ഒരു കാലത്ത് മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളായിരുന്നു തുളസീ ദാസ്. നിരവധി ഹിറ്റ് സിനിമകളാണ് തുളസീദാസ് മലയാളത്തിൽ ഒരുക്കിയത്. ഒരേ സമയം സൂപ്പർതാരങ്ങളെ വെച്ചും രണ്ടാം നിരക്കാരെ വെച്ചും തകർപ്പൻ ഹിറ്റുകൾ ഒരുക്കുന്നതിൽ അദ്ദേഹത്തിന് ഒരു പ്രത്യേക വൈഭവം തന്നെ ഉണ്ടായിരുന്നു.
ഇപ്പോഴിതാ താൻ സംവിധാനം ചെയ്യാനിരുന്ന ഒരു ജയറാം സിനിമ ഉപേക്ഷിക്കപ്പെട്ടതിന്റെ കാരണം തുറന്നു പറയുകയാണ് തുളസീദാസ്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് തുളസീദാസിന്റെ തുറന്നു പറച്ചിൽ.
തുളസീദാസിന്റെ വാക്കുകൾ ഇങ്ങനെ:
ഞാൻ സംവിധാനം ചെയ്ത ദോസ്ത് എന്ന സിനിമ ഒരിക്കലും സംഭവിക്കില്ലായിരുന്നു. പെട്ടെന്ന് സംഭവിച്ച ഒരു സിനിമയായിരുന്നു അത്. കാരണം ആ സമയത്ത് ഞാൻ ജയറാമിനെ വച്ച് ഒരു സിനിമ പ്ലാൻ ചെയ്തിരുന്നു.
പക്ഷേ അത് നടക്കാതെ പോയത് കൊണ്ടാണ് പിന്നീട് ദോസ്ത് എന്ന ചിത്രം പ്ലാൻ ചെയ്തത്. പഴയ പ്രശസ്ത നിർമ്മാതാവായ കെപി കൊട്ടാരക്കരയുടെ മകൻ രവി കൊട്ടാരക്കരയ്ക്ക് വേണ്ടി ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചു. ജയറാമായിരുന്നു നായകനായി മനസ്സിൽ ഉണ്ടായിരുന്നത്.
അങ്ങനെ ഉദയകൃഷ്ണ സിബി കെ തോമസിന്റെ തിരക്കഥയിൽ ജയറാമിനെ മനസ്സിൽ കണ്ടു ഒരു സിനിമ പ്ലാൻ ചെയ്തു. ഉത്തമൻ എന്ന സിനിമയുടെ ലൊക്കേഷനിൽ പോയി ജയറാമിനോട് കഥ പറയുകയും ചെയ്തു. കഥ പറയാൻ പോകുമ്പോൾ എനിക്കൊപ്പം രവി കൊട്ടാരക്കരയും ഉണ്ടായിരുന്നു.
അദ്ദേഹമാണ് നിർമ്മാതാവ് എന്ന് മനസ്സിലാക്കിയ ജയറാം എന്റെ കഥ കേൾക്കാൻ താൽപര്യം കാണിച്ചില്ല. അവർ തമ്മിൽ നേരത്തെ ഒരു സിനിമ ചെയ്യുകയും അതിലെന്തോ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും ചെയ്തിരുന്നു.
അതാകാം ജയറാം അവരുടെ പ്രൊഡക്ഷനിൽ സിനിമ ചെയ്യാൻ താല്പര്യം കാണിക്കാതിരുന്നതെന്നും തുളസീദാസ് പറയുന്നു. അതേ സമയം അതിന് പകരമായി ആ നിർമ്മാതാവിന് വേണ്ടി തുളസീദാസ് ചെയ്ത സിനിമയായിരുന്നു ദോസ്ത്.
ജനപ്രിയ നായകൻ ദിലീപും കുഞ്ചാക്കോ ബോബനും ഒന്നിച്ച് അഭിനയിച്ച ദോസ്ത് മികച്ച വിജയമായിരുന്നു നേടിയത്. കാവ്യ മാധവനും അഞ്ജു അരവിന്ദും നായികമാരായി എത്തിയ ഈ സിനിമയിലെ ഗാനങ്ങളും മികച്ചതായിരുന്നു. ദിലീപ് നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെ അവതരിപ്പിച്ച ദോസ്തിൽ ദിലീപിന് ഒരു നായികാ കഥാപാത്രം ഇല്ലായിരുന്നു എന്നതും ഈ സിനിമയുടെ പ്രത്യേകതയായിരുന്നു.