വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് നടൻ മണിയൻപിള്ള രാജു. മലയാള സിനിമയ്ക്ക് നിരവധി താരങ്ങളെ സമ്മാനിച്ച സംവിധായകനാണ് ബാലചന്ദ്രമേനോൻ. അദ്ദേഹത്തിന്റെ മികച്ച കണ്ടെത്തലുകളിൽ ഒന്നായിരുന്നു സുധീർ കുമാർ എന്ന മണിയൻപിള്ള രാജു.
1975ൽ പുറത്തിറങ്ങിയ ശ്രീകുമാരൻ തമ്പിയുടെ മോഹിനിയാട്ടം എന്ന ചിത്രത്തിലൂടെയാണ് നടൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. എന്നാൽ 1981 ൽ പുറത്ത് ഇറങ്ങിയ ബാലചന്ദ്രമേനോന്റെ മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന ചിത്രത്തിൽ കൂടിയാണ് നടൻ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിൽ നായകനായിട്ടാണ് താരം എത്തിയത്.
തലമുറ വ്യത്യാസമില്ലാതെ മലയാളി പ്രേക്ഷകർ ഒരുപോലെ നെഞ്ചിലേറ്റുന്ന താരമാണ് നടൻ എന്നതിൽ ഉപരി നിർമ്മാതാവ് കൂടിയാ അദ്ദേഹം ഇപ്പോൾ. അതേ സമയം മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന സിനിമയിൽ അഭിനയിച്ചതോടെയാണ് നടന്റെ സുധീർ കുമാർ എന്ന പേര് മാറിയത്.
ഇപ്പോഴിതാ പേര് മാറ്റത്തിന് പിന്നിലെ കഥ വെളിപ്പെടുത്തുകയാണ് താരം. കാൻ ചാനൽ മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യ വെളിപ്പെടുത്തിയത്. കൂടാതെ ആദ്യകാലത്ത് നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ചും വിമർശനങ്ങളെ കുറിച്ചുമൊക്കെ താരം വെളിപ്പെടുത്തുന്നുണ്ട്. ആദ്യമായി സെറ്റിൽവെച്ച് കരഞ്ഞ സംഭവവും നടൻ അഭിമുഖത്തിൽ പറയുന്നുണ്ട്.
സുധീർ കുമാറിൽ നിന്ന് മണിയൻ പിള്ള രാജുവിലേയ്ക്കുള്ള മാറ്റത്തെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിനായിരുന്നു പേരുമാറ്റത്തെ കുറിച്ചും തുടക്കകാലത്തിൽ നേരിടേണ്ടി വന്ന വെല്ലിവിളികളെ കുറിച്ചും താരം പറഞ്ഞത്. സുധീർ കുമാർ എന്ന് ഇപ്പോൾ ആരും വിളിക്കാറില്ലെന്നും അങ്ങനെ ആരെങ്കിലും വിളിച്ചാൽ തിരിഞ്ഞു നോക്കാറുണ്ടെന്നും താരം പറയുന്നു.
തനിക്ക് പേര് മാറ്റേണ്ടി വന്നില്ലെന്നും മണിയൻപിള്ള അഥവ മണിയ പിളളയിൽ അഭിനയിച്ചതോടെ ഓട്ടോമാറ്റിക് ആയി പേര് മാറുകയായിരുന്നു എന്നും താരം പറയുന്നു. വീട്ടിൽ വിളിക്കുന്നത് രാജു എന്നാണ്. അതിനോടൊപ്പം മണിയൻ പിള്ള ചേർന്ന് വരുകയായിരുന്നു. ഇപ്പോൾ സുധീർ കുമാർ എന്ന പേരുള്ളത് പാസ്‌പോർട്ടിലും ബാങ്ക് അക്കൗണ്ടിലും ആധാർകാർഡിലും ഒക്കെയാണെന്നും നടൻ പറയുന്നു.
