കാരിരുമ്പിന്റെ കുരുത്തുള്ള നായക വേഷങ്ങൾ അവതരിപ്പിച്ച മലയാളത്തിന്റെ ശക്തനായ സൂപ്പർതാരമായിരുന്നു നടൻ ജയൻ. ജയന്റെ അപ്രതീക്ഷിത വിയോഗമാണാ മറ്റ് സൂപ്പർതാരങ്ങൾ വേഗത്തിൽ വളരാൻ കാരണമായതെന്ന് പല ചലച്ചിത്ര നിരീക്ഷകരും പലപ്പോഴും അഭിപ്രായപെട്ടിട്ടുണ്ട്.
അത്ര കണ്ട് മലയാളത്തിന്റെ പ്രിയ താരമായിരുന്നു ജയൻ. ഇപ്പോഴും അദ്ദേഹത്തിന് ആരാധകർ ഏറെയാണ് ജയൻ തിളങ്ങി നിന്ന കാലത്ത് മലയാള സിനിമയിലെ പ്രിയ താരജോഡികൾ ആയിരുന്നു സീമയും ജയനും. ഇപ്പോൾ ജയനെ കുറിച്ച് സീമ പറഞ്ഞ വാക്കുകൾ വൈറൽ ആവുകയാണ്.
നാൽപത് വർഷങ്ങൾക്കിപ്പുറവും ജയേട്ടനെ ഓർക്കാത്ത ഒരുദിവസംപോലും ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്നും സിനിമയിൽ മറ്റാരേക്കാളും അടുപ്പമുണ്ടായിരുന്നത് നടൻ ജയനോടായിരുന്നെന്നും പറയുകയാണ് സീമ.ആ ദുരന്തത്തെക്കുറിച്ചോർക്കുമ്പോൾ ഇന്നും വല്ലാത്തൊരു ഞെട്ടലാണെന്ന് ജയന് സംഭവിച്ച അപകടത്തെക്കുറിച്ച് സീമ പറയുന്നു.
അർച്ചന ടീച്ചറിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് സുകുമാരി ചേച്ചിക്ക് മദ്രാസിൽ നിന്നും ഫോൺ വരുന്നത്, ഫോണെടുത്ത് ചേച്ചി ഒരലർച്ചയോടെ ഓടിവന്ന്’സീമേ ജയൻ പോയി എന്ന് പറഞ്ഞു. നാൽപത് വർഷങ്ങൾക്കിപ്പുറവും ജയേട്ടനെ ഓർക്കാത്ത ഒരുദിവസം പോലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.
ആരായിരുന്നു എനിക്ക് ജയേട്ടൻ? സിനിമയിൽ എനിക്ക് മറ്റാരേക്കാളും അടുപ്പമുണ്ടായിരുന്നത് ജയേട്ടനോടായിരുന്നു. കൂടപ്പിറപ്പുകളില്ലാത്ത എനിക്ക് മൂത്ത ജ്യേഷ്ഠനായിരുന്നു അദ്ദേഹം. പൂർണതക്കുവേണ്ടി എത്ര റിസ്ക്കെടുക്കാനും ജയേട്ടൻ തയാറായിരുന്നു. അങ്ങാടിയിലും കരിമ്പനയിലും മീനിലുമെല്ലാം അഭിനയിക്കുമ്പോൾ ഡ്യൂപ്പ് ആർട്ടിസ്റ്റുകൾ ജീവൻ പണയപ്പെടുത്തി അഭിനയിച്ചതിന്റെ ക്രെഡിറ്റ് തനിക്ക് വേണ്ടെന്ന ഉറച്ച നിലപാട് ജയേട്ടൻ പറഞ്ഞിരുന്നു.
ഈ മനോഭാവം തന്നെയാണ് അദ്ദേഹത്തെ അന്ത്യത്തിൽ കൊണ്ടുചെന്നെത്തിച്ചതും.മദ്രാസിൽനിന്ന് ജയേട്ടന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് കൊണ്ടുവന്നപ്പോൾ ശശിയേട്ടൻ പറഞ്ഞു:’ആ മുഖം നീ കാണണ്ട’. സദാ ഊർജസ്വലനായ ജയേട്ടനെ ചലനമറ്റു കിടക്കുന്ന അവസ്ഥയിൽ എനിക്ക് കാണാനാകുമായിരുന്നില്ല.
എല്ലാം കഴിഞ്ഞ് നാൽപത് വർഷങ്ങൾ പിന്നിട്ടിട്ടും മറ്റൊരു നടനും കിട്ടാത്ത ആദരവാണ് ജയേട്ടന് കിട്ടിക്കൊണ്ടിരിക്കുന്നതെന്നും സീമ പറഞ്ഞു.