സിനിമയിൽ എത്തിയിട്ട് നാൽപ്പതോളം വർഷങ്ങളായിട്ടും ഇന്നും താരപ്രഭയ്ക്ക് ഒരു മങ്ങലും ഏൽക്കാതെ നിൽക്കുന്ന താരചക്രവർത്തിമാരാണ് മമ്മൂട്ടിയും മോഹൻലാലും. ഒരുകാലത്ത് മമ്മൂട്ടി മോഹൻലാൽ സിനിമകൾ മാത്രമായിരുന്നു മലയാള സിനിമയിൽ മെഗാ വിജയങ്ങൾ സ്വന്തമാക്കിയിരുന്നത്.
1985നും 90നുമിടയിൽ മമ്മൂട്ടി മോഹൻലാൽ എന്നിവർ ഹീറോയായി അഭിനയിച്ച സിനിമകൾ മാത്രമായിരുന്നു ബോക്സോഫീസിൽ ചരിത്ര വിജയം സൃഷ്ടിച്ചത്. അവരെ വെച്ചല്ലാതെ സിനിമ ചെയ്യാൻ ഭയന്നിരുന്ന നിർമ്മാതാക്കൾ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഡേറ്റിനു വേണ്ടി വർഷങ്ങളോളം കാത്തിരുന്ന അവസ്ഥയിലായിരുന്നു.
അതിനെയല്ലം പൊളിച്ചെഴുതി കൊണ്ടായിരുന്നു തുളസിദാസ് കലൂർ ഡെന്നിസ് ടീമിന്റെ മിമിക്സ് പരേഡ് എന്ന ചിത്രത്തിന്റെ വരവ്. രാജാവിന്റെ മകനും, ന്യൂഡൽഹിയുമൊക്കെ നൂറു കടന്ന മലയാള സിനിമയിൽ അന്നത്തെ പുതിയ താരങ്ങളായ ജഗദീഷ് സിദ്ധിഖ് എന്നിവരുടെ മിമിക്സ് പരേഡ് മലയാള സിനിമയിൽ മറ്റൊരു മാറ്റമാണ് കൊണ്ട് വന്നത്.
മമ്മൂട്ടി മോഹൻലാൽ എന്നിവർ സൂപ്പർ താരങ്ങളായി അരങ്ങു വാഴുമ്പോഴായിരുന്നു അന്നത്തെ പുതിയ തലമുറക്കാരെ അണിനിരത്തി തുളസി ദാസും കൂട്ടരും വലിയ ഹിറ്റൊരുക്കിയത്. മമ്മൂട്ടി മോഹൻലാൽ എന്നിവരുടെ ഡേറ്റിനായി കാത്തിരുന്ന നിർമ്മാതാക്കൾക്ക് അതിശയമായിരുന്നു മിമിക്സ് പരേഡിന്റെ ചരിത്ര വിജയം.
പിന്നീട് മലയാള സിനിമയിൽ ജഗദീഷ് സിദ്ധിഖ് ടീം നിരവധി സിനിമകളിൽ ഒന്നിച്ചഭിനയിച്ച് വലിയ ബോക്സോഫീസ് വിജയം സ്വന്തമാക്കിയിട്ടുണ്ട്. മുകേഷിന്റെയും ജയറാമിന്റെയും സുരേഷ് ഗോപിയുടെയുമൊക്കെ നായക നിരയിലേക്കുള്ള കടന്നു വരവും മമ്മൂട്ടിയും മോഹൻലാലിലും മാത്രം വിശ്വാസം അർപ്പിച്ചിരുന്ന സംവിധായകർക്ക് മാറി ചിന്തിക്കാൻ പ്രേരണയായി.
എന്നിരുന്നാലും യുവതാരങ്ങൾ ഏറെ വന്നിട്ടും ഇന്നം മലയാള സിനിമയിൽ മിനിമം ഗ്യാരണ്ടിയുടെ കാര്യത്തിൽ മുൻനിരയിൽ ഉള്ളത് മോഹൻലാലിന്റെയും മമ്മൂട്ടിയുടേയും ചിത്രങ്ങൾ ആണ്.