മലയാള സിനിമയില്‍ നിന്നും തുടങ്ങി തെന്നിന്ത്യയിലാകമാനം നിറഞ്ഞ് നില്‍ക്കുന്ന താരമായി മാറാന്‍ നയന്‍താരയ്ക്ക് കഴിഞ്ഞു. സത്യന്‍ അന്തിക്കാട് സംവിധാനം നിര്‍വ്വഹിച്ച മനസിനക്കരെ എന്ന സിനിമയിലൂടെയാണ് നയന്‍താര വെള്ളിത്തിരയില്‍ എത്തുന്നത്. തുടര്‍ന്ന് നാട്ടുരാജാവ്, വിസ്മയത്തുമ്ബത്ത്, രാപ്പകല്‍ തുടങ്ങിയ സിനിമകള്‍ നയന്‍താരയ്ക്ക് മികച്ച നേട്ടമയി മാറി. ഇന്നിപ്പോള്‍ താരം തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറായി മാറിയിരിക്കുകയാണ്. എന്നാല്‍ ഡയാന മറിയം കുര്യന്‍ എന്ന നയന്‍താരയ്ക്ക് ആ പേര് വന്നതിന്റെ പിന്നിലെ കഥ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് സംവിധായകനായ ജോണ്‍ ഡിറ്റോ.
ഡയാനക്ക് നയന്‍താര എന്ന പേര് നിര്‍ദേശിച്ചത് താനാണെന്നാണ് ജോണ്‍ ഡിറ്റോ പറഞ്ഞു. തെന്നിന്ത്യയിലെ സൂപ്പര്‍ നായികയുടെ പേരിട്ട ഞാന്‍ സമ്ബൂര്‍ണ്ണ പരാജിതനായി വീട്ടിലിരിക്കുന്നു. നായിക ഇതൊന്നുമറിയാതെ തലൈവര്‍ രജനീകാന്തിനൊപ്പം അഭിനയിക്കുന്നു എന്നാണ് ജോണ്‍ ഡിറ്റോ പറയുന്നത്. ”2003ല്‍ തൃശൂരില്‍ ഷൂട്ടിംഗ് നടന്ന മനസിനക്കരെ എന്ന സിനിമയില്‍ അഭിനയിക്കുന്ന ഡയാന എന്ന പെണ്‍കുട്ടിക്ക് ഒരു പേര് നിര്‍ദേശിക്കാന്‍ പ്രസിദ്ധ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സ്വാമിനാഥന്‍ സാറാണ് ആവശ്യപ്പെട്ടത്. ഒരു ബംഗാളിപേരാണ് ചിന്തയില്‍ വന്നത് ‘നയന്‍താര”. എല്ലാവര്‍ക്കും ആ പേര് ഇഷ്ടമായി. പിന്നീട് തന്റെ സിനിമയിലെ നായികയുടെ പേര് നയന്‍താര എന്നാണന്ന് സത്യന്‍ അന്തിക്കാട് അനൗണ്‍സ് ചെയ്തു എന്നാണ് ജോണ്‍ ഡിറ്റോ ഫേസ്ബുക്കില്‍ കുറിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
2003 തിരക്കഥാകൃത്തും സംവിധായകനുമായ A K Sajan സാറിന്റെ സ്ക്രിപ്റ്റ് അസിസ്റ്റന്റായി ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന കാലം. ഒരു സിനിമയുടെ തിരക്കഥാ രചനയ്ക്കായി സാറും ഞാനും ചെറുതുരുത്തി റെസ്റ്റ് ഹൗസില്‍ താമസിക്കുകയായിരുന്നു. ഒരു ദിവസം വൈകുന്നേരം പ്രസിദ്ധ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സ്വാമിനാഥന്‍ സാറിനെക്കാണാന്‍ എത്തി.
വിശേഷം പറഞ്ഞ കൂട്ടത്തില്‍ ഷൊര്‍ണ്ണൂരില്‍ സത്യന്‍ അന്തിക്കാടിന്റെ ജയറാം പടം നടക്കുന്നുവെന്നും അതിലെ പുതുമുഖ നായികയ്ക്ക് ഒരു പേരു വേണമെന്നും പറഞ്ഞു. ക്രിസ്ത്യന്‍ പെണ്‍കുട്ടി ഡയാനയെന്നാണ് പേരത്രെ.
“ഡിറ്റോ ഒരു പേര് ആലോചിക്ക് “സര്‍ നിര്‍ദ്ദേശിച്ചു. ആലോചിക്കാനും ചിന്തിക്കാനും മാത്രമറിയാവുന്ന ഞാന്‍
ചിന്തിച്ചു.മാധവിക്കുട്ടിയുടെ ഒരു കഥയിലെ ഒരു പെണ്‍കുട്ടിയുടെ ബംഗാളിപ്പേര് ചിന്തയിലുടക്കി.
…നയന്‍താര…. ഞാന്‍ പറഞ്ഞു: നയന്‍താര ..
സാജന്‍സാര്‍ തലയാട്ടി…സ്വാമിനാഥന്‍ സാറും തലകുലുക്കി. പിന്നീട് മനസ്സിനക്കരെ എന്ന സിനിമയുടെ പേരും നായിക നയന്‍താരയുടെ പേരും സത്യന്‍ സര്‍ അനൗണ്‍സ് ചെയ്തു. അങ്ങനെ തെന്നിന്ത്യയിലെ സൂപ്പര്‍ നായികയുടെ പേരിട്ട ഞാന്‍ … സമ്ബൂര്‍ണ്ണ പരാജിതനായി വീട്ടിലിരിക്കുന്നു. നായിക ഇതൊന്നുമറിയാതെ തലൈവര്‍ രജനീകാന്തിനൊപ്പം അഭിനയിക്കുന്നു. ഇന്ന് സാജന്‍ സാറിനെക്കാണാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ച്ചെന്നപ്പോള്‍ പഴയ കാര്യങ്ങള്‍ പറഞ്ഞ കൂട്ടത്തിലാണ് ഈ കാര്യം വീണ്ടും ഓര്‍ത്തത്.. “പുതിയ നിയമം” എന്ന മമ്മൂട്ടിപ്പടം സാജന്‍ സര്‍ ഡയറക്റ്റ് ചെയ്തപ്പോള്‍ നായികയായ നയന്‍താരയെ കാണാന്‍ കഴിഞ്ഞിരുന്നില്ല.എങ്കില്‍ ഈക്കഥ പറയാമായിരുന്നു.