മലയാള സിനിമയിൽ ജനറേഷൻ ഗ്യാപ്പില്ലാതെ ഹിറ്റുകൾ ഒരുക്കുന്ന സംവിധായകനാണ് ജോഷി. ആക്ഷൻ ത്രില്ലറുകൾ ആണ് അദ്ദേഹം പ്രധാനമായിട്ടും ആരാധകർക്ക് സമ്മാനിക്കാറുള്ളത്. അതിൽ നിന്ന് മാറി വല്ലപ്പോഴുമേ ജോഷി സിനിമ സംവിധാനം ചെയ്യാറുള്ളൂ.
അത്തരത്തിലൊന്നായിരുന്നു മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ജോഷി ഒരുക്കിയ കുട്ടേട്ടൻ. ജോഷിയിൽ നിന്ന് അക്കാലത്ത് ഒരിക്കലും പ്രതീക്ഷിക്കാൻ കഴിയാത്ത സിനിമയായിരുന്നു കുട്ടേട്ടൻ. മലയാളത്തിന്റെ ക്ലാസിക് എഴുത്തുകാരൻ ലോഹിതദാസ് ആയിരുന്നു കുട്ടേട്ടന്റെ തിരക്കഥാകൃത്ത് എന്നതും ആ സിനിമയുടെ ജോണറിന്റെ കൌതുകം വർദ്ധിപ്പിച്ചു.
വളരെ ഇന്റെൻസ് ആയ സിനിമകളായിരുന്നു ലോഹി എഴുതാറുണ്ടായിരുന്നത്. ആ സമയത്ത് കുട്ടേട്ടൻ പോലെ ഒരു കോമഡിച്ചിത്രം ജോഷി ലോഹിതദാസ് മമ്മൂട്ടി ടീമിൽ നിന്ന് ആരും പ്രതീക്ഷിച്ചില്ല. അതിനു മുമ്പ് ഇതേ ടീമിൽ നിന്ന് മഹായാനം എന്ന ആക്ഷൻ ഡ്രാമയായിരുന്നു മലയാളത്തിന് ലഭിച്ചത്.
വഴിമാറിയൊരു സിനിമയാകാം എന്നത് ലോഹിതദാസിന്റെ ആശയമായിരുന്നു കുട്ടേട്ടന് കാരണമായത്. പെൺകുട്ടികൾക്ക് മുന്നിൽ കാമുക ഭാവവുമായി പതിവായി പ്രത്യക്ഷപ്പെടുന്ന ഒരു സുഹൃത്ത് ലോഹിതദാസിന് ഉണ്ടായിരുന്നു.
പെൺകുട്ടികളെ വശത്താക്കാനും അവരെക്കൊണ്ട് കറങ്ങിനടക്കാനും പ്രത്യേക വിരുതുണ്ടായിരുന്നു അയാൾക്ക്. ആ സുഹൃത്തിന്റെ സ്വഭാവ സവിശേഷതകളെക്കുറിച്ച് ജോഷിയോടും മമ്മൂട്ടിയോടും ലോഹി പറയുകയായിരുന്നു. അയാളിൽ നിന്ന് ഒരു കഥയുണ്ടാക്കാമെന്ന് ലോഹി പറഞ്ഞപ്പോൾ ജോഷിക്കും മമ്മൂട്ടിക്കും സമ്മതം.
മനോഹരമായ സിനിമയായിരുന്നു കുട്ടേട്ടൻ. വിഷ്ണു എന്ന നായക കഥാപാത്രത്തെ മമ്മൂട്ടി ഗംഭീരമായി അവതരിപ്പിച്ചു. പടം ഹിറ്റായിരുന്നു എങ്കിലും പ്രതീക്ഷിച്ച വിജയം നേടാനായില്ല. അതിന് കാരണം, പ്രേക്ഷകർ പ്രതീക്ഷിച്ചതല്ല തിയേറ്ററിൽ നിന്ന് കിട്ടിയത് എന്നതായിരുന്നു.
ജോഷി മമ്മൂട്ടി ലോഹിതദാസ് ടീമിൽ നിന്ന് ഒരു ആക്ഷൻ ഇമോഷണൻ ഡ്രാമ പ്രതീക്ഷിച്ച് തിയേറ്ററിൽ എത്തിയവർ കുട്ടേട്ടൻ എന്ന റൊമാന്റിക് കോമഡി കണ്ടപ്പോൾ ഷോക്കായി. എങ്കിലും നിർമ്മാണ കമ്പനിയായ തോംസൺ ഫിലിംസിന് ലാഭം നേടിക്കൊടുത്ത ചിത്രമായിരുന്നു കുട്ടേട്ടൻ. മമ്മൂട്ടിയുടെ ഒരു മികച്ച എന്റർടെയ്‌നറായി കുട്ടേട്ടൻ ഇന്നും പ്രേക്ഷകരുടെ മനസിൽ നിലനിൽക്കുന്നു.