ഏറെ പ്രതീക്ഷയോടെ സുരേഷ്ഗോപി ആരാധകർ കാത്തിരുന്ന ‘ലേലം 2’ ഉപേക്ഷിച്ചതായി സൂചന. ഈ സിനിമയ്ക്ക് പകരം നിഥിൻ രൺജി പണിക്കർ മറ്റൊരു പ്രൊജക്ട് ആരംഭിക്കും. ആ സിനിമയിലും സുരേഷ് ഗോപി തന്നെ നായകനാകും. ഈ സിനിമയ്ക്ക് രൺജി പണിക്കർ തിരക്കഥ എഴുതില്ല. പകരം നിഥിൻ തന്നെയായിരിക്കും രചന നിർവഹിക്കുക. 1997ലാണ് ജോഷിക്ക് രൺജി ‘ലേലം’ എഴുതി നൽകിയത്. കുറ്റാന്വേഷണവും പൊലീസ് കഥയുമൊക്കെ വിട്ട് വ്യത്യസ്തമായ രീതിയിലുള്ള ഒരു കഥയായിരുന്നു രൺജി തയ്യാറാക്കിയത്.
മദ്യവ്യാപാരം നടത്തുന്ന രണ്ട് കുടുംബങ്ങളുടെ ശത്രുതയായിരുന്നു ചിത്രത്തിൻറെ കേന്ദ്രബിന്ദു. കേരളത്തിലെ സ്പിരിറ്റ് മാഫിയയുടെ പശ്ചാത്തലത്തിലുള്ള കഥയ്ക്ക് വലിയ രാഷ്ട്രീയമാനവുമുണ്ടായിരുന്നു. എന്നാൽ ലേലം 2 ആലോചിച്ചെങ്കിലും കേരളത്തിൻറെ അബ്കാരി നയത്തിലുണ്ടായ മാറ്റം ആ പ്രൊജക്ടിനെ ബാധിച്ചു. സ്പിരിറ്റ് മാഫിയയുടെയും സ്പിരിറ്റ് രാജാക്കൻമാരുടെയും കഥകൾ ഇപ്പോഴത്തെ സാഹചര്യത്തിൽ ആലോചിക്കാൻ പറ്റില്ല എന്നതുതന്നെയാണ് രൺജി പണിക്കരെ ഈ കഥയുമായി മുന്നോട്ടുപോകുന്നതിൽ നിന്ന് പിൻതിരിപ്പിച്ചത് എന്നതാണ് സൂചന.
ലേലം 2ന് പകരം നിഥിൻ രൺജി പണിക്കർ സംവിധാനം ചെയ്യുന്നത് ഇടുക്കിയുടെ പശ്ചാത്തലത്തിലു:ള്ള ഒരു ആക്ഷൻ ചിത്രം ആയിരിക്കും. ലാൽ ഈ സിനിമയിൽ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. മുത്തുമണി, അലൻസിയർ, ഐ എം വിജയൻ തുടങ്ങിയവരും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കും.
നിഖിൽ എസ് പ്രവീൺ ക്യാമറ ചലിപ്പിക്കുന്ന സിനിമയുടെ സംഗീതം രഞ്ജിൻ രാജ് ആണ്. ഗുഡ്വിൽ എൻറർടെയ്ൻമെൻറ്സിൻറെ ബാനറിൽ ജോബി ജോർജ്ജാണ് ചിത്രം നിർമ്മിക്കുന്നത്.