ഒരുകാലത്ത് മലയാള സിനിമയിലെ ആക്ഷൻ കിംഗ് ആയ സൂപ്പർ താരമായിരുന്നു സുരേഷ് ഗോപി. ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തിയ സുരേഷ് ഗോപി പിന്നീട് ശക്തമായ വില്ലൻ വേഷങ്ങൾ അവതരിപ്പിച്ച് കൈയ്യടി നേടി.
അതിന് ശേഷം നായകനിരയിലേക്കെത്തിയ സുരേഷ് ഗോപി വളരെ വേഗം സൂപ്പർതാരമായി മാറിയിരുന്നു. എന്നാൽ സിനിമയിൽ തിളങ്ങി നിൽക്കുനോൾ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ അദ്ദേഹത്തിന്റെ താരമൂല്യത്തിന് ഇടിവ് സംഭവിച്ചിരുന്നു.
ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശക്തമായ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് സുരേഷ് ഗോപി. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ഒരുക്കിയ വരനെ ആവശ്യമുണ്ട് ആയിരുന്നു സുരേഷ് ഗോപിയുടെ തിരിച്ചുവരവ് ചിത്രം. ശോഭനയായിരുന്നു ഈ സിനിമയിലെ താരത്തിന്റെ നായിക. ഇരുവരും വർഷങ്ങൾക്ക് ശേഷം ഒരുമിച്ചെത്തിയെന്നതും ഈ ചിത്രത്തിന്റെ പ്രത്യേകത ആയിരുന്നു.
വരനെ ആവശ്യമുണ്ട് ഒരു ഫീൽ ഗുഡ് ചിത്രമായിരുന്നുവെങ്കിൽ സുരേഷ് ഗോപിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത് മാസ് ചിത്രങ്ങളാണ്. ജോഷിയുടെ പാപ്പനും നിഥിൻ രൺജി പണിക്കരുടെ കാവലും. തന്റെ താര പദവി തിരിച്ചു പിടിച്ച സുരേഷ് ഗോപിയെ കാത്ത് അണിയറയിൽ ഇരിക്കുന്നതം വമ്പൻ ചിത്രങ്ങളാണ്.
അതേ സമയം ഇപ്പോഴിതാ സുരേഷ് ഗോപിയുടെ നൊമ്പരപ്പെടുത്തുന്ന ഓണം ഓർമ്മ സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും ചർച്ചയായി മാറിയിരിക്കുകയാണ് ഇപ്പോൾ. തന്റെ മകളുടെ ആദ്യത്തെ ഓണത്തിന് എത്താൻ സാധിക്കാത്തതിനെ കുറിച്ചാണ് സുരേഷ് ഗോപി മനസ് തുറന്നിരിക്കുന്നത്.
ഇന്ത്യ ടുഡെ മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് സുരേഷ് ഗോപിയുടെ തുറന്നു പറച്ചിൽ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:
1991ലാണ് അത് കോഴിക്കോടായിരുന്നു ലൊക്കേഷൻ. ഞാനാണ് ചിത്രത്തിലെ നായകൻ. ആ ഓണത്തിന് സെറ്റിൽ നിന്ന് എന്നെ അവർ വീട്ടിലേയ്ക്ക് അയച്ചില്ല. തമ്പി കണ്ണന്താനം ആണ് സംവിധായകൻ. എന്റെ ഗുരുവാണ് അദ്ദേഹം. കടലോരക്കാറ്റ് എന്ന സിനിമ. അന്നു പകൽ എടുക്കേണ്ട ഫൈറ്റ് സീൻ മഴ പെയ്താൽ നടക്കില്ല.
അങ്ങനെ വന്നാൽ എന്റെ ഫൈറ്റ് എടുക്കും, ഇന്റീരിയറായിരിക്കും. അതിനായി എന്നെ സ്റ്റാൻഡ് ബൈ ആയി നിർത്തുകയായിരുന്നു. ഞാൻ അവരോടു പറഞ്ഞു, അന്ന് എനിക്ക് ഒരു മോൾ ജനിച്ച വർഷമാണ്. അവളുടെ ആദ്യത്തെ ഓണമാണ്. അവളുടെ ചോറൂണും കഴിഞ്ഞിരുന്നു. അവൾക്ക് ഓണത്തിന് ഒരു ഉരുള ചോറ് എനിക്കു കൊടുക്കേണ്ടേ? ഒരുവറ്റെങ്കിലും കൊടുക്കേണ്ടേ? ഓണത്തിന് പോകാതിരുന്നാൽ അതു കൊടുക്കാൻ കഴിയില്ലല്ലോ.
