മലയാളത്തിലെ ഏറ്റവും സഹനശക്തിയുള്ള നടൻമാർ മോഹൻലാലും മമ്മൂട്ടിയും ആണ്: ഷൈൻ ടോം ചാക്കോ

386

പ്രമുഖ നിർമ്മാതാവ് ജോബി ജോർജും അന്തരിച്ച കലാകാരൻ അബിയുടെ മകനും യുവ താരവുമായ ഷെയിൻ നിഗമും തമ്മിൽ ഉണ്ടായ പ്രശ്‌നങ്ങൾ അവസാനമില്ലാതെ തുടരുകയാണ്. ഇപ്പോഴിതാ വെയിൽ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപെട്ടു ആ വിവാദം തുടരുകയാണ്.

Advertisements

ആദ്യം നിർമ്മാതാക്കളുടെ സംഘടനയും താര സംഘടനയും ചേർന്ന് ഒത്തു തീർപ്പാക്കിയ പ്രശ്‌നം കഴിഞ്ഞ ദിവസം വീണ്ടും ഉയർന്നു വരികയായിരുന്നു. ഷെയിൻ ചിത്രീകരണവുമായി സഹകരിക്കുന്നില്ല എന്ന് നിർമ്മാതാവും തനിക്കു വിശ്രമം പോലും തരാതെ കഴിഞ്ഞ അഞ്ചു ദിവസങ്ങൾ ആയി പണിയെടുപ്പിക്കുകയാണെന്നും ഷെയിൻ നിഗമും പറയുന്നു.

ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചു കൊണ്ട് മുന്നോട്ടു വന്നിരിക്കുന്നത് മറ്റൊരു പ്രശസ്ത നടൻ ആയ ഷൈൻ ടോം ചാക്കോ ആണ്. വെയിൽ എന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും അഭിനയിക്കുന്നുണ്ട്. പറഞ്ഞുതീർക്കാവുന്ന ചെറിയ പ്രശ്‌നങ്ങളാണ് പിന്നീട് വലുതായതെന്ന് പറയുകയാണ് ഷൈൻ ടോം.

ക്രിയാത്മകമായി ജോലി ചെയ്യേണ്ട ഇടമാണ് സിനിമ എന്നും വിട്ടുവീഴ്ചകൾ ഇരുഭാഗത്തു നിന്നും വേണമായിരുന്നു എന്നും ഷൈൻ അഭിപ്രായപ്പെടുന്നു. ആദ്യം പ്രശ്‌നം പറഞ്ഞു തീർത്തതിന് ശേഷം ജോബി ജോർജ് അധികം സെറ്റിൽ വന്നിട്ടില്ല എന്നും സംവിധായകനുമായും ഷെയിൻ നിഗം സൗഹൃദപരമായി തന്നെയാണ് ഇടപെടുന്നതു കണ്ടത് എന്നും ഷൈൻ പറയുന്നു.

ഷെയിൻ വളരെ ചെറുപ്പം ആയതു കൊണ്ടായിരിക്കാം പെട്ടെന്ന് പ്രതികരിക്കുന്നത് എന്നും പക്വത ഇല്ലാത്തതിന്റെയോ അല്ലെങ്കിൽ ഒരു കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും അവന്റെ മേൽ ആയതു കൊണ്ടോ ആവാം ഷെയിൻ അത്തരത്തിൽ പ്രതികരിച്ചത് എന്നും ഈ നടൻ പറയുന്നു. നിർമ്മാതാവ് ജോബി ജോർജിന് ഷെയിൻ നിഗമിന്റെ അച്ഛന്റെ പ്രായം ഉണ്ടെന്നും ആ തലമുറ വ്യത്യാസം ഉള്ളത് കൊണ്ട് തന്നെ മുതിർന്നവർ ആണ് കുറച്ചൊക്കെ ക്ഷമിക്കേണ്ടത് എന്ന അഭിപ്രായവും ഷൈൻ ടോം ചാക്കോ പങ്കു വെക്കുന്നു.

മറ്റുള്ള ജോലി പോലെ അല്ല സിനിമ എന്നത് കൊണ്ട് തന്നെ നമ്മുടെ പല ശാരീരിക, മാനസിക പ്രശ്‌നങ്ങളും മറന്നു ചിലപ്പോൾ ജോലി ചെയ്യേണ്ടി വരും എന്നും തന്റെ അഭിപ്രായത്തിൽ മലയാള സിനിമയിലെ ഏറ്റവും സഹനശക്തിയുള്ള നടൻമാർ മോഹൻലാലും മമ്മൂട്ടിയും ആണെന്നും ഷൈൻ പറഞ്ഞു. ഇത്തരത്തിൽ ഉള്ള പ്രശ്‌നങ്ങൾ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട് എന്നും അതെല്ലാം സഹിച്ചു സിനിമയിൽ നിലനിൽക്കുന്നവരാണ് അവരെന്നും ഷൈൻ പറയുന്നു. തീയിൽ കുരുത്തവർ വെയിലത്ത് വാടില്ല എന്നതാണ് അവരെ കുറിച്ച് പറയാൻ ഉള്ളതെന്നും കൂട്ടിച്ചേർത്ത ഷൈൻ, ഇന്നത്തെ തലമുറ അത്രയധികം സഹിക്കാനും ക്ഷമിക്കാനും തയ്യാറാകുന്നില്ല എന്നും പറഞ്ഞാണ് നിർത്തുന്നത്.

Advertisement