മാർക്കൊപ്പം വിജയൻ കാരന്തൂർ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.