മലയാള സിനിമയിലെ മുൻനിര നായികയായിരുന്നു ഒരു കാലത്ത് നടി ശാരി. പി പതമരാജൻ മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന എവർഗ്രീൻ ക്ലാസ്സിക് സൂപ്പർ ഹിറ്റ് സിനിമയിലൂടെയാണ് ശാരി മലയാളത്തിലേക്ക് എത്തിയത്. പിന്നീട് ദേശാടനക്കിളി കരയാറില്ല, പൊന്മുട്ടയിടുന്ന താറാവ് തുടങ്ങി നിരവധി സിനിമകളിൽ ശാരി നായികയായി.
വിവാഹ ശേഷവും അഭിനയം തുടർന്ന താരം കുഞ്ഞ് പിറന്നതോടെ സിനിമയിൽ നിന്നും വിട്ടുനിന്നു. പിന്നീട് ശാരി തിരികെ അഭിനയത്തിലേക്ക് എത്തിയത് മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജ് നായകനായ ചോക്ലേറ്റ് എന്ന ചിത്രത്തിലൂടെ ആയിരുന്നു. അതിന് ശേഷം വേറെയും ചില സിനിമകളിലും താരം വേഷമിട്ടിരുന്നു.
അതേ സമയം മമ്മൂട്ടി, മോഹൻലാൽ തുടങ്ങി ഒട്ടനവധി മുൻനിര നായകന്മാർക്കൊപ്പം അഭിനയിച്ചിട്ടുള്ള ശാരി പഴയകാല സിനിമ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഇപ്പോൾ. മമ്മൂക്ക സെറ്റിൽ വന്ന് കഴിയുമ്പോൾ ഞാൻ ഇങ്ങനെ നോക്കി കൊണ്ടിരിക്കും. അദ്ദേഹത്തിന്റെ ജീവിത രീതിയും ഭക്ഷണ ശൈലിയും ശരീരം കാത്ത് സൂക്ഷിക്കുന്ന രീതിയുമെല്ലാം.
അദ്ദേഹത്തിന് എന്ത് കഴിക്കണം എന്ത് കഴിക്കണ്ട എന്നതിനെ കുറിച്ചെല്ലാം കൃത്യമായ ബോധമുണ്ട്. അതെല്ലാം അദ്ദേഹത്തിൽ നിന്ന് നമുക്ക് പഠിക്കാം. ഞാൻ അദ്ദേഹത്തോടൊപ്പം അഭിനയിക്കുമ്പോഴും ഒരുപാട് കാര്യങ്ങൾ പഠിച്ചെടുത്തിട്ടുണ്ട്. ഞാനൊരു ഭക്ഷണ പ്രിയയാണ്. കേരളത്തിലെ ഭക്ഷണങ്ങളെല്ലാം ഇഷ്ടമാണ്. കഞ്ഞിയും പയറും ചമ്മന്തിയുമാണ് ഏറ്റവും കൂടുതൽ ഇഷ്ടം.
നന്നായി ഭക്ഷണം കഴിക്കുന്നതിനൊപ്പം ശരീരവും ശ്രദ്ധിക്കണമല്ലോ. ഞാൻ ശ്രദ്ധിച്ചില്ലെങ്കിലും മകൾ ഉള്ളതിനാൽ അവൾ എപ്പോഴും നിയന്ത്രിക്കും. വർക്കൗട്ട് ചെയ്യാൻ പ്രേരിപ്പിക്കും. അവളൊരു ഫിറ്റ്‌നസ് ഫ്രീക്കാണ്. അപ്പോൾ അവൾക്കൊപ്പം ഞാനും ചെയ്യും. അടങ്ങി ചടഞ്ഞിരിക്കാൻ അവൾ സമ്മതിക്കില്ല. അവളാണ് എന്നും എന്റെ പ്രചോദനം.
മകൾ സിനിമയിൽ അഭിനയിക്കുന്നത് എനിക്ക് ഇഷ്ടമാണ്. പക്ഷെ അവൾക്ക് ഇഷ്ടമല്ല. അവളിപ്പോൾ ഞങ്ങളുടെ കുടുംബ ബിസിനസ് നോക്കുന്നുണ്ട്. കൂടാതെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നുമുണ്ട്. അവളുടെ ലോകം വേറൊന്നാണ്. അവളുടെ ആഗ്രഹങ്ങളെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
അതേസമയം സിനിമയാണ് താൽപര്യമെന്ന് പറഞ്ഞാൽ അതിനേയും അനുകൂലിക്കും എന്നും ശാരി പറയുന്നു. അമ്പത്തൊമ്പതുകാരിയായ ശാരി 1991ൽ ആണ് വിവാഹിതയായത്. ശാരി ജനിച്ച് വളർന്നത് ചെന്നൈയിലാണ്. തമിഴിൽ സാധന എന്ന പേരിലാണ് ശാരി അറിയപ്പെടുന്നത്.
ശാരിയുടെ കണ്ണുകളാണ് സംവിധായകൻ പത്മരാജനെ ആകർഷിച്ചതെന്നും അങ്ങനെയാണ് നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ അടക്കമുള്ള സിനിമികളിലെ അവസരം ലഭച്ചതെന്നും ശാരി മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. അഭിനേത്രി മാതൃമല്ല ഭരതനാട്യം അടക്കം പഠിച്ചിട്ടുള്ള നർത്തകി കൂടിയാണ് ശാരി.
ഇപ്പോൾ ഇതാ പഴയ പ്രൗഢിയോടെ തന്നെ മലയാള സിനിമയോടൊപ്പം തുടർന്ന് സഞ്ചരിക്കാൻ ഒരുങ്ങുകയാണ് ശാരി. ജനഗണമന, വിഡ്ഢികളുടെ മാഷ് എന്നിവയാണ് ശാരിയുടേതായി റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമകൾ. ജനഗണമന ഏറെ പ്രതീക്ഷയോടെ സിനിമാ സ്‌നേഹികൾ കാത്തിരിക്കുന്ന സിനിമയാണ്.
കാരണം അത്രത്തോളം വലിയ പ്രതീക്ഷയാണ് സിനിമയുടേതായി പുറത്തിറങ്ങിയ ടീസർ അടക്കം പ്രേക്ഷകർക്ക് സമ്മാനിച്ചത്.പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടുമാണ് സിനിമിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഏപ്രിൽ 28ന് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഡിജോ ജോസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
2018ൽ പുറത്തിറങ്ങിയ ക്വീൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ഡിജോ. ഷാരിസ് മുഹമ്മദിന്റേതാണ് ചിത്രത്തിന്റെ രചന. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് നിർമ്മാണം നിർവഹിച്ചിരിക്കുന്നത്.
ഡ്രൈവിങ്ങ് ലൈസൻസിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രമാണിത്. ജനഗണമനയിൽ ഫാത്തിമ ബീവി എന്ന കഥാപാത്രത്തെയാണ് ശാരി അവതരിപ്പിക്കുന്നത്.