സിനിമയിലേക്ക് മിമിക്രി രംഗത്ത് നിന്നും എത്തി പിന്നീട് മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ സൂപ്പർ നടനാണ് ജയറാം. പി പത്മരാജന്റെ അപരൻ എന്ന സിനിമയിലെ നായക വേഷത്തിലൂടെ അരങ്ങേറിയ ജയറാം എന്ന താരത്തിന്റെ വളർച്ച വളരെ പെട്ടെന്ന് ആയിരുന്നു. മികച്ച നിരവധി സിനിമകളിലെ ഒട്ടേറെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ അദ്ദേഹം മലയാളികളുടെ മനസ്സ് കീഴടക്കുക ആയിരുന്നു.
സ്‌കൂൾ കോളേജ് പഠനകാലത്ത് തന്നെ മിമിക്രി വേദികളിൽ സജീവമായിരുന്ന ജയറാം കൊച്ചിൻ കലാഭവന്റെ പ്രധാന മിമിക്രി താരങ്ങളിൽ ഒരാളായാണ് പ്രസിദ്ധി നേടുന്നത്. കലാഭവനിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ സംവിധായകൻ പി പത്മരാജൻ തന്റെ സിനിമയിലേക്ക് ജയറാമിനെ നായകനായി തെരഞ്ഞെടുക്കുകയായിരുന്നു. 1988ൽ പുറത്തിറങ്ങിയ അപരൻ എന്ന പത്മരാജൻ ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് ജയറാം കടന്നു വരുന്നത്.
അപരൻ എന്ന ക്ലാസ്സ് ചിത്രത്തിന്റെ തകർപ്പൻ വിജയത്തിന് പിന്നാലെ പത്മരാജന്റെ തന്നെ മികച്ച സിനിമകളായ മൂന്നാം പക്കം, ഇന്നലെ തുടങ്ങിയ ചിത്രങ്ങളിലെ നായക വേഷങ്ങൾ ചെയ്യാനുള്ള ഭാഗ്യവും തുടക്കകാലത്ത് ജയറാമിന് ലഭിച്ചു. സംവിധായകൻ രാജസേന നുമായുള്ള കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളാണ് ജയറാമിന്റെ കരിയർ ഗ്രാഫ് ഏറെ മുകളിലേക്ക് ഉയർത്തിയത്.
സത്യൻ അന്തിക്കാടിന് ഒപ്പവും ഏറെ കുടുംബ ചിത്രങ്ങൾ ജയറാം സൂപ്പർ ഹിറ്റുകളാക്കി മാറ്റി. ഇപ്പോൾ തെന്നിന്ത്യൻ ഭാഷകളിൽ എല്ലാം സജീവ സാന്നിധ്യമാണ് ജയറാം. അതേ സമയം മലയാളത്തിന്റെ താരരാജാക്കൻമാരായ മമ്മൂട്ടിയും മോഹൻലാലും ആയി വളരെ അടുത്ത ബന്ധമാണ് ജയറാമിന് ഉള്ളത്. വർഷങ്ങൾക്ക് മുമ്പ് ജയറാമിന്റെ ഒരു സിനിമയുടെ പൂജയ്ക്ക് താരാ രാജാക്കൻമാർ രണ്ടും ഒന്നിച്ചെത്തിയിരുന്നു.
ജയറാം നായകനായി അഭിനയിച്ച ഗ്രാൻഡ് ഫാദറിന്റെ പൂജയ്ക്ക് എത്തിയത്. ഇരുവരുടെയും സാന്നിദ്ധ്യം തനിക്ക് സ്വപ്ന സാക്ഷാത്കാരം ആയിരുന്നു എന്നാണ് ജയറാം അന്ന് പറഞ്ഞത്. തന്റെ ഒരു ചിത്രത്തിന്റെ പൂജയ്ക്ക് ഇത്രയും സന്തോഷിച്ചത് ആദ്യമായിട്ടാണെന്നും ഇരുവരും തനിക്ക് ജ്യേഷ്ഠൻമാരെ പോലെയാണെന്നും ജയറാം അന്നു പറഞ്ഞിരുന്നു.
ഞാൻ സിനിമയിൽ എത്തുന്നതിനും വർഷങ്ങൾക്കു മുമ്പ് വളരെ ദൂരെ നിന്നും അത്ഭുതത്തോടെയും ആശ്ചര്യത്തോടെയും മാത്രം നോക്കിക്കണ്ടിരുന്ന ഞാൻ മനസ്സിൽ ആരാധിച്ചു കൊണ്ടിരുന്ന ഇപ്പോഴും ആരാധിച്ചു കൊണ്ടിരിക്കുന്ന രണ്ട് ജ്യേഷ്ഠന്മാർ. ഞാൻ സിനിമയിലെത്തി മുപ്പതുവർഷങ്ങൾ പിന്നിടുമ്പോഴും ഒരനുജനെപ്പോലെ അവർ എനിക്ക് സ്നേഹം നൽകി കൊണ്ടിരിക്കുന്നു.
ചേട്ടന്മാരെ പോലെ ഞാൻ അവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അതുകൊണ്ട് മാത്രമാണെന്ന് എനിക്കു തോന്നുന്നു, വെറുമൊരു ഫോൺ മെസേജിലൂടെ അവർ ഇവിടെ വരാമെന്നു പറഞ്ഞത്. ലാൽ സാറിനാണ് ഞാൻ ആദ്യം മെസേജ് അയക്കുന്നത്. ലാലേട്ടാ എന്റെയൊരു പടത്തിന്റെ പൂജയ്ക്ക് വന്നൊന്ന് വിളക്കു കൊളുത്തി തരുമോ. അനിയാ ഇതിനൊക്കെ എന്തിനാണ് മെസേജ്, എവിടെയാ എത്തേണ്ടതെന്ന് മാത്രം പറയൂ, ഇങ്ങനെ ആയിരുന്നു അദ്ദേഹം എനിക്കു തിരിച്ച് അയച്ച മെസേജ്.
അതുപോലെ തന്നെ മമ്മൂക്കയ്ക്കും മെസേജ് അയച്ചു. അദ്ദേഹം മൂന്നാം തിയതി രാവിലെ അവിടെ ഉണ്ടാകുമെന്നാണ് തിരിച്ച് അയച്ചത്. രാവിലെ വന്നുവെന്ന് മാത്രമല്ല ഈ സ്റ്റേജ് കെട്ടുന്നതിനു മുമ്പേ അദ്ദേഹം ഇവിടെ എത്തിയിരുന്നു. എല്ലാം ആയോടാ എന്നുചോദിച്ച് രണ്ടുപ്രാവശ്യം വന്നുപോകുകയും ചെയ്തു. ഇതൊക്കെ പറഞ്ഞറിയിക്കാൻ വയ്യാത്ത കാര്യങ്ങളാണെന്ന് നിറഞ്ഞ കണ്ണുകളോടെ ആയിരുന്നു ജയറാം വ്യക്തമാക്കിയത്.