ഇത്തവണത്തെ ഓണം സീസണിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടേതായി ഒരു സിനിമയും റിലീസ് ചെയ്യുന്നില്ലെന്ന റിപ്പോർട്ട് ആരാധകർക്ക് നിരാശ നൽകിയിരുന്നു. എന്നാൽ പുതിയ വിവരം അനുസരിച്ച് ഓണത്തിന് മെഗാസ്റ്റാറിന്റെ സിനിമ വരുന്നുണ്ട് എന്നതാണ്, അതും മൂന്ന് സ്റ്റൈലൻ ഗെറ്റപ്പുകളുള്ള കിടിലൻ കഥാപാത്രവുമായി.
രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രം ഗാനഗന്ധർവ്വൻ ഓണത്തിന് തന്നെ പ്രദർശനത്തിന് എത്തും. ചില പ്രത്യേക കാരണങ്ങളാൽ ഗാനഗന്ധർവ്വന്റെ റിലീസ് ഒക്ടോബറിലേക്ക് മാറ്റാൻ ആദ്യം ആലോചിച്ചിരുന്നു.
എന്നാൽ മമ്മൂട്ടിക്ക് ഓണച്ചിത്രം ഉണ്ടാകണമെന്ന ആരാധകസമൂഹത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ് ഗാനഗന്ധർവ്വൻ ഓണത്തിന് തന്നെയെത്തിക്കാൻ രമേഷ് പിഷാരടി തീരുമാനിക്കുകയായിരുന്നു. ഒരു തകർപ്പൻ ഫൺ എന്റർടെയ്നറായിരിക്കും ഗാനഗന്ധർവ്വൻ. ചിത്രത്തിൽ മമ്മൂട്ടിക്ക് മൂന്ന് ലുക്കുകൾ ഉണ്ടായിരിക്കും. മുകേഷ്, മനോജ് കെ ജയൻ, ധർമ്മജൻ, റാഫി, അശോകൻ, ജോണി ആൻറണി, ഇന്നസെൻറ്, മണിയൻപിള്ള രാജു, ഹരീഷ് കണാരൻ, അബു സലിം, സുരേഷ് കൃഷ്ണ, സലിംകുമാർ എന്നിങ്ങനെ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.
വന്ദിത, അതുല്യ എന്നിവരാണ് നായികമാർ. ഗാനമേളട്രൂപ്പിലെ ഗായകനായ കലാസദൻ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. അഴകപ്പൻ ആണ് ക്യാമറ. ദീപക് ദേവ് ആണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.