അത് വേണോയെന്ന് ഞാൻ ചോദിച്ചതാണ്: ഐവി ശശിക്കും മമ്മൂട്ടിക്കും ഒപ്പം ചേർന്ന് ചെയ്ത ആ പാരജയ ചിത്രത്തെ കുറിച്ച് രഞ്ജിത്

201

രചയിതാവായി മലയാള സിനിമയിലെത്തി പിന്നീട് സൂപ്പർ സംവിധായനായും നിർമ്മാതാവായും മാറി ഇപ്പോൾ കിടിലൻ നടനുമായി മാറിയ കലാകാരനാണ് രഞ്ചിത്ത്. മലയാളത്തിലെ താരരാജാക്കൻമാരേയും യുവതാരങ്ങളേയും വെച്ച് ഒരേ പോലെ വമ്പൻ ഹിറ്റുകൾ ഒരുക്കുന്നതിൽ മുൻപന്തിയിലാണ് രഞ്ജിത്.

രഞ്ജിത്തിന്റെ രചനയിലാണ് മോഹൻലാലിന്റെയും മമ്മൂട്ടിയുടേയും പലശക്തമായ കഥാപാത്രങ്ങളും പിറവി എടുത്തിരിക്കുന്നത്. പൃഥ്വിരാജിനും ദിലീപിനും ഒക്കെ വ്യത്യസ്ത കഥാ പാത്രങ്ങളെ അദ്ദേഹം നൽകിയിരുന്നു. അഭിനയ രംഗത്തേക്കും കാലുകുത്തിയ അദ്ദേഹം അടുത്തിടെ കോശിയും അയ്യപ്പനും എന്ന സിനിയൽ മാസ്മരിക അഭിനയമായിരുന്നു കാഴ്ച വെച്ചത്.

Advertisements

ഇപ്പോഴിതാ ഒരഭിമുഖത്തിൽ മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകരിലൊരാളും തനിക്ക് ഗുരുസസ്ഥാനത്തുമായിരുന്ന അന്തരിച്ച സംവിധായകൻ ഐവി ശശിയെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് രഞ്ജിത്. ഇന്ത്യൻ എക്‌സ്പ്രസ് മലയാളത്തിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു രഞ്ജിത് ഐവി ശശിയേക്കുറിച്ച് പറഞ്ഞത്.

രഞ്ജിത്തിന്റെ വാക്കുകൾ ഇങ്ങനെ:

എന്നോട് ആദ്യം നേരിൽ കണ്ടപ്പോൾ ശശിയേട്ടൻ ആവശ്യപ്പെട്ടത് എനിക്കൊരു സ്‌ക്രിപ്റ്റ് വേണം എന്നാണ്. കുറച്ചു ദിവസം ഞാൻ കണ്ണൂരുണ്ട്. ഒരു കഥയുമായി അങ്ങോട്ട് ഇറങ്ങൂ എന്ന ക്ഷണമായിരുന്നു അത്. ആ സംസാരമാണ് പിന്നീട് നീലഗിരി എന്ന സിനിമയിൽ എത്തിച്ചത്. ഞാൻ പുള്ളിയ്ക്ക് വേണ്ടി ആദ്യമെഴുതിയത് മറ്റൊരു സിനിമയായിരുന്നു.

ഹൈദരാബാദിന്റെ പശ്ചാത്തലത്തിലുള്ള കഥയായിരുന്നു അത്. മമ്മൂട്ടിയെ ആണ് നായകനായി തീരുമാനിച്ചത്. തിരക്കഥ പൂർത്തിയായ സമയത്താണ്, ഹൈദരാബാദിൽ തൊണ്ണൂറിലെ കലാപമുണ്ടായത്. അവിടെ 144 പ്രഖ്യാപിച്ചു, എല്ലായിടത്തും പ്രശ്‌നങ്ങൾ. ആ അവസ്ഥയിൽ അവിടെ പോയി ഷൂട്ട് ചെയ്യാൻ പറ്റില്ല.

അപ്പോൾ പകരം എന്ന രീതിയിൽ ഉണ്ടായൊരു സിനിമയാണ് നീലഗിരി. ശശിയേട്ടന് പൊതുവെ എല്ലാത്തിലും ഒരു ധൃതിയുണ്ട്. നീലഗിരി എഴുതുമ്പോൾ അത് വേണമോയെന്ന് ഞാൻ ആശങ്ക പ്രകടിപ്പിച്ചതാണ്. പക്ഷേ ഉടനെ വേണം എന്നായിരുന്നു ശശിയേട്ടന്റെ പ്രതികരണം.

ആ സിനിമ അത്ര നല്ലതായിരുന്നില്ല, വ്യക്തിപരമായി എനിക്കത് ഇഷ്ടമായില്ല. അദ്ദേഹത്തിനും ഇഷ്ടമായിരുന്നില്ല എന്നാണ് ഞാൻ മനസിലാക്കുന്നത്. നീലഗിരിയുമായി ബന്ധപ്പെട്ട് എനിക്ക് മറക്കാൻ പറ്റാത്തൊരു അനുഭവമുണ്ട്. ലൊക്കേഷനിൽ ഇരിക്കുമ്പോൾ പെട്ടെന്ന് ശശിയേട്ടൻ വിളിച്ചു, വന്ന് ഈ ഫ്രെയിം ഒന്ന് കാണൂ.

ഞാൻ അമ്പരന്നു പോയി, സംവിധായകൻ തിരക്കഥാകൃത്തിനെ ഫ്രെയിം കാണിച്ചു കൊടുക്കുക എന്നതൊക്കെ വളരെ അപൂർവമായ കാര്യമാണ്. പ്രത്യേകിച്ചും ആദ്ദേഹത്തെപ്പോലെ മുതിർന്നൊരു സംവിധായകൻ, എന്നെ പോലെ ജൂനിയറായ തിരക്കഥാകൃത്തിന്. അങ്ങനെ അദ്ദേഹമെന്നെ ഐപീസിലൂടെ ഒരു ഫ്രെയിം കാണിച്ചു തന്നു.

അന്നദ്ദേഹം എന്നോട് തമാശയായി പറഞ്ഞൊരു കാര്യം ഞാനിപ്പോഴും ഓർക്കുന്നു. ഞാനിതു പോലെ എന്റെ ഫ്രെയിമുകളൊക്കെ പപ്പനെ വിളിച്ചു കാണിക്കുമായിരുന്നു, അത് പിന്നീട് എനിക്ക് പാരയായി. അവനെനിക്ക് സ്‌ക്രിപ്റ്റ് തരാതെയായി, സ്വയം സിനിമകൾ സംവിധാനം ചെയ്തു തുടങ്ങി. ചിരിയോടെയാണ് ശശിയേട്ടനത് പറഞ്ഞതെന്നും രഞ്ജിത് വ്യക്തമാക്കുന്നു

Advertisement