നിരവധി സൂപ്പർഹിറ്റുകൾക്ക് പുറകേ താരരാജാവ് മോഹൻലാൽ അടക്കം മൂന്ന് മികച്ച നായകൻമാരെ മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് ഫാസിൽ. മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ തുടങ്ങിയ താരങ്ങളെയാണ് ഫാസിൽ സിനിമയിൽ അവതരിപ്പിച്ചത്.
അതേ പോലെ മലയാളത്തിലെ ഏക്കാലത്തെയും മികച്ച റൊമാന്റിക്ക് ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവ്. കുഞ്ചാക്കോ ബോബന്റെയും ശാലിനിയുടെയും അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. അതുവരെയുള്ള പല റെക്കോർഡുകളും തകർത്ത് മലയാളത്തിലെ മികച്ച പ്രണയചിത്രങ്ങളിലൊന്നായാണ് അനിയത്തിപ്രാവ് ആരാധകരുടെ മനസ് കീഴടക്കിയത്.
സിനിമയുടെ വൻ വിജയത്തിന് ശേഷം ചാക്കോച്ചൻ ശാലിനി ജോഡികൾ തരംഗമായി. അതേസമയം അനിയത്തിപ്രാവ് എന്ന സിനിമ ഇപ്പോൾ റിലീസ് ചെയ്തിരുന്നെങ്കിൽ അതൊരു പരാജയമായിരിക്കുമെന്ന് തുറന്നുപറയുകയാണ് ഫാസിൽ.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്. അനിയത്തിപ്രാവ് ഇപ്പോൾ പുറത്തിറക്കിയിരുന്നെങ്കിൽ പരാജയപ്പെട്ടേനെയെന്നാണ് അദ്ദേഹം പറയുന്നത്. നാണം എന്ന ഘടകത്തിന് വംശനാശം വന്ന സമയത്തിന് മുൻപാണ് ചിത്രം റിലീസ് ചെയ്തത്. കുഞ്ചാക്കോ ബോബന്റെയും ശാലിനിയുടെയും സിനിമാജീവിതത്തിലെ ഏറ്റവും മികച്ച ഒരു ഏടായിരുന്നു അനിയത്തിപ്രാവ്.
സിനിമയിൽ ശാലിനി അവതരിപ്പിച്ച കഥാപാത്രം അൽപം നാണം പ്രകടിപ്പിക്കുന്ന രീതിയിലായിരുന്നു. സിംഹവാലൻ കുരങ്ങന് വംശനാശം സംഭവിച്ചത് പോലെ പ്രണയത്തിൽ ലജ്ജ എന്ന ഘടകത്തിനും ഇപ്പോൾ വംശനാശം സംഭവിച്ചിട്ടുണ്ട്. ഞാൻ സിനിമയിൽ വന്ന സമയത്ത് എന്റെ വയസ്സിനു താഴെയുള്ളവരും ആയിട്ടായിരുന്നു അടുപ്പമുണ്ടായിരുന്നത്.
സിനിമയുടെ കഥ രൂപപ്പെടുമ്പോൾ എന്റെ ഇളയ മകനോടായിരിക്കും ഞാൻ കൂടുതൽ ചർച്ച ചെയ്തിട്ടുണ്ടാകുക. ചെറുപ്പക്കാരുമായുള്ള ആശയവിനിമയം നല്ലതാണെന്നും ഫാസിൽ പറയുകയുണ്ടായി. ആദ്യ സിനിമയിലൂടെ തന്നെ ബോക്സോഫീസ് റെക്കോർഡ് സൃഷ്ടിച്ചായിരുന്നു കുഞ്ചാക്കോ ബോബന്റെ അരങ്ങേറ്റം. ചിത്രത്തിന് ശേഷം ചോക്ലേറ്റ് പരിവേഷത്തിലുള്ള കഥാപാത്രങ്ങളെയായിരുന്നു താരത്തെ കൂടുതലും തേടിയെത്തിയത്.