365 ദിവസം തുടർച്ചയായി തീയ്യറ്ററുകളിൽ പ്രദർശിപ്പിച്ച മലയാള സിനിമയായിരുന്നു ഹിറ്റ് സംവിധാന കൂട്ടുകെട്ടായ സിദ്ധിഖ് ലാൽ ജോഡി ഒരുക്കിയ ഗോഡ്ഫാദർ. 1991 ൽ പുറത്തിറങ്ങിയ ഗോഡ് ഫാദർ മലയാളികളെ ഏറെ പൊട്ടിച്ചിരിപ്പിച്ച ജനപ്രിയമായ ചിത്രങ്ങളിൽ ഒന്നാണ്.
നാടകാചാര്യൻ എൻഎൻ പിള്ള, തിലകൻ, ഇന്നസെന്റ്, മുകേഷ്, ഭീമൻ രഘു തുടങ്ങിയ താരങ്ങൾ അഭിനയിച്ച ചിത്രത്തിന്റെ കാസ്റ്റിംഗും ഏറെ വ്യത്യസ്തമായിരുന്നു. അന്ന് വില്ലൻ വേഷങ്ങളിലൂടെ മാത്രം അറിയപ്പെട്ടിരുന്ന ഭീമൻ രഘു ഇവരുടെ ഗ്രൂപ്പിൽ എങ്ങനെ കയറിപ്പറ്റി എന്ന് അന്ന് പലരും ചിന്തിച്ചിരുന്നു.
ഭീമൻ രഘു ഗോഡ്ഫാദറിൽ എത്തിയതിന്റെ പിന്നിലെ ആ കഥ ഇങ്ങനെ:
ഗോഡ് ഫാദർ എന്ന ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായി കഴിഞ്ഞ് അത് ചിത്രീകരിക്കുന്നതിന് മുൻപ് വരെ ഗോഡ് ഫാദർ എന്ന സിനിമയുടെ ലിസ്റ്റിൽ ഭീമൻ രഘു എന്ന നടൻ ഇല്ലായിരുന്നു. ആ റോളിലേക്ക് പരിഗണിച്ചിരുന്നത് നടൻ നെടുമുടി വേണുവിനെ ആയിരുന്നു.
ആ സമയം നെടുമുടി വേണുവിന് മറ്റു സിനിമകളുമായി ബന്ധപ്പെട്ട് തിരക്കായതിനാൽ ഗോഡ് ഫാദറിന് വേണ്ടി ഡേറ്റ് നൽകാൻ കഴിഞ്ഞില്ല. പിന്നീട് ശ്രീനിവാസനെ കൊണ്ട് ആ റോൾ ചെയ്യിപ്പിക്കാം എന്ന തീരുമാനത്തിലെത്തി.
പക്ഷേ പലകാരണങ്ങളാൽ അതും നടക്കാതെ പോയി. അപ്പോഴാണ് മലയാളത്തിൽ വില്ലൻ വേഷം ചെയ്യുന്ന ഒരാളെ ഇങ്ങനെയൊരു വേഷത്തിലേക്ക് പരിഗണിച്ചാലോ എന്ന ചിന്ത സിദ്ധിഖ് ലാലിന്റെ മനസ്സിൽ വരുന്നത്. അങ്ങനെ ഭീമൻ രഘുവിനെ ആ റോളിലേക്ക് സിദ്ധിഖ് ലാൽ ടീം തെരഞ്ഞെടുക്കുകയായിരുന്നു.
നാടക നടനായ ഭീമൻ രഘുവിന്റെ അച്ഛനും സിദ്ധിഖ് -ലാൽ ടീമിന്റെ ഈ സൂപ്പർ ഹിറ്റ് ചിത്രത്തിൽ ഒരു വേഷം ചെയ്തിരുന്നു. കോളേജ് പ്രിൻസിപ്പലിന്റെ റോളിലെത്തിയ അദ്ദേഹത്തിന്റെ ഒരു ഡയലോഗും അതിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതേ സമയം സിദ്ദിഖ് ലാലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന് ഗംഭീര സ്വീകരണമായിരുന്നു തിയ്യറ്ററുകളിൽ ലഭിച്ചത്. എൻഎൻ പിള്ള, തിലകൻ, കനക, മുകേഷ്, ജഗദീഷ്, ഫിലോമിന, സിദ്ദിഖ് തുടങ്ങി വൻതാരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. തിരുവനന്തപുരം ശ്രീകുമാർ തിയേറ്ററിൽ 417 ദിവസമായിരുന്നു സിനിമ പ്രദർശിപ്പിച്ചത്.
നാടകവേദിയിൽ നിന്നും എൻഎൻ പിള്ള സിനിമയിലേക്കെത്തിയത് ഈ ചിത്രത്തിലൂടെ ആയിരുന്നു. അഞ്ഞൂറാനും ആനപ്പാറ അച്ചാമ്മയും തമ്മിലുള്ള ബദ്ധശത്രുതയും അതിനിടയിലെ രസകരമായ സംഭവങ്ങളുമൊക്കെയായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.
എസ് ബാലകൃഷ്ണൻ സംഗീതം നിർവ്വഹിച്ച ഗോഡ് ഫാദറിലെ ഗാനങ്ങളുംഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനയിച്ച താരങ്ങൾക്കെല്ലാം കരിയർ ബ്രേക്കായി മാറുകയായിരുന്നു ഈ ചിത്രം. ചിത്രത്തിലെ ഹാസ്യ രംഗങ്ങൾ ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നുണ്ട്.