നിരവധി മികച്ച ഗാനങ്ങലുമായി മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായിക മഞ്ജരി വിവാഹിതയായി. ബാല്യകാല സുഹൃത്ത് ജെറിൻ ആണ് മഞ്ജരിയുടെ കഴുത്തിൽ താലി ചാർത്തിയത്. തിരുവന്തപുരത്ത് വെച്ചാണ് വിവാഹ ചടങ്ങ് നടന്നത്. മഞ്ജരിയുടെ രണ്ടാം വിവാഹം ആണ് ഇത്.
ചുവപ്പ് നിറത്തിലുള്ള പട്ട് സാരിയും അതിന് ഇണങ്ങുന്ന ആഭരണങ്ങളും അണിഞ്ഞ് അതീവ സുന്ദരി ആയിട്ടാണ് മഞ്ജരി നവവധുവായി എത്തിയത്. ചുവപ്പ് നിറത്തിലുള്ള കുർത്തയും മുണ്ടുമായിരുന്നു വരൻ ജെറിന്റെ വേഷം. വിവാഹത്തിൽ പങ്കെടുക്കാനും വധു വരന്മാരെ ആശിർവദിക്കാനുമായി ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയും ഭാര്യ രാധികയും എത്തിയിരുന്നു.
കൂടാതെ സിനിമാ മേഖലയിൽ നിന്നും പിന്നണി ഗാനരംഗത്ത് നിന്നും നിരവധിപേർ വിവാഹിത്തിന് എത്തിയിരുന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് ഒരു പുതിയ ജീവിതഘട്ടത്തിന് തുടക്കം കുറിക്കുന്ന വിവരം മഞ്ജരി സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്. പിന്നാലെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുടെയും അഭ്യുദയകാംക്ഷികളുടെയും ആശംസാപ്രവാഹമായിരുന്നു.
വിവാഹ വാർത്തയ്ക്ക് ഒപ്പം ഇൻസ്റ്റഗ്രാമിലൂടെ മെഹന്ദി ചടങ്ങിന്റെ റീൽ വീഡിയോയും മഞ്ജരി പങ്കുവെച്ചിരുന്നു. അതേ സമയം വിവാഹത്തെ കുറിച്ച് ഒളിപ്പിച്ച് വെച്ചതല്ലെന്നും സമയം ഒത്തുവന്നപ്പോൾ വിവാഹിത ആവുകയായിരുന്നു എന്നും മഞ്ജരി പറയുന്നു. വളരെ അധികം സന്തോഷമുണ്ട്. എന്റെ ഗുരുസ്ഥാനത്ത് ഉള്ളവരെല്ലാം വിവാഹത്തിന് എത്തിയിരുന്നു.
പിന്നെ വിവാഹത്തെ കുറിച്ച് വലിയ പ്ലാനിങ് നടത്തിയിരുന്നില്ല. വളരെ അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും മാത്രമെ ക്ഷണിച്ചിരുന്നുള്ളൂ. വിവാഹം മാത്രമെ ഇവിടെ നടക്കുന്നുള്ളൂ. ബാക്കിയുള്ള ആഘോഷങ്ങൾ മാജിക്ക് പ്ലാനെറ്റിലാണ് നടക്കുക. അവിടേക്കും നിരവധി പേരെ ക്ഷണിച്ചിട്ടുണ്ട്. എല്ലാവരുടേയും പ്രാർഥനകളാണ് ഞങ്ങൾക്ക് ആവശ്യം എന്ന് മഞ്ജരി പറഞ്ഞു.
ശേഷം ഉറുമിയിലെ ഗാനവും വരന് വേണ്ടി മഞ്ജരി ആലപിച്ചു. മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമി യിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പമായിരിക്കും മഞ്ജരിയുടേയും ജെറിന്റേയും വിവാഹവിരുന്ന്. ഒന്നാം ക്ലാസ് മുതൽ ഒരുമിച്ചു പഠിച്ചവരാണ് മഞ്ജരിയും ജെറിനും. മസ്‌കറ്റിൽ ആയിരുന്നു ഇരുവരുടെയും വിദ്യാഭ്യാസ കാലം.
ഇപ്പോൾ ബെംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിലെ എച്ച്ആർ മാനേജറായി ജോലി ചെയ്യുകയാണ് ജെറിൻ. പത്തനംതിട്ട സ്വദേശിയാണ്. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്ത് ഹിരിശ്രീ കുറിച്ചതാണ് മഞ്ജരി. സ്വതന്ത്ര സംഗീത ആൽബങ്ങളിലൂടെയും പിന്നണി ഗാനങ്ങളിലൂടെയും മഞ്ജരി പിന്നീട് സംഗീത ലോകത്ത് സജീവമായി. കർണാട്ടിക്, ഹിന്ദുസ്ഥാനി, റാപ്, ഫ്യൂഷൻ എന്നീ ആലാപന ശൈലികളിൽ പ്രാവീണ്യം നേടിയിട്ടുണ്ട്.
പൊന്മുടി പുഴയോരം സിനിമയിലെ ഒരു ചിരി കണ്ടാൽ, അനന്തഭ്രദ്രത്തിലെ പിണക്കമാണോ, രസതന്ത്രം സിനിമയിലെ ആറ്റിൻ കരയോരത്തെ, മിന്നാമിന്നിക്കൂട്ടത്തിലെ കടലോളം വാത്സല്ല്യം തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ മഞ്ജരിയുടെ ശബ്ദ മാധുര്യത്തിൽ പിറന്നതാണ്. 2004 ലെ മികച്ച ഗായികക്കുള്ള സംസ്ഥാന പുരസ്‌കാരം ഞ്ജരിക്ക് ലഭിച്ചിരുന്നു.
പോസിറ്റീവ് എന്ന ചിത്രത്തിലെ ഒരിക്കൽ നീ പറഞ്ഞു എന്ന് തുടങ്ങുന്ന ഗാനരംഗത്തിൽ ജി വേണുഗോപാലിനൊപ്പം മഞ്ജരി പാടി അഭിനയിക്കുകയും ചെയ്തിരുന്നു. ജനപ്രിയ ടെലിവിഷൻ ഷോ ആയ സ്റ്റാർ സിങർ സീസൺ 8ലെ വിധികർത്താവും ആയിരുന്നു മഞ്ജരി. സോഷ്യൽമീഡിയയിൽ സജീവമായ മഞ്ജരി പങ്കുവെക്കുന്ന പോസ്റ്റുകളും കുറിപ്പുകളും ശ്രദ്ധ നേടാറുണ്ട്. മഞ്ജരിയുടെ പഴയ വിവാഹ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നേരത്തേ വൈറലായിട്ടുണ്ട്.