വിസ്മയ വിഷയം ഒരുകൊടുങ്കാറ്റായി മാറിയതോടെ ഇപ്പോൾ കേരളം മുഴുവനും ഒപ്പം സോഷ്യൽ മീഡിയകളിലും സ്ത്രീധന വിഷയത്തിൽ ചർച്ചകൾ ചൂടുപിടിക്കുകയാണ്. സിനിമാ സീരിയൽ താരങ്ങളും രാഷ്ട്രീയക്കാരും എല്ലാം സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതുമെല്ലാം തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് രംഗത്ത് എത്തിക്കഴിഞ്ഞു.
അതേ സമയം മലയാളത്തിന്റെ സൂപ്പർതാരം നടൻ ജയറാമിന്റെ ഈ വിഷയത്തിലെ നിലപാട് ഒരുപാട് വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. സ്ത്രീധനത്തിന് എതിരെ പോസ്റ്റിട്ട ജയറാം സ്വർണക്കടയുടെ പരസ്യത്തിൽ അഭിനയിച്ചതിനെ ചൂണ്ടിക്കാണിച്ചാണ് വിമർശനം ഉയർന്നത്. മകൾ ചക്കി ഒരുപാട് സ്വർണം അണിയുമ്പോഴാണ് സുന്ദരിആവുന്നത് എന്ന തരത്തിലുള്ള പരസ്യത്തിലായിരുന്നു ജയറാം അഭിനയിച്ചത്.
ഇപ്പോഴിതാ ജയറാമിനെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സുപ്പർസ്റ്റാറും ബിജെപിയുടെ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. മനോരമ ചാനലിൽ നടന്ന ചർച്ചയിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
ഒരു പെൺകുട്ടിയുടെ അച്ഛൻ എന്ന നിലയ്ക്കാണ് ജയറാം പ്രതികരിച്ചതെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ജയറാമിന് അതിന് അവകാശമില്ലേയെന്നും സുരേഷ് ഗോപി ചോദിക്കുന്നു. അദ്ദേഹം ഒരു പരസ്യം ചെയ്തതിന്റെ പേരിൽ വിമർശിക്കണോ എന്നും സുരേഷ് ഗോപി ചോദിക്കുന്നു.
വിപണന ഉത്പന്നത്തിന്റെ പരസ്യത്തിലാണ് അദ്ദേഹം അഭിനയിച്ചത്. അത് ഇവിടെ വിലക്കിയിട്ടുണ്ടോ എന്നും സുരേഷ് ഗോപി ചോദിക്കുന്നു. ക, ഞ്ചാവിന്റെ പരസ്യത്തിൽ അല്ല അദ്ദേഹം അഭിനയിച്ചതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. അതേ സമയം വിസ്മയയുടെ ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ജയറാമിന്റെ പ്രതികരണം. ഇന്ന് നീ നാളെ എന്റെ മകൾ എന്നായിരുന്നു ജയറാം ഫേസ്ബുക്കിൽ കുറിച്ചത്.
അതേ സമയം വിസ്മയ വിഷയത്തിൽ വളരെ വൈകാരികമായിട്ടായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളിൽ പോലീസ് സ്റ്റേഷനിൽ പോലും സ്ത്രീകൾ പുരുഷാധിപത്യം നേരിടുന്നുണ്ടെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. സ്ത്രീധന വിഷയത്തിൽ പ്രതിവിധിയുണ്ടാക്കുന്ന ശക്തമായ ഒരു നിയമം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
താൻ വിസ്മയയുടെ സഹോദരനെ വിളിച്ചിരുന്നുവെന്നും എത്രയോ പേർ തന്റെ നമ്പർ തപ്പിയെടുത്ത് വിളിക്കുന്നു, ആ കുട്ടിയ്ക്ക് തലേദിവസം തന്നെ വിളിച്ചു കൂടായിരുന്നോ എന്ന് താൻ ചോദിച്ചു പോയെന്നും സുരേഷ് ഗോപി പറഞ്ഞു.
ഈ തീരുമാനം എടുക്കുന്നതിന് മുമ്പ് തന്നെ ഒന്നു വിളിച്ച് ആ കുട്ടി പറഞ്ഞിരുന്നുവെങ്കിൽ കാറെടുത്ത് ആ വീട്ടിൽ പോയി അവന്റെ കുത്തിന് പിടിച്ചിറക്കി അവനിട്ട് രണ്ട് പൊട്ടിച്ച് വിളിച്ചോണ്ട് വന്നേനെ എന്നും അതിന് ശേഷം വരുന്നതൊക്കെ താൻ നോക്കിയേനെ എന്നും അദ്ദേഹം പറഞ്ഞു.