മലയാളത്തിന്റെ സൂപ്പർഹിറ്റ് സംവിധായകൻ ലാൽജോസ് സംവിധാനം ചെയ്ത ബ്ലോക്ബസ്റ്റർ ചിത്രം ക്ലാസ്മേറ്റ്സിലെ റസിയയായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രാധിക. ഒരു കാലത്ത് മലയാളത്തിൽ തരംഗമായിരുന്ന ആൽബങ്ങളിലൂടെയെത്തി ആരാധകരുടെ ഇഷ്ടതാരമായി റസിയ മാറിയിരുന്നു. നിരവധി സംഗീത ആൽബങ്ങൽ അഭിനയിച്ച് ശ്രദ്ധേയായ നടിയാണ് രാധിക.
മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി സിദ്ധിഖ്ലാൽ ഒരുക്കിയ സുപ്പർഹിറ്റ് ചിത്രം വിയറ്റ്നാം കോളനിയിൽ ബാലതാരമായി തുടക്കം കുറിച്ച താരമാണ് രാധിക. തുടർന്ന് ഇരുപത്തഞ്ചിലധികം സിനിമകളിൽ നടി അഭിനയിച്ചു. നായികയായും സഹനടിയായും ചെറിയ റോളുകളിലുമൊക്കെ രാധിക മോളിവുഡിൽ എത്തിയിരുന്നു. പിന്നീട് മലയാളത്തിൽ നായികയായും സഹനടിയായും സജീവമായിരുന്ന താരത്തിന്റെ കരിയറിൽ തന്നെ വലിയ വഴിത്തിരിവായിരുന്നു ക്ലാസ്മേറ്റ്സ്.
ലാൽജോസ് സംവിധാനം ചെയ്ത ഈ ക്യാമ്പസ് ചിത്രത്തിൽ പ്രാധാന്യമുളള റോളിൽ തന്നെയായിരുന്നു രാധിക അഭിനയിച്ചത്. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ക്ലാസ്മേറ്റ്സിലെ റസിയ എന്ന കഥാപാത്രത്തിലൂടെയാണ് നടി ഇന്നും അറിയപ്പെടുന്നത്. സുകുവിനും താരയ്ക്കും മുരളിയ്ക്കുമൊപ്പം ഒരേ ക്ലാസിൽ പഠിച്ച റസിയ. സിനിമ ഇറങ്ങിയിട്ട് പതിനാല് വർഷം കഴിഞ്ഞെങ്കിലും ആ കഥാപാത്രം തനിക്ക് നേടി തന്ന പേര് മാറില്ലെന്നാണ് രാധികയിപ്പോൾ പറയുന്നത്.
Also Read
പഞ്ചാബി ഹൗസിന്റെ രണ്ടാം ഭാഗം: സംവിധായകൻ റാഫിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ
ഇപ്പോഴും രാധിക എന്ന പേരിനെക്കാളും ആളുകൾ വിളിക്കുന്നത് റസിയ എന്നാണ്. വിവാഹം കഴിഞ്ഞതോട് കൂടി അഭിനയ ജീവിതത്തിൽ നിന്നും മാറി നിൽക്കുകയാണ് നടി. ഇനിയെപ്പോഴാണ് തിരിച്ച് വരവെന്ന് ചോദിച്ചാൽ താൻ എപ്പോഴും തയ്യാറാണെന്നാണ് നാനയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ രാധിക വ്യക്തമാക്കുന്നത്. നല്ല വേഷം കിട്ടിയാൽ എപ്പോൾ വേണമെങ്കിലും അഭിനയിക്കാൻ ഒരുക്കമാണെന്നും നടി പറയുന്നു.
