മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാന്റെ ആദ്യ സിനിമ ആയിരുന്ന സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടനാണ് സണ്ണി വെയ്ൻ. സുജിത്ത് ഉണ്ണികൃഷ്ണൻ എന്ന സണ്ണി വെയ്ൻ ദുൽഖർ സൽമാന്റെ സുഹൃത്തായ കുരുടി എന്ന കഥാപാത്രത്തെയാണ് ആ ചിത്രത്തിൽ അഭിനയിച്ചത്.
അതിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്തു. ഇപ്പോൾ കൈ നിറയെ അവസരങ്ങളുമായി മലയാള സിനിമയുടെ മുൻനിര യുവനായകൻമാരുടെ കൂട്ടത്തിലാണ് സണ്ണി വെയിൻ.
ഒരു നടൻ എഏന്നതിലുപരി നിർമ്മാതാവായും വളർന്ന് കഴിഞ്ഞ സണ്ണി വെയിൻ പലപ്പോഴും അഭിനയം കൊണ്ട് ആരാധകരെ വിസ്മയിപ്പിച്ചിട്ടുള്ള നടൻ കൂടിയാണ്. ഇപ്പോഴിതാ വീണ്ടും അഭിനയ സാധ്യതയുള്ള കഥാപാത്രമായി സണ്ണി എത്തുന്ന ചിത്രമാണ് അടിത്തട്ട്. ഈ ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്.
ജിജോ ആന്റണിയാണ് ചിത്രത്തിന്റെ സംവിധായകൻ. ഷൈൻ ടോം ചാക്കോയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൻറെ ടീസർ ആകാംക്ഷ ഉളവാക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. പൂർണ്ണമായും കടലിൽ വെച്ചാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്.
സണ്ണി വെയിനിന് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് അടിത്തട്ട്. സൂസൻ ജോസഫ് ആണ് ചിത്രം നിർമിക്കുന്നത്. പാപ്പിനോ ആണ് സിനിമയുടെ ഛായാഗ്രാഹകൻ. നസീർ അഹമ്മദ് സംഗീത സംവിധാനം നിർവഹിക്കുന്നു. ഖായിസ് മില്ലൻ ആണ് സിനിമയുടെ തിരക്കഥാകൃത്ത്. അതേ സമയം ഈസിനിമയ്ക്ക് വേണ്ടി കടലിൽ ദിവസങ്ങളോളം കഴിഞ്ഞതിന്റെ അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സണ്ണി വെയിൻ.
മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ തുറന്ന് പറച്ചിൽ. മത്സ്യത്തൊഴിലാളികളുടെ കരുതലും സ്‌നേഹവും എത്രത്തോളമുണ്ടെന്ന് അറിഞ്ഞത് അടിത്തട്ടിന്റെ ചിത്രീകരണ വേളയിലാണെന്നാണ് സണ്ണി വെയിൻ വെളിപ്പെടുത്തുന്നു. നിർമിക്കുന്ന ചിത്രത്തിൽ അഭിനയിക്കേണ്ട എന്ന് തീരുമാനിച്ചിരുന്നു. പക്ഷേ നിവിൻ പോളിയെ നായകനാക്കി ചെയ്യുന്ന പടവെട്ടിൽ അഭിനയിക്കേണ്ടി വന്നു.
ഞാൻ ചെയ്യണമെന്ന് വിചാരിച്ചതല്ല. നേരത്തെ നിശ്ചയിച്ചിരുന്നയാൾക്ക് ഡേറ്റ് പ്രശ്‌നം വന്നപ്പോൾ ചെയ്തതാണ്. നല്ല തിരക്കഥകൾ വന്നാൽ തീർച്ചയായും ചെയ്യും. എന്റേത് നല്ല പിന്തുണ നൽകുന്ന പ്രൊഡക്ഷൻ ഹൗസായിരിക്കും.
രണ്ട് മൂന്ന് പടങ്ങൾ വരുന്നുണ്ട്. കരിയറിൽ ഉയർച്ച താഴ്ചകളുണ്ടായിട്ടുണ്ട്. ജീവിതം എപ്പോഴും ഉയർച്ചയും താഴ്ചയും നിറഞ്ഞതാണെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ടാകുമല്ലോ.
മനസ് അതുമായി പൊരുത്തപ്പെട്ടു. അടിത്തട്ടിന്റെ ചിത്രീകരണ സമയത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ പോയി വരുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം കണ്ടുപഠിക്കാൻ കഴിഞ്ഞു. 19 ദിവസം ബോട്ടിൽ തന്നെയായിരുന്നു. 14 മണിക്കൂറോളം ജോലി ചെയ്ത ദിവസങ്ങളുണ്ട്. ആ ദിവസങ്ങളിൽ വീട്ടുകാരോട് എന്ന പോലെയാണ് മത്സ്യ ത്തൊഴിലാളികൾ പെരുമാറിയത്.
അവരുടെ സ്‌നേഹം എന്താണെന്ന് അവർ തരുന്ന ഭക്ഷണത്തിലൂടെ അറിയാൻ പറ്റും. നിങ്ങൾ വെള്ളത്തിൽ പോയാൽ നമ്മളും ചാടിയിരിക്കും എന്നാണ് അവർ പറയാറുണ്ടായിരുന്നത്. അണ്ടർ വാട്ടർ രംഗങ്ങൾ ഷൂട്ട് ചെയ്യാൻ വെള്ളത്തിലേക്ക് ചാടേണ്ടി വന്നു. മത്സ്യത്തൊഴിലാളികൾ മുകളിൽ നിൽക്കുന്നത് വളരെയേറെ ധൈര്യം തന്നിരുന്നു. കടലിൽ സിനിമ ചിത്രീകരിക്കുന്നത് വലിയൊരു ദൗത്യം തന്നെയായിരുന്നു.
രാത്രി ചിത്രീകരണം ഒരനുഭവമായിരുന്നു. കടലിന് നടുവിൽ ഇരുട്ടത്ത് ജോലി ചെയ്യുന്നതിന്റെ ഒരു വിങ്ങലുണ്ടായിരുന്നു. സൂര്യൻ ഉദിച്ചുയരുന്നത് കാണുമ്പോൾ ആ പ്രശ്‌നങ്ങളെല്ലാം തീരും സണ്ണി വെയ്ൻ പറയുന്നു. സണ്ണിയുടെ ആദ്യ നിർമാണ സംരംഭമായ പടവെട്ടിൽ നിവിൻ പോളിക്ക് ഒപ്പം മഞ്ജു വാര്യരാണ് മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നത്.