മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച അഭിനേതാക്കളിൽ ഒരാളായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച നടി കെപിഎസി ലളിത. അതുകൊണ്ട് തന്നെ ആ അതുല്യ പ്രതിഭ യാത്ര ആകുമ്പോൾ മലയാള സിനിമയിൽ ഒരിക്കലും നിറയ്ക്കാനാകാത്ത ഒരു ശൂന്യത തന്നെയാണ് രൂപപ്പെട്ടിരിക്കുന്നത്.
തങ്ങളുടെ പ്രിയപ്പെട്ട ലളിതാമ്മയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചു കൊണ്ട് മലയാള സിനിമ ഒന്നാകെ കഴിഞ്ഞ ദിവസം അവരുടെ വസതിയിലെത്തിയിരുന്നു. ഇപ്പോഴിതാ കെപിഎസി ലളിതയെക്കുറിച്ചുള്ള നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.
കെപിഎസിലളിത അനുഭവിച്ചിരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ചടക്കം സുരേഷ് ഗോപി മനോരമ ഓൺലൈനിൽ എഴുതിയ കുറിപ്പിൽ പറയുന്നു. സിനിമാ ലോകത്തിന് ഇത്രയേറെ സംഭവാ നൽകിയൊരു വ്യക്തിയ്ക്ക് സർക്കാർ എന്തെങ്കിലും ചെയ്യണമെന്ന് വിചാരിച്ചപ്പോൾ അതിനെ സമൂഹം എടുത്ത രീതി വേദനിപ്പിക്കുന്നതായിരുന്നു എന്നും സുരേഷ് ഗോപി പറയുന്നു.
തന്റെ മനസ്സിൽ ലളിതചേച്ചി എന്ന നടിയുടെ രൂപം ഇപ്പോഴും തെളിഞ്ഞു നിൽക്കുന്നത് വാഴ് വേമായം എന്ന സിനിമയിലെ ആ കഥാപാത്രത്തിലൂടെ ആണന്നാണ് സുരേഷ് ഗോപി പറയുന്നത്. അന്ന് ഞാൻ നാലിലോ അഞ്ചിലോ പഠിക്കുന്ന കുട്ടിയായിരുന്നു എന്നും അന്ന് എന്റെ മനസ്സിൽ പതിഞ്ഞു പോയ രൂപമാണ് ചേച്ചിയുടേതെന്നും സുരേഷ് ഗോപി പറയുന്നു.
ചേച്ചി ചെന്നൈയിൽ താമസിച്ചിരുന്ന സൗധം ഞാൻ കണ്ടിട്ടുണ്ട്. എത്രയോ തവണ ചാൻസ് ചോദിച്ച് ഞാൻ അവിടെ പോയിട്ടുണ്ട്. ചേച്ചി പുറത്തു വന്നിട്ടേയില്ല. ഭരതേട്ടനെ കാണാൻ അവിടെ ചെല്ലുമ്പോൾ ഒരു വട്ടമെങ്കിലും ചേച്ചിയെ കാണാൻ പറ്റുമോ എന്നു നോക്കിയിരുന്നു. പക്ഷേ ചേച്ചിയെ കണ്ടിട്ടില്ലെന്നാണ് സുരേഷ് ഗോപി ഓർക്കുന്നത്.
അത്രയും ഒതുങ്ങി ഒരു കുടുംബിനിയായി ജീവിക്കുകയായിരുന്നു അവർ. ഭരതേട്ടൻ ഇല്ലാതായതിനു ശേഷം, ആ രണ്ടു മക്കളെ വളർത്തിക്കൊണ്ടു വരുന്നതിന് പിന്നിൽ അവർ എടുത്തൊരു പ്രയത്നമുണ്ടെന്നും സുരേഷ് ഗോപി ഓർക്കുന്നു. സ്ത്രീ ശാക്തീകരണത്തിന്റെ ഒെക്കെ ഒരു ബിംബം തന്നെയാണ് ലളിതച്ചേച്ചി എന്നാണ് സുരേഷ് ഗോപി അഭിപ്രായപ്പെടുന്നത്.
ഭരതേട്ടനില്ലാതെ, ഒരച്ഛന്റെ തുണയില്ലാതെ ഒരു മോനെയും മോളെയും വളർത്തി വലുതാക്കി അവരെ എത്തിക്കേണ്ടിടത്ത് എത്തിക്കുകയായിരുന്നു അവരെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാണിക്കുന്നു. ചേച്ചി അത്രയും ശക്തയായി നിന്ന് ഒരുപാട് ജോലി ചെയ്തു. പക്ഷേ, കയ്യിലെത്ര ബാക്കിയുണ്ടെന്ന് ആരും അന്വേഷിച്ചില്ല.
അങ്ങനെ ആരുടെയും ദാനം കൈപ്പറ്റുന്ന ഒരു സ്ത്രീ അല്ല ചേച്ചി. അവർ ജീവിതത്തിൽ ഒരുപാട് യാതനകൾ അനുഭവിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറയുന്നു. തന്നേക്കാൾ കൂടുതൽ ലളിതശ്രീ ചേച്ചിക്കൊക്കെ അക്കാര്യം നന്നായി അറിയാമെന്നാണ് സരേഷ് ഗോപി പറയുന്നത്.
സിനിമ മോശമാണെങ്കിലും ലളിതചേച്ചി അവതരിപ്പിക്കുന്ന കഥാപാത്രത്തിന് അവർ കൊടുക്കുന്ന ഹൃദയം. അതിനകത്ത് ഒരു കൃത്രിമത്വവും ഉണ്ടാകാറില്ലെന്നാണ് സുരേഷ് ഗോപി അഭിപ്രായപ്പെടുന്നത്.കെപിഎസി ലളിത രണ്ട് വർഷം മുമ്പ് തന്റെ വീട്ടിൽ വന്നതിനെക്കുറിച്ചും സുരേഷ് ഗോപി ഓർക്കുന്നുണ്ട്. രണ്ടു വർഷം മുൻപ് കോവിഡ് തുടങ്ങിയ സമയത്ത് ചേച്ചി വീട്ടിലേക്ക് വന്നിരുന്നു.
ചോറു വേണമെന്ന് പറഞ്ഞായിരുന്നു വരവ്. സുരേഷേ ഞാൻ അങ്ങോട്ടു വരുവാ, രാധികയുടെ അടുത്ത് പറയൂ എനിക്ക് ചോറ് എടുത്തു വയ്ക്കണമെന്ന് സാമ്പാറു വേണം കേട്ടോ എന്നൊക്കെ പറയുന്ന ലളിതചേച്ചി പെട്ടെന്നങ്ങു ഇല്ലാതാകുന്നത് വല്ലാത്തൊരു വിഷമമാണ്’എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.
പഴയ കാലത്തെ നടീനടന്മാർ മൺമറയുമ്പോൾ വേദന എന്നു പറയുന്നത്, വീട്ടിലെ അംഗം നഷ്ടമാകുന്നതു പോലെ ആണെന്നും സുരേഷ് ഗോപി പറയുന്നു. ലളിതചേച്ചിയെ പോലുള്ള കലാകാരന്മാരും കലാകാരികളും അവരുടെ കഥാപാത്രങ്ങളിലൂടെ ഓരോ വീട്ടിലും സ്ഥാനം പിടിച്ചിട്ടുണ്ട്.
വ്യക്തമായ ബോധ്യത്തോടെ