പേര് മാറ്റവുമായി ബന്ധപ്പെട്ട് സംസരിക്കുമ്പോൾ ആദ്യമായി സെറ്റിൽവെച്ച് കരഞ്ഞ ഒരു സംഭവത്തെ കുറിച്ചും നടൻ പറയുന്നുണ്ട്. തന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ ചിത്രമായിരുന്നു. രാജു റഹീം. എ. ബി രാജ് സാർ ആയിരുന്നു സിനിമ സംവിധാനം ചെയ്തത്. പ്രേം നസീർ, കെപി ഉമ്മർ, ബഹദൂർ എന്നിവരായിരുന്നു താരങ്ങൾ. ചിത്രത്തിന്റെ ഷൂട്ടിങിനിടെ ഒരു സംഭവം നടന്നിരുന്നു. ചെല്ലപ്പനും കുട്ടപ്പനും എന്ന കോമിഡി കഥാപാത്രങ്ങളായിരുന്നു ചിത്രത്തിൽ അവതരിപ്പിച്ചത്.
ആ സിനിമയിൽ അഭിനയിച്ചതിന് 250 രൂപ പ്രതിഫലം കിട്ടിയിരുന്നു. മൂന്ന് ഘട്ടമായിട്ടായിരുന്നു പൈസ കിട്ടുന്നത്. അന്ന് ഡയറക്ട് റെക്കോഡിങ്ങാണ്. ഡബ്ബിങ് വളരെ കുറവാണ്. ഈ സംഭവം അധികം ആരോടും പറഞ്ഞിട്ടില്ല എന്ന് പറഞ്ഞ് കൊണ്ടാണ് ആ സംഭവം തുറന്ന് പറയുന്നത്. ഞാനും ബഹദൂർ ഇക്കയും ഒരു പോലത്തെ നിറത്തിലുളള ബനിയൻ ധരിച്ച് നടന്ന് പോവുകയാണ്. ആ സമയത്ത് ഒരു പട്ടി മാലയുമായി ഓടി വരും. അത് പട്ടിയുടെ വായിൽ നിന്നും എടുത്ത് നിക്ക് ഇത് എവിടുന്ന് കിട്ടി എന്ന് ചോദിക്കുന്നതാണ് സീൻ.
സംവിധായകൻ ആക്ഷൻ പറഞ്ഞു. ഞങ്ങൾ രണ്ടു പേരും നടന്നു. എന്നാൽ ആ സമയത്ത് പട്ടി വന്നില്ല. എന്നാൽ പിന്നീട് പട്ടി വന്നു. ഞാൻ മാല എടുത്തപ്പോൾ സംവിധായകൻ കട്ട് പറഞ്ഞു. ഉടൻ തന്നെ ബഹദൂർക്ക് എന്റെയടുത്ത് ബാസ്റ്റഡ്.. ആ പട്ടിക്കുള്ള കോമൺസെൻസ് തനിക്കില്ലെ. ഇതിനകത്ത് ഫിലിം അല്ലേ ഓടുന്നത് എന്ന് പറഞ്ഞു. പെട്ടെന്ന് തന്നെ സംവിധായകൻ തന്നെ പിന്തുണച്ച് സംസാരിച്ചു.
തന്നെ ആദ്യമായിട്ടാണ് അങ്ങനെ ഒരാൾ വിളിക്കുന്നത്. അത് വളരെ അധികം സങ്കടപ്പെടുത്തിയിരുന്നു. ഞാൻ സെറ്റിൽ മാറി നിന്ന് കരഞ്ഞു. ഞാൻ കരയുന്നത് കണ്ടപ്പോൾ ബഹദൂർക്ക അടുത്തു വന്ന് സമാധാനപ്പെടുത്തി. വളരെ പെട്ടെന്ന് ദേഷ്യം വരുമെങ്കിലും വളരെ നല്ല മനുഷ്യനാണ്. ഏതോ ഒരു നിമിഷത്തിൽ അങ്ങനെ പറഞ്ഞു പോയതാണ്.
പുള്ളി എന്റെ അടുത്ത് വന്ന് തോളിൽ തട്ടി ഇങ്ങനെ കരയുകയൊന്നും ചെയ്യരുത്, നല്ല ഭാവിയുള്ളതാണ് എന്നും പറഞ്ഞു. അതിന് ശേഷമാണ് സുധീർ കുമാർ എന്ന പേരിൽ രക്ഷപ്പെടില്ല എന്ന് അദ്ദേഹം പറയുന്നത്. നോക്കാം എന്നായിരുന്നു എന്റെ മറുപടി. സെറ്റിൽ ആദ്യമായി കരഞ്ഞ സംഭവം ആയിരുന്നു ഇതെന്നും നടൻ പറയുന്നു.