മലയാളത്തിലെ പകരം വെക്കാനില്ലാത്ത താരരാജാക്കൻമാരായ സൂപ്പർ താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. മറ്റു ഭാഷയിലെ സൂപ്പർതാരങ്ങൾക്ക് ഇടയിൽ ഒന്നുമില്ലാത്ത അടുപ്പവും സ്‌നേഹവും സഹോദര തുല്യ ബന്ധവും ഒക്കെ ഉള്ള വരാണ് മലയാളികളുടെ ഈ പ്രിയ മമ്മൂക്കയും ലാലേട്ടനും.
ഏതാണ്ട് അറുപതോളം ചിത്രങ്ങളിലാണ് ഇവർ ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്. 1990ൽ ജോഷി ഡെന്നിസ് ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമാണ് നമ്പർ 20 മദ്രാസ് മെയിൽ. ടോണി കുരിശിങ്കൽ എന്ന രസികൻ കഥാപാത്രമായിട്ടാണ് മോഹൻലാൽ ഈചിത്രത്തിൽ എത്തുന്നത്.
മമ്മൂട്ടി മമ്മൂട്ടിയെന്ന താരമായി തന്നെ അഭിനയിച്ചിരിക്കുന്ന ചിത്രം കൂടിയാണ് നമ്പർ 20 മദ്രാസ് മെയിൽ. ഈ ചിത്രത്തിലെ മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന കോമ്പിനേഷൻ രംഗങ്ങളൊക്കെ അതീവ രസകരമാണ്. മമ്മൂട്ടി മമ്മൂട്ടിയായി അഭിനയിച്ച ഒരേയൊരു മോഹൻലാൽ ചിത്രമെന്ന നിലയിലാണ് നമ്പർ 20 മദ്രാസ് മെയിൽ ജനഹൃദയ ങ്ങളിൽ കൂടുതൽ ശ്രദ്ധനേടുന്നത്.
ഇതേ പോലെ തന്നെ മമ്മൂട്ടി ചിത്രത്തിൽ മോഹൻലാൽ താരമായി തന്നെ കടന്നു വന്നൊരു ചിത്രവും മലയാള സിനിമയിലുണ്ട്. സമീപകാലത്ത് ഇറങ്ങിയ കടൽ കടന്ന് ഒരു മാത്തുക്കുട്ടി എന്ന രഞ്ജിത്ത് മമ്മൂട്ടി ചിത്രത്തിൽ മോഹൻലാൽ മോഹൻലാലായി അഭിനയിക്കുന്നുണ്ടെങ്കിലും നമ്പർ 20 മദ്രാസ് മെയിൽ ഇറങ്ങുന്നതിനും രണ്ടു വർഷം മുൻപേ മോഹൻലാൽ മമ്മൂട്ടി ചിത്രത്തിൽ മോഹൻലാലായി തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്.
1988 പുറത്തിറങ്ങിയ മനു അങ്കിൾ എന്ന മമ്മൂട്ടി ചിത്രത്തിലാണ് മോഹൻലാൽ മോഹൻലാലായി അഭിനയിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും ഡെന്നിസ് ജോസഫാണ്. ചിത്രത്തിൽ അഭിനയിച്ചിരിക്കുന്ന കുട്ടിപട്ടാളം ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിട്ട് പണം കൊടുക്കാനില്ലാതെ വിഷമിച്ചു നിൽക്കുന്ന അവസരത്തിലാണ് കുട്ടികൾക്ക് മുൻപിൽ രക്ഷകനായി മോഹൻലാൽ അവതരിക്കുന്നത്.
താടിയും, തൊപ്പിയും വെച്ച മോഹൻലാലിനെ കുട്ടികൾ തിരിച്ചു അറിയുന്നില്ല. നിങ്ങൾ ആരാണെന്ന കുട്ടികളുടെ നിഷ്‌കളങ്ക ചോദ്യത്തിനു മുൻപിൽ മോഹൻലാൽ അതിലും നിഷ്‌കളങ്കതയോടെ ഉത്തരം നൽകുന്നത് എന്റെ പേര് മോഹൻലാൽ ഈ സിനിമയിൽ ഒക്കെ അഭിനയിക്കുന്ന എന്നായിരുന്നു.
അതേ സമയം സിനിമയുടെ പ്രമോഷനുമ മോഹൻലാലിനെ അണിയറക്കാർ നന്നായി ഉപയോഗിച്ചിരുന്നു. പത്രങ്ങളിൽ സിനിമയെ കുറിച്ചുള്ള പദപ്രശ്‌ന മൽസരം നടത്തി വിജയികൾ ആയവർക്ക് മോഹൻലാലും സിനിമയിലെ കുട്ടികളും ഒന്നിച്ചുള്ള ചിത്രങ്ങൾ ആയിരുന്നു സമ്മാനിമായി നൽകിയത്.