മമ്മൂട്ടിയുടെ ബാഷ, അധോലോകത്തിന്റെ അധിപൻ, ആരും ഭയക്കുന്ന ഡോൺ അലക്‌സാണ്ടർ

38

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി 29 വർഷങ്ങൾക്ക് മുമ്പ് ജോമോൻ സംവിധാനം ചെയ്ത ഒരു സൂപ്പർ മെഗാഹിറ്റ് സിനിമയായിരുന്നു സാമ്രാജ്യം. സാമ്രാജ്യത്തിൽ മമ്മൂട്ടി അവതരിപ്പിച്ച അലക്‌സാണ്ടർ എന്ന അധോലോക നായകൻ യുവപ്രേക്ഷകരുടെ ആവേശമായി മാറി. സംവിധായകൻ ജോമോന്റെ ആദ്യ ചിത്രമായിരുന്നു അത്. ജയാനൻ വിൻസന്റായിരുന്നു ഈ സിനിമയിടെ ക്യാമറ ചലിപ്പിച്ചത്.

കറുത്ത പണവും ലഹരിയും നിയന്ത്രിക്കുന്ന അധോലോകത്തിന്റെ രാജാവിന് അലക്‌സാണ്ടർ എന്നായിരുന്നു പേര്. അവിടെ അയാൾ തന്നെയായിരുന്നു നിയമം. അയാൾ തന്നെയായിരുന്നു എന്തിന്റെയും അവസാനവാക്ക്. സാമ്രാജ്യത്തിന് ആദ്യം മറ്റൊരു തിരക്കഥാകൃത്ത് തിരക്കഥ എഴുതിയെങ്കിലും സംവിധായകനും മമ്മൂട്ടിക്കും തൃപ്തിയായില്ല. ഒടുവിൽ ഷിബു ചക്രവർത്തിയെ ഏൽപ്പിച്ചു. അദ്ദേഹം അതിഗംഭീരമായ ഒരു സ്‌ക്രിപ്റ്റ് തയ്യാറാക്കി. ത്രില്ലടിപ്പിക്കുന്ന ഒട്ടേറെ മുഹൂർത്തങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു സാമ്രാജ്യം.

Advertisements

സാമ്രാജ്യത്തിൽ പാട്ടില്ലല്ലോ. പശ്ചാത്തല സംഗീതം ആരെക്കൊണ്ട് ചെയ്യിക്കണം എന്ന നിർമ്മാതാവിൻറെ ചോദ്യത്തിന് ജോമോന് ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ ഇളയരാജ. ഇളയരാജയെ കാണാനെത്തിയപ്പോൾ അദ്ദേഹവും സംവിധായകനോട് ചോദിച്ചു എത്ര പാട്ടുണ്ട്? പാട്ടൊന്നുമില്ലെന്നും പശ്ചാത്തല സംഗീതമാണെന്നും പറഞ്ഞു. കഥ കേട്ടപ്പോൾ മറ്റ് തമിഴ് ചിത്രങ്ങളുടെ ജോലിയൊക്കെ മാറ്റിവച്ച് ഇളയരാജ സാമ്രാജ്യത്തിൻറെ ജോലി തുടങ്ങി.

സാമ്രാജ്യത്തിന്റെ പശ്ചാത്തല സംഗീതത്തിന്റെ വശ്യത ഇന്നും പ്രേക്ഷകരെ ത്രസിപ്പിക്കുന്നതാണ്.
1990 ജൂൺ 22നായിരുന്നു സാമ്രാജ്യം റിലീസ് ചെയ്യുന്നത്. മലയാളത്തിലെ എക്കാലത്തെയും വലിയ കൊമേഴ്സ്യൽ വിജയമായി സാമ്രാജ്യം മാറി. തമിഴിലും തെലുങ്കിലും മൊഴിമാറ്റിയെത്തിയ സാമ്രാജ്യം അവിടെയും വൻ ഹിറ്റായി മാറി.
ഈ സിനിമ കണ്ട് ത്രില്ലടിച്ച സാക്ഷാൽ അമിതാഭ് ബച്ചൻ സംവിധായകൻ ജോമോനെ മുംബൈയിലേക്ക് വിളിപ്പിച്ചു.

അമിതാഭിനെയും അഭിഷേക് ബച്ചനെയും അഭിനയിപ്പിച്ച് സാമ്രാജ്യം ഹിന്ദിയിൽ എടുക്കാനായിരുന്നു പദ്ധതി. അതിനുള്ള അഡ്വാൻസും ജോമോന് നൽകി. എന്നാൽ ആ പ്രൊജക്ട് പല കാരണങ്ങളാൽ നടന്നില്ല. യഥാർത്ഥത്തിൽ, പിന്നീട് ഗാംഗ്സ്റ്റർ ചിത്രമായ ‘ഹം’ അമിതാഭ് ബച്ചൻ എടുത്തതിന് പ്രചോദനമായതുതന്നെ സാമ്രാജ്യത്തിന്റെ മഹാവിജയമായിരുന്നു. ഹമ്മിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് രജനികാന്തിന്റെ ബ്ലോക്ബസ്റ്റർ സിനിമ ‘ബാഷ’ പുറത്തിറങ്ങുന്നത്.

സാമ്രാജ്യത്തിന് ശേഷം അനശ്വരം, ജാക്‌പോട്ട്, യാദവം, കർമ, സിദ്ദാർത്ഥ, ഉന്നതങ്ങളിൽ, ഭാർഗവചരിതം മൂന്നാം ഖണ്ഡം എന്നീ സിനിമകൾ ജോമോൻ ഒരുക്കി. എന്നാൽ ഈ സിനിമകളൊന്നും സാമ്രാജ്യം എന്ന ചിത്രത്തിന്റെ വിജയം ആവർത്തിച്ചില്ല.

വർഷങ്ങൾക്കിപ്പുറം സാമ്രാജ്യത്തിന് മലയാളത്തിൽ ഒരു തുടർച്ചയുണ്ടായി. ‘സൺ ഓഫ് അലക്‌സാണ്ടർ’ എന്ന ആ സിനിമ സംവിധാനം ചെയ്തത് തമിഴ് സംവിധായകനായ പേരരശ് ആയിരുന്നു. ഉണ്ണി മുകുന്ദൻ നായകനായി അഭിനയിച്ച ആ ചിത്രം ബോക്‌സോഫീസിൽ തകർന്നടിഞ്ഞു.

Advertisement