മലയാളത്തിന്റെ ജനപ്രിയ നായകൻ ആണ് ദിലീപ്. ഒരു നടൻ എന്നതിലുപരി അദ്ദേഹത്തിന്റെ സാമൂഹിക സേവന പ്രവർത്തനങ്ങൾ ഏറെ പ്രശസ്തി നേടിയിട്ടുള്ളതാണ്. ഇപ്പോഴിതാ ഇക്കഴിഞ്ഞ പത്താം ക്ലാസ് പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ബംഗാളി ആരാധികയ്ക്ക് സർപ്രൈസുമായി എത്തിയിരിക്കുകയാണ് ദിലീപ്.
കോഴിക്കോട് വെള്ളിമാടുകുന്ന് ജിഎച്ച്എസ്എസിലെ വിദ്യാർഥിനി റോക്ഷത് ഖാത്തൂൻ എന്ന ബംഗാൾ സ്വദേശിനിയെ വീഡിയോ കോൾ ചെയ്താണ് താരം ഞെട്ടിച്ചത്. മലയാള സിനിമകളിൽ ദിലീപ് അഭിനയിച്ച ചിത്രങ്ങൾ മാത്രം കാണുന്ന ആരാധികയാണ് റോക്ഷത്. ഇക്കാര്യം റോക്ഷത് റിസൽറ്റ് അറിഞ്ഞ സമയത്ത് വെളിപ്പെടുത്തിയിരുന്നു.
Also Read
ഇരുപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ശാലിനി തിരിച്ചെത്തുന്നു! മണിരത്നത്തിന്റെ ‘പൊന്നിയിൻ സെൽവനിലൂടെ
ഇതറിഞ്ഞി ദിലീപ് റോക്ഷതിന്റെ നേരിട്ട് വിളിക്കുകയായിരുന്നു. അതേ സമയം ദിലീപേട്ടൻ വിളിക്കുമെന്നോ അദ്ദേഹവുമായി വീഡിയോ കോളിൽ സംസാരിക്കാൻ സാധിക്കുമെന്നോ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് റോക്ഷത് പറഞ്ഞത്. മനോരമ ഓൺലൈനോട് ആയിരുന്നു റോക്ഷതിന്റെ പ്രതികരണം.
കോൾ കട്ടായ ശേഷം താൻ സ്വയം പലവട്ടം നുള്ളി നോക്കി, സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന് അറിയാൻ.
വളരെ കാലത്തെ, വളരെ വലിയ ഒരു ആഗ്രഹമാണ് ഇപ്പോൾ നിറവേറിയിരിക്കുന്നത്. പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമുണ്ട്. കൂട്ടുകാരോടും ബന്ധുക്കളോടുമെല്ലാം ഈ സന്തോഷം അറിയിച്ചു കൊണ്ടിരിക്കുകയാണ് എന്ന് റോക്ഷത് പറഞ്ഞു.
അതേ സമയം അടുത്ത തവണ കോഴിക്കോട്ട് വരുമ്പോൾ തീർച്ചയായും നേരിൽ കാണാമെന്ന ഉറപ്പു നൽകിയ ദിലീപ്, ജീവിതത്തിൽ ഉയരങ്ങളിലെത്തട്ടെ എന്ന് തന്റെ കുഞ്ഞാരാധികയെ ആശംസിക്കുകയും ചെയ്തു. എല്ലാം ഒരു സ്വപ്നം പോലെ തോന്നുകയാണെന്നും തന്റെ പ്രിയതാരം പറഞ്ഞതു പോലെ, തുടർന്നും മികച്ച രീതിയിൽ പഠിച്ച് ഉന്നത വിജയം കൈവരിക്കുമെന്നും റോക്ഷത് പറഞ്ഞു.
കൊൽക്കത്തയിൽ നിന്ന് കേരളത്തിലെത്തിയ റോക്ഷത്തിന്റെ അച്ഛൻ റഫീഖും ദിലീപിന്റെ കടുത്ത ആരാധകനാണ്.
കൽക്കട്ട ന്യൂസ് എന്ന സിനിമയുടെ ഭാഗമായി കൊൽക്കത്തയിലും ബംഗാളിന്റെ മറ്റു ഭാഗങ്ങളിലും താൻ ഏറെ സഞ്ചരിച്ചിട്ടുണ്ടെന്നും അവിടെയുള്ള ആളുകളുടെ സ്നേഹം അടുത്തറിയാൻ ഭാഗ്യം ലഭിച്ച ആളാണ് താനെന്നും ദിലീപ് പറയുന്നു.
അവിടെ നിന്നും തനിക്കൊരു കുഞ്ഞാരാധിക ഉണ്ടെന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ദിലീപ് പറഞ്ഞു. ബ്ലസ്സിയുടെ സംവിധാനത്തിൽ ദിലീപ് നായകനായി അഭിനയിച്ച് 2008 ൽ പുറത്തിറങ്ങിയ ക്ലാസ്സ് സിനിമയാണ് കൽക്കട്ട ന്യൂസ്. മീരാ ജാസ്മിൻ ആയിരുന്നു ഈ സിനിമയിൽ ദിലീപിന്റെ നായികയായി എത്തിയത്.