ലോംഗ് ഗ്യാപ്പുകളാണ് എന്റെ കരിയറിൽ ഉണ്ടായിട്ടുള്ളത്. ക്ലാസ്മേറ്റ്സ് കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമാണ് ഞാൻ അടുത്ത പടം ചെയ്യുന്നത്. ഞാനത് മനപൂർവ്വം ഉണ്ടാക്കിയതല്ല. ഈ പറയുന്ന ഒരു വർഷത്തിൽ ഒരുപാട് സിമിലാരിറ്റിയുള്ള റോൾസിന് വേണ്ടി എന്നെ വിളിച്ചിട്ടുണ്ട്. അതൊക്കെ ഞാൻ ഒഴിവാക്കിയതാണെന്ന് പറയാം. പക്ഷെ എന്റെ കരിയറിൽ ഉണ്ടായിട്ടുള്ള ഗ്യാപ്പുകൾ ഞാനൊരിക്കലും മനപൂർവ്വം ഉണ്ടാക്കിയിട്ടുള്ളതല്ല.
സംഭവിച്ച് പോയതാണ്. അത് എന്ത് കൊണ്ടാണെന്ന് എനിക്ക് അറിയില്ല. കല്യാണം കഴിഞ്ഞ് ഞാൻ ദുബായിലാണുള്ളത്. ഈ പറയുന്ന ന്യൂജനറേഷന്റെ കാലഘട്ടത്തിൽ എന്നെയധികം ആൾക്കാർ ഓർക്കാൻ ചാൻസില്ല. ഓർത്താൽ തന്നെ ദുബായിൽ നിന്ന് നാട്ടിൽ വരാനുള്ള ബുദ്ധിമുട്ടുകൾ എല്ലാവരും ചിന്തിക്കുന്നുണ്ടാകും. അങ്ങനെത്തെ ഒരുപാട് കാര്യങ്ങൾ ഉള്ളത് കൊണ്ടാവും അത്തരം ഗ്യാപ്പ് വരുന്നതെന്നാണ് രാധിക പറയുന്നത്.
പിന്നെ എല്ലാവരോടും പോയി ചാൻസ് ചോദിക്കുന്ന ടൈപ്പ് ആളല്ല താൻ. അപ്പോൾ പിന്നെ ഉറപ്പായിട്ടും ആളുകൾ എന്നെ മനറന്ന് പോയേക്കും. ഇപ്പോഴും ഞാൻ സിനിമ വേണ്ട, അല്ലെങ്കിൽ സിനിമ ചെയ്യില്ല എന്നൊന്നും ആരോടും പറഞ്ഞിട്ടില്ല. ഇപ്പോഴും നല്ല ക്യാരക്ടേഴ്സ് വരികയാണെങ്കിൽ ചെയ്യാൻ പറ്റുന്നതാണെങ്കിൽ ഞാൻ ഉറപ്പായും അത് കമ്മിറ്റ് ചെയ്യും. അതിലൊരു സംശയവുമില്ല.
എന്റെ പേര് രാധിക എന്നാണ്. പക്ഷേ ഇപ്പോഴും ആളുകൾ എന്നെ റസിയ എന്ന് തന്നെയാണ് വിളിക്കുന്നത്. ഇവിടെ എവിടെ പോയാലും മലയാളികൾ തിരിച്ചറിയുകയാണെങ്കിൽ റസിയ അല്ലേ എന്നാണ് ചോദിക്കുന്നത്. രാധിക എന്ന പേര് അറിയുന്നവർ കുറച്ച് പേരെ ഉണ്ടാവുകയുള്ളു.
ഈ കൺഫ്യൂഷൻ ഒഴിവാക്കാൻ വേണ്ടി ഞാൻ ഇൻസ്റ്റാഗ്രാമിൽ രാധിക റസിയ എന്ന പേരാക്കിയതാണ്. ഉറപ്പായിട്ടും റസിയ എന്ന പേര് എനിക്കിഷ്ടമാണ്. പക്ഷേ റസിയ ആയി ജീവിക്കാൻ തീരെ താൽപര്യമില്ലെന്നും രാധിക പറയുന്നു.