മിമിക്രിയിൽ നിന്നും സിനിമയിൽ എത്തി ഹാസ്യ വേഷങ്ങൾ ചെയ്ത് വരുന്ന നടനാണ് ധർമജൻ ബോൾഗാട്ടി. അടുത്തിടെ രാഷ്ട്രീയത്തിൽ ഇറങ്ങിയ താരം കോൺഗ്രസ് സ്ഥാനാർത്ഥിയായി നിയമസഭാ തിരിഞ്ഞെടുപ്പിൽ മൽസരിച്ച് എട്ടുനിലയിൽ പൊട്ടിയിരുന്നു.
ബാലുശ്ശേരിയിൽ സച്ചിൻദേവ് എന്ന എൽഡിഎഫിന്റെ യുവനേതാവിന് മുന്നിൽ കനത്ത പരാജയമടഞ്ഞതിന് പിന്നാളെ തെരഞ്ഞെടുപ്പ് സമയത്ത് തന്റെ പേരിൽ യുഡിഎഫ് പ്രവർത്തകർ പണം പിരിച്ചുവെന്ന് ആരോപിച്ച് നടനും ധർമജൻ ബോൾഗാട്ടി രംഗത്ത് എത്തിയിരുന്നു. രണ്ട് കോൺഗ്രസ് നേതാക്കൾ തന്റെ പേരിൽ ലക്ഷങ്ങൾ പിരിച്ചുവെന്നും തന്നെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്നും കഴിഞ്ഞ ദിവസമാണ് ധർമജൻ കെപിസിസി പ്രസിഡന്റിന് പരാതി നൽകിയത്.
എന്നാൽ ഇപ്പോൾ ധർമജനെതിരെ യുഡിഎഫ് ബാലുശ്ശേരി മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ രംഗത്ത് എത്തിയിരിക്കുകയണ്. ധർമ്മജൻ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കോൺഗ്രസ് നേതാവ് ഗരീഷ് മൊടക്കല്ലൂർ പറഞ്ഞു.
സ്ഥാനാർഥികൾക്കു സ്വന്തം നിലയിൽ പ്രചാരണത്തിന് പണം കണ്ടത്താൻ കഴിയാതെ വരുമ്പോൾ തിരഞ്ഞെടുപ്പ് കമ്മിറ്റി സംഭാവന സ്വീകരിക്കുന്നതു സാധാരണമാണെന്ന് ഗിരീഷ് പറയുന്നു. ഫണ്ട് ഇല്ലാത്തതിനാൽ പ്രചാരണം മുന്നോട്ടുപോകില്ലെന്ന ഘട്ടത്തിലാണ് സ്ഥാനാർഥിയുടെ അനുമതിയോടുകൂടി ചില പ്രധാന വ്യക്തികളിൽനിന്ന് സംഭാവന സ്വീകരിക്കാൻ തീരുമാനിച്ചത്.
രശീത് നൽകിയാണ് പണം പിരിച്ചത്. 80,000 രൂപ മാത്രമാണ് ഇത്തരത്തിൽ ലഭിച്ചത്. ഇത് തിരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്യുന്ന കെപിസിസി നിർവാഹക സമിതി അംഗത്തെയും ഡിസിസി ഭാരവാഹിയെയും ഏൽപ്പിച്ചിട്ടുണ്ട്. സാമ്പത്തിക കാര്യങ്ങൾ ഒന്നും തിരഞ്ഞെടുപ്പ് കമ്മിറ്റിയെ അറിയിക്കാറില്ല. സ്ഥാനാർഥി എന്ന നിലയിൽ ധർമജൻ വൻ പരാജയമായിരുന്നു.
മുൻപ് മത്സരിച്ച ഒരു യുഡിഎഫ് സ്ഥാനാർഥിയും ഇത്രയും വലിയ പരാജയം ഏറ്റുവാങ്ങിയിട്ടില്ല. രാവിലെ ആറിന് കോളനി സന്ദർശിക്കാൻ കമ്മിറ്റി തീരുമാനിച്ചെങ്കിലും ഒരു ദിവസം പോലും ധർമജൻ അതിനു തയാറായിട്ടില്ല. സന്ധ്യക്ക് ശേഷം സ്ഥാനാർഥി എവിടെയായിരുന്നു എന്ന് ഒരാൾക്കു പോലും അറിയില്ല. രാവിലെ പത്തിനു ശേഷമാണ് സ്ഥാനാർത്ഥി പ്രത്യക്ഷപ്പെടാറുള്ളത്.
ഒന്നാം ഘട്ട സ്ഥാനാർത്ഥി പര്യടനം കമ്മറ്റിയുടെ അറിവിലോ, നിയന്ത്രണത്തിലോ അല്ല നടന്നിട്ടുള്ളത്.രണ്ടാംഘട്ട പര്യടനം വേണ്ട എന്ന് തീരുമാനിച്ചതും കമ്മിറ്റിയില്ല. പരമാവധി കുടുംബസംഗമങ്ങൾ സംഘടിപ്പിക്കാനാണു കമ്മിറ്റി തീരുമാനിച്ചത്. എംപി ഉൾപ്പെടെ ഈ കുടുംബസംഗമങ്ങളിൽ എത്തി.
രമേശ് ചെന്നിത്തലയും പികെ കുഞ്ഞാലിക്കുട്ടിയും ബാലുശ്ശേരിയിലെ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. വോട്ടെണ്ണൽ ദിവസം സ്ഥാനാർത്ഥി ബാലുശ്ശേരിയിൽ വന്നതേയില്ല. തിരഞ്ഞെടുപ്പുമായ് ബന്ധപ്പെട്ട് ഉണ്ണികുളത്ത് സിപിഎം നടത്തിയ അക്രമങ്ങൾ ഒട്ടേറെ യുഡിഎഫ് പ്രവർത്തകർക്കു പരുക്കേറ്റിരുന്നു.
പലരെയും പൊലീസ് കള്ളക്കേസിൽ പ്രതികളാക്കി. സ്ഥാനാർഥിയായിരുന്ന ധർമജൻ ഇതുവരെ അവിടെ സന്ദർശനം നടത്താൻ തയാറായിട്ടില്ല. ആത്മാർഥമായി പ്രവർത്തിച്ച യുഡിഎഫ് പ്രവർത്തകരോടു ധർമജൻ നന്ദികേടാണ് കാണിക്കുന്നത്. സ്ഥാനാർഥി പ്രഖ്യാപനത്തിന് രണ്ടു മാസം മുൻപു തന്നെ ധർമജനെ സ്ഥാനാർഥിവേഷം കെട്ടി ബാലുശ്ശേരിയിൽ അവതരിപ്പിച്ചത് രണ്ടു കോൺഗ്രസ് നേതാക്കളാണ്.
ബാലുശ്ശേരിയിൽ ജനങ്ങളുമായി ബന്ധമുള്ള ഒട്ടേറെ പേർ സ്ഥാനാർഥികളാവാൻ യോഗ്യരായിട്ടും ധർമജനെ സ്ഥാനാർഥിയാക്കിയതിനു പിന്നിലുള്ള താൽപര്യം ദുരൂഹമാണ്. ചില ആളുകളുടെ പ്രേരണയിൽ യാഥാർഥ്യം മനസിലാക്കാതെയാണ് ധർമജൻ പരാതി നൽകിയത്. കെപിസിസി ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ഗരീഷ് മൊടക്കല്ലൂർ ആവശ്യപ്പെട്ടു.