മലയാളികളുടെ സൂപ്പർതാരവും ബിജെപി നേതാവുമായ സുരേഷ് ഗോപിയും മലയാളത്തിന്റെ താരരാജാവ് മോഹൻലാലും നായകൻമാരായി എത്തിയ ജനകൻ എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് നടി പ്രിയ ലാൽ. ചെറുതും വലുതുമായ വേഷങ്ങളിലൂടെ ഇപ്പോൾ തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങുന്ന താരം കൂടിയാണ് പ്രിയ ലാൽ.
മോഹൻലാൽ, സുരേഷ് ഗോപി, ദിനേശ് പണിക്കർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സജി പറവൂർ സംവിധാനം ചെയ്ത 2010ൽ പ്രദർശനത്തിന് എത്തിയ ചിത്രം ആയിരുന്നു ജനകൻ. ബിജു മേനോൻ, ഹരിശ്രീ അശോകൻ, ജ്യോതിർമയി, ഗണേഷ് കുമാർ, കാവേരി, വിജയരാഘവൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
ഇവരോടൊപ്പം തിളങ്ങി നിന്ന കഥാപാത്രമായിരുന്നു പ്രിയ ലാൽ. ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിച്ച വിശ്വനാഥൻ എന്ന കഥാപാത്രത്തിന്റെ മകൾ സീതയായിട്ടാണ് പ്രിയ ലാൽ സിനിമയിൽ എത്തുന്നത്. മലയാളിയാണെങ്കിലും ബ്രിട്ടീഷ് പൗരത്വമുള്ളൊരു അഭിനയത്രിയാണ് പ്രിയ ലാൽ. ജനകനിലൂടെ ആണ് പ്രിയ മലയാള സിനിമ രംഗത്തേക്ക് എത്തുന്നത്.
ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമ കൂടിയായിരുന്നു ജനകൻ. ചിത്രത്തിലെ ഒളിച്ചിരുന്നേ ഒന്നിച്ചൊളിച്ചിരുന്നേ മുറ്റത്തെത്തും തെറ്റിപ്പൂവിൽ ഒളിച്ചിരുന്നേ എന്ന ചിത്രത്തിലെ ഗാനം ഇന്നും മലയാളികൾ ഏറെ ആസ്വദിക്കുന്ന പാട്ടുകളിൽ ഒന്നാണ്. പത്തനംതിട്ട സ്വദേശികളായ ലാലാജിയുടെയും ബീനയുടെയും മകളാണ് പ്രിയ ലാലാജി എന്ന പ്രിയ ലാൽ.
യുഎഇയിലെ റാസൽഖൈമയിൽ ആണ് പ്രിയ ജനിച്ചത്. പ്രിയയുടെ ചെറുപ്പത്തിൽ തന്നെ കുടുംബം ഇംഗ്ലണ്ടിലേയ്ക്ക് താമസം മാറ്റിയിരുന്നു. ഇംഗ്ലണ്ടിലെ ലിവർപൂളിലാണ് പ്രിയ ലാൽ വളർന്നതും പഠിച്ചതും. ലിവർ പൂൾ ആർട്സ് കോളേജിൽ നിന്നുമാണ് താരം മീഡിയ ആൻഡ് പ്രൊഡക്ഷനിൽ പൂർത്തിയാക്കിയത്.
ചെറുപ്പത്തിൽ തന്നെ കലാരംഗത്ത് സജീവമായിരുന്നു താരം. പ്രിയയുടെ വലിയൊരു സ്വപ്‌നം ആയിരുന്നു സിനിമ. മോഹൻലാലും സുരേഷ് ഗോപിയും പ്രധാന വേഷത്തിലെത്തിയ ജനകനിലൂടെ തന്റെ സിനിമ എന്ന സ്വപ്നം നേടിയെടുക്കുകയും ചെയ്തു. ജനകനിലെ സീത എന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അതെ വർഷം തന്നെ എം എം രാമചന്ദ്രൻ സംവിധാനം ചെയ്ത് ഹോളിഡേയ്‌സ് എന്ന ചിത്രത്തിലും പ്രിയ അഭിനയിച്ചു.
ഹോളിഡേയ്‌സ് എന്ന ചിത്രത്തിന് ശേഷം കില്ലാഡി രാമൻ എന്ന സിനിമയിലും നടി അഭിനയിച്ചു. എന്നാൽ ഈ രണ്ടു ചിത്രങ്ങളും അത്ര ശ്രദ്ധിക്കപ്പെട്ടില്ല. ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി എന്ന ചിത്രത്തിലൂടെ വർഷങ്ങൾക്കു ശേഷം ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് പ്രിയ ലാൽ തിരിച്ചെത്തി. മീൻകണ്ണി എന്ന ഒരു ആദിവാസി കഥാപാത്രമായാണ് പ്രിയ എത്തിയത്.
ജീനിയസ് എന്ന സിനിമയിലൂടെ തമിഴിലും ഗുവ ഗോരിങ്ക എന്ന സിനിമയിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിച്ചു.
വിജയ സേതുപതി നായകനായി എത്തിയ അനബെൽ സേതുപതി എന്ന ചിത്രത്തിൽ നായികയായ തപ്സി പനുവിന് ശബ്ദം പകർന്നതും പ്രിയ ലാൽ ആയിരുന്നു. കെടി കുഞ്ഞുമോൻ നിർമ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘ജെന്റെൽമാൻ 2’ ആണ് പ്രിയ ലാലിന്റെ അടുത്ത സിനിമ.
യുകെ മലയാളികളിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തിത്വമായി 2011 ൽ പ്രിയ ലാൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2012ൽ ബ്രിട്ടീഷ് മലയാളി പേഴ്‌സൺ ഓഫ് ദി ഇയർ ആയതും പ്രിയലാൽ ആയിരുന്നു. അഭിനയ മേഖലയിൽ മാത്രമല്ല മറ്റു മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് പ്രിയ ലാൽ.
നല്ലൊരു പാട്ടുകാരി കൂടിയാണ് താരം. 2013ൽ നടന്ന ഇന്ത്യ ഇംഗ്ലണ്ട് ക്രിക്കറ്റ് മാച്ചിൽ അനൗൺസറാർ ആയതും പ്രിയ ലാൽ ആയിരുന്നു. അത് കഴിഞ്ഞു കേരള ക്രിക്കറ്റ് അസോസിയേഷൻ പബ്ലിക് അന്നൗൺസറായും പ്രിയയെ എടുത്തിരുന്നു. 2019ൽ ചാമ്പ്യൻസ് ബോട്ട്ലീഗിന്റെ അവതാരകയായും 2019 20 ഐ എസ് എൽ ഫുട്ബോൾ ലീഗിന്റെ അവതാരകയായും പ്രിയ ലാൽ പങ്കെടുത്തു. മികച്ച രീതിയിലുള്ള ഇംഗ്ലീഷ് ഉച്ചാരണമാണ് പ്രിയയെ ശ്രദ്ധേയയാക്കിയത്.