സത്യൻ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന മലയാള സിനിമയിലൂടെ കരിയർ ആരംഭിച്ച് പിന്നീട് തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ താരമായി മാറിയ നടിയാണ് നയൻതാര. തിരുവല്ലക്കാരി ഡയാന എന്ന പെൺകുട്ടിയാണ് പിന്നീട് തെന്നിന്ത്യൻ സിനിമ കീഴടക്കിയ നയൻതാരയായി മാറിയത്.
കൈരളി ടിവിയിലെ ഒരു ഫോൺ ഇൻ പ്രോഗ്രാം അവതരിപ്പിച്ച് കൊണ്ടായിരുന്നു നയൻ താര ആദ്യം ക്യാമറയ്ക്ക് മുന്നിൽ എത്തിയത്. ഇപ്പോൾ തെന്നിന്ത്യയിലെ സീനിയർ ജൂനിയർ വ്യത്യാസമില്ലാതെ എല്ലാ സൂപ്പർതാരങ്ങൾക്കും ഒപ്പം അഭിനയിച്ച താരം ബോളിവുഡിലും അരങ്ങേറിയിരിക്കുകയാണ്.
സാക്ഷാൽ കിങ്ഖാൻ ബോളിവുഡിന്റെ ബാദ്ഷാ ഷാരൂഖ് ഖാന്റെ നായികയായിട്ടാണ് നയൻസിന്റെ ബി ടൗൺ അരങ്ങേറ്റം.
അതേ സമയം ഇപ്പോഴിതാ നയൻതാരയെ കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് താരത്തിന്റെ ആദ്യ ചിത്രത്തിന്റെ സംവിധായകൻ സത്യൻ അന്തിക്കാട്. നയൻതാര, അസിൻ, സംയുക്ത വർമ തുടങ്ങിയ നടിമാരെ കൊണ്ട് വന്നത് സത്യൻ അന്തിക്കാടായിരുന്നു.
അവർ എല്ലാം താരങ്ങളായി മാറിയത് അവരുടെ കഴിവുകൊണ്ടാണെന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്. ഇന്ത്യഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ് തുറന്നത്.
നയൻതാര ചെയ്ത ഒരു പരസ്യത്തിന്റെ ഫോട്ടോ ആണ് ഞാൻ ആദ്യം കണ്ടത്. ഒരു മാഗസിൻ കവറിൽ. അത് കണ്ടപ്പോൾ ആത്മവിശ്വാസമുള്ള ഒരു കുട്ടി എന്ന ഫീൽ എനിക്ക് തോന്നി. അങ്ങനെ ആ മാസികയുടെ എഡിറ്ററെ വിളിച്ച് ആ കുട്ടി ആരാണ് എന്ന് അന്വേഷിച്ചു. അങ്ങനെയാണ് തിരുവല്ലയിലുള്ള ഡയാന എന്ന കുട്ടിയാണ് എന്ന് അറിയുന്നത്.
ഡയാനയെ വിളിച്ചു, കാണാൻ പറ്റുമോ എന്ന് ചോദിച്ചു. അച്ഛനും അമ്മയ്ക്കും ഒപ്പം ആ കുട്ടി വന്നു. എന്നാൽ ആ വരവ് കണ്ടാൽ അറിയാം, സിനിമയിൽ അഭിനയിക്കണം എന്ന മോഹം പിടിച്ച് വരുന്ന കുട്ടി ഒന്നുമല്ല, പക്ഷെ അഭിനയിക്കാൻ ഇഷ്ടമാണ് എന്നായിരുന്നു. അന്ന് ലുക്ക് ടെസ്റ്റ് എല്ലാം നടത്തി നയൻതാര തിരിച്ച് പോയി
എന്നാൽ അവരെ വിളിച്ച്, നിങ്ങളെ നായികയായി ഫിക്‌സ് ചെയ്തു എന്ന് പറഞ്ഞപ്പോൾ ഇല്ല സർ അഭിനയിക്കാൻ എനിക്ക് താത്പര്യമില്ല എന്നായിരുന്നു നയൻതാരയുടെ മറുപടി. ബന്ധുക്കൾക്കൊന്നും സിനിമയിൽ അഭിനയിക്കുന്നതിനോട് യോജിപ്പ് ഇല്ലത്രെ. അപ്പോൾ ഞാൻ ചോദിച്ചു, ഡയാനയ്ക്കും അച്ഛനും അമ്മയ്ക്കും താത്പര്യ കുറവുണ്ടോ, ഇല്ല എന്ന് പറഞ്ഞു.
എന്നാൽ ഇങ്ങോട്ട് പോരു എന്ന് പറഞ്ഞു. അങ്ങനെയാണ് മനസ്സിനക്കരെ എന്ന ചിത്രത്തിൽ നയൻതാര എത്തുന്നത്. പിന്നെ നടന്നത് ചരിത്രമാണ്. മലയാളത്തിന് പിന്നാലെ തമിഴിലേക്ക് ചേക്കറിയ നയൻതാര ഇന്ന് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരമാണ്.
അതേ സമയം നയൻതാരയുടെ പേര് മാറ്റിയതിനെക്കുറിച്ചും സത്യൻ അന്തിക്കാട് സംസാരിക്കുന്നുണ്ട്. ഡയാന എന്ന പേര് മാറ്റണമെന്ന് പറഞ്ഞു കൊണ്ട് കുറച്ച് പേരുകൾ എഴുതി കൊടുത്ത് വിട്ടിരുന്നുവെന്നും അതിൽ നിന്നും അവർ തിരഞ്ഞെടുത്ത പേരാണ് നയൻതാര എന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്. അത് വളരെ നല്ലൊരു തിരഞ്ഞെടുപ്പ് ആയിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
അതേസമയം ഞാൻ ഒരിക്കലും പറയില്ല, ഞാൻ അവസരം കൊടുത്തത് കൊണ്ടാണ് നയൻതാര സിനിമയിൽ വന്നത് എന്ന്. ഞാനല്ല, മറ്റാരെങ്കിലും അവസരം കൊടുത്തിരുന്നു എങ്കിലും അവർ സിനിമയിൽ എത്തുമായിരുന്നു. അതിനുള്ള ടാലന്റ് അവരുടെ ഉള്ളിലുണ്ട് എന്നും സത്യൻ അന്തിക്കാട് പറയുന്നു. എന്നാൽ ഇപ്പോഴും ഞാനാണ് സിനിമയിൽ കൊണ്ടു വന്നത് എന്ന സ്‌നേഹം മനസ്സിൽ സൂക്ഷിക്കുന്ന ആളാണ് നയൻതാര എന്നും സത്യൻ അന്തിക്കാട് അഭിപ്രായപ്പെടുന്നുണ്ട്.
നയൻതാര ഇടയ്ക്ക് വിളിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു. പക്ഷെ എന്നെ സംബന്ധിച്ച് അവർക്ക് കടന്ന് വരാനുള്ള വഴി ഞാൻ കാരണം ഉണ്ടായി എന്ന് മാത്രമേ കരുതുന്നുള്ളൂ. അവർ വളർന്ന് വന്നത് അവരുടെ കഴിവ് കൊണ്ട് ആണ്. അത് പോലെ തന്നെയാണ് അസിനും സംയുക്തയും എല്ലാം. അവർ വളർന്ന് വന്നത് അവരുടെ കഴിവാണ്. സംയുക്ത ഒന്നും ഒരിക്കലും അഭിനയിക്കണം എന്ന് ആഗ്രഹിച്ച ആളല്ല.
അസിൻ ബോളിവുഡിൽ എല്ലാം എത്തും എന്നും ഞാൻ കരുതിയില്ല എന്നും സത്യൻ അന്തിക്കാട് വ്യക്തമാക്കുന്നു.
മകൾ ആണ് സത്യൻ അന്തിക്കാടിന്റെ പുതിയ സിനിമ. വർഷങ്ങൾക്ക് ശേഷം തിരികെ വരുന്ന മീര ജാസ്മിൻ ആണ് ചിത്രത്തിലെ നായിക. ജയറാം ആണ് നായകൻ.
വർഷങ്ങൾക്ക് ശേഷമാണ് സത്യൻ അന്തിക്കാടും ജയറാമും ഒരുമിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. ഞാൻ പ്രകാശൻ ആണ് സത്യൻ അന്തിക്കാടിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.