മലയാളികൾക്കും ഏറെ പ്രിയങ്കരിായ ബോളിവുഡ് താരസുന്ദരിയാണ് ബിപാഷ ബസു. നിരവധി സൂപ്പർഹിറ്റ് ബോളിവുഡ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള ബിപാഷ സിനിമാ അഭിനയ രംഗത്ത് എത്തിയിച്ച് 20 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് ഇപ്പോൾ.
അബ്ബാസ് മസ്താൻ സംവിധാനം ചെയ്ത അജ്നഭീ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഇരുണ്ട നിറത്തിന്റെ പേരിൽ ആദ്യകാലത്ത് വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് ബിപാഷ ഇപ്പോൾ. അന്നത്തെക്കാലത്ത് സിനിമയിൽ ഉണ്ടായിരുന്ന വിചിത്രമായ അലിഖിത നിയമങ്ങളെക്കുറിച്ചും ബിപാഷ മനസ്സു തുറക്കുന്നു.
ഞാൻ ഇരുണ്ട നിറമുള്ള ഒരാളാണ്. നിറത്തെ സംബന്ധിക്കുന്ന ധാരാളം ഉപദേശങ്ങളും നിർദ്ദേശങ്ങളും ഞാൻ കേട്ടിട്ടുണ്ട്. സൂര്യപ്രകാശം കൊള്ളുന്നത് എനിക്ക് ഇഷ്ടമായിരുന്നു. എന്നാൽ വെയിലുള്ളപ്പോൾ കുട കൊണ്ടു നടക്കണമെന്ന് പറയും.
ഇരുണ്ട നിറമായതിനാൽ സൂര്യപ്രകാശമേറ്റാൽ കറുക്കുകയോ കരിവാളിക്കുകയോ ചെയ്യുമത്രേയെന്നും താരം പറയുന്നു. അതേ സമയം ബിപാഷ വളരെ ബോൾഡായ വസ്ത്രധാരണത്തിന്റെ പേരിൽ അറിയപ്പെടുന്ന നടി കൂടിയാണ്. ബാക്ക്ലെസ് വസ്ത്രം ധരിച്ച് പൊതുചടങ്ങിൽ എത്തിയതിന് നടിയെ പലരും വിമർശിച്ചിരുന്നു.
ഇത്തരം വേഷങ്ങൾ സിനിമയിൽ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നും നടിമാർ യഥാർഥ ജീവിതത്തിൽ ശരീരഭാഗങ്ങൾ വെളിവാകുന്ന വസ്ത്രം ധരിക്കരുതെന്നുമായിരുന്നു അടുത്ത നിർദ്ദേശം. ‘ഇതിനേക്കാൾ വിലയ ഇരട്ടത്താപ്പുണ്ടോ എന്നും ബിപാഷ ചോദിക്കുന്നു.
അടുത്ത നിർദ്ദേശം കാമുകനെക്കുറിച്ച് സംസാരിക്കരുത് എന്നതാണ്. തന്റെ കാമുകൻ ഒരിക്കൽ സിനിമാ സെറ്റിൽ സന്ദർശനം നടത്തുമെന്ന് പറഞ്ഞപ്പോൾ ചില മുറുമുറുപ്പുകൾ കേട്ടു. നടിമാർ കാമുകൻമാർ ഉണ്ടെന്ന് പറഞ്ഞാൽ സിനിമയെ ബാധിക്കുമെന്ന് ചിലർ പറയുന്നു.
എനിക്ക് കാമുകൻ ഉണ്ടെന്ന് പറയുന്നതിൽ നാണക്കേടൊന്നും തോന്നുന്നില്ല. ഇതൊക്കെ ഒളിച്ചു വയ്ക്കേണ്ട കാര്യമാണോ എന്നും ബിപാഷ ചോദിക്കുന്നു.