ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിൽ കലാഭവൻ മാണിയായി അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയ നടനായി മാറിയ നടൻ സെന്തിൽ കൃഷ്ണ വിവാഹിതനായി. കോഴിക്കോട് സ്വദേശിനിയായ അഖിലായാണ് വധു. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം.
ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. തിങ്കളാഴ്ച തിരുവനന്തപുരത്ത് വച്ച് വിവാഹ സൽക്കാരം നടക്കും. കലാഭവൻ മണിയുടെ ജീവിതം പറയുന്ന ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിലൂടെയായിരുന്നു സെന്തിൽ നായക വേഷത്തിൽ അരങ്ങേറിയത്.
രാജാമണി എന്ന കഥാപാത്രമായാണ് സെന്തിൽ എത്തിയത്. ആഷിഖ് അബു സംവിധാനം ചെയ്ത വൈറസിൽ മന്ത്രിയുടെ വേഷത്തിലും സെന്തിൽ ശ്രദ്ധേയനായി. ടെലിവിഷൻ കോമഡി സീരിയലുകളിൽ കൂടിയാണ് സെന്തിൽ വെള്ളിത്തിരയിലെത്തുന്നത്.
കലാഭവൻമണിയുടെ പുള്ളിമാനായിരുന്നു ആദ്യ ചിത്രം. വിനയൻ സംവിധാനം ചെയ്യുന്ന ആകാശ ഗംഗ 2 ആണ് സെന്തിലിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.