താരരാജാവ് മോഹൻലാലിനെ നായകനാക്കി താൻ ഒരുക്കിയ ഒടിയൻ വിജയിച്ചതിൽ നന്ദി പറഞ്ഞ് പളനിയിൽ കാവടിയെടുത്ത് സംവിധായകൻ വിഎ ശ്രീകുമാർ മേനോൻ. അദ്ദേഹം തന്നെയാണ് കാവടിയേന്തി പളനിയിൽ നിൽക്കുന്ന ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.
മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് ആശിർവാദ് സിനിമാസ് ആണ്. കഴിഞ്ഞ ദിവസം കൊച്ചിയിൽ ചിത്രത്തിന്റെ വിജയാഘോഷവും സംഘടിപ്പിച്ചിരുന്നു. ഒടിയൻ, ലൂസിഫർ,ഇട്ടിമാണി എന്നീ മോഹൻലാൽ ചിത്രങ്ങളുടെ വിജയം ആഘോഷിക്കുന്നതിനായിട്ടാണ് ‘ആശീർവാദത്തോടെ ലാലേട്ടൻ’ എന്ന ചടങ്ങ് സംഘടിപ്പിച്ചത്. ഇതേ വേദിയിൽ തന്നെ മോഹൻലാൽ ചിത്രങ്ങളായ മരയ്ക്കാർ, എംപുരാൻ, ബറോസ് എന്നീചിത്രങ്ങളുടെ വിശേഷങ്ങളും പുറത്തുവിട്ടിരുന്നു.
തന്റെ അഭിനയ ജീവിതത്തിൽ എടുത്തുപറയാവുന്ന ചിത്രമായിരുന്നു ഒടിയൻ. ഒരുപാട് കാര്യങ്ങൾ ആ സിനിമയെച്ചൊല്ലി ഉണ്ടായെങ്കിലും അതിനെയൊക്കെ മാറ്റിവച്ചുകൊണ്ട് മലയാളികൾ സിനിമയെ സ്വീകരിച്ചു എന്നത് വലിയ കാര്യമാണെന്നും മോഹൻലാൽ അഭിപ്രായപ്പെട്ടു. ഒടിയനിൽ അഭിനയിച്ചതിലൂടെ തന്റെ ജീവിതത്തിന്റെ വീക്ഷണം മാറിയെന്നും അഭിനേതാവ് എന്ന നിലയിലും ഒടിയൻ തന്നെ സ്വാധീനിച്ചെന്നും അതിന് സംവിധായകൻ ശ്രീകുമാറിനോട് നന്ദിയുണ്ടെന്നും മോഹൻലാൽ പറഞ്ഞു.