ശരി, ഷൂട്ടിംഗിനു വേണ്ടി എന്നെ വിടുന്നില്ല. എങ്കിൽ ഞാൻ പോകുന്നില്ല. അത് എനിക്കു മനസ്സിലാകും. പക്ഷേ, ഓണത്തിനു വിടുന്നുമില്ല, മഴയില്ലാത്തതുകൊണ്ട്. എന്റെ ഷൂട്ടിംഗുമില്ല എന്നു പറയരുത് എന്നു ഞാൻ അവരോട് പറഞ്ഞു. അതു തെറ്റാണെന്ന് പറഞ്ഞപ്പോൾ ഡയറക്ടർ എടുക്കാൻ പററിയാൽ എടുക്കും ഇല്ലെങ്കിൽ മറ്റ് ആക്ടറിനെ വച്ച് എടുക്കുമെന്നായിരുന്നു മറുപടി.
അന്ന് തനിക്ക് അതിനപ്പുറം പറയാനാവുമായിരുന്നില്ല. മിണ്ടാതിരുന്നു, എങ്കിലും ഉള്ളു തേങ്ങി. ഞാൻ വീട്ടിൽ വിളിച്ചു, ഓണത്തിന് വരില്ലെന്നും അറിയിച്ചു. സദ്യ നിങ്ങൾ കഴിച്ചുകൊള്ളൂ എന്നും പറഞ്ഞു. പിന്നാലെ താനാകെ വിഷമവും ദേഷ്യവും കലർന്ന അവസ്ഥയിലേക്ക് എത്തിയെന്നും സുരേഷ് ഗോപി പറഞ്ഞു.
മറ്റൊരു സിനിമയുടെ ചിത്രീകരണത്തിനായി എത്തിയ, അടുത്ത റൂമിൽ താമസിച്ചിരുന്ന സിദ്ധീഖ് ലാലിലെ സിദ്ധീഖിന്റെ മുറിയിലേക്ക് ചെന്നതും ദേഷ്യപ്പെടുകയും പിന്നീട് പൊട്ടിക്കരഞ്ഞതുമെല്ലാം അദ്ദേഹം ഓർക്കുന്നുണ്ട്. എന്നാൽ അന്നു പാതിരാ കഴിഞ്ഞ് മൂന്നു മണിക്ക് മഴ തുടങ്ങി. ആ കനത്ത മഴ മൂന്നു ദിവസം പെയ്തു വെന്നും സുരേഷ് ഗോപി പറയുന്നു.
തിരുവോണം ഉൾപ്പെടെ മൂന്നു ദിവസം ഇടിവെട്ടി മഴ പെയ്തു. തിരുവോണം എനിക്കു നിഷേധിച്ച സംവിധായകന് എന്നെ വെച്ചു തന്നെ ഇന്റീരിയർ ഷൂട്ടു ചെയ്യേണ്ടി വന്നുവെന്നും സദ്യ കഴിക്കാൻ പോകാഞ്ഞതിന്റെ നിരാശയും അങ്ങനെ തീർന്നുവെന്നുമാണ് സുരേഷ് ഗോപി പറയുന്നത്.
എന്നാൽ താൻ ആ ഓണം ഓർത്തിരിക്കാനുള്ള യഥാർത്ഥ കാരണം മറ്റൊന്നാണെന്നാണ് താരം പറയുന്നത്.
ഓർത്തിരിക്കുന്നത് ഇതുകൊണ്ടല്ല, തൊട്ടടുത്ത ഓണം ഉണ്ണാൻ അവൾ, എന്റെ ലക്ഷ്മി ഉണ്ടായില്ല. അതാണ് എന്റെ വേദന.
എനിക്ക് എന്റെ കുഞ്ഞിനൊരു ഓണ ഉരുള കൊടുക്കാൻ കഴിഞ്ഞിട്ടില്ല. അതിനു മുമ്പവൾ പോയി. നിഷേധമല്ലേ അന്നുണ്ടായത്. അവൾക്കുള്ള ഉരുള എനിക്കവർ നിഷേധിച്ചതാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർക്കുന്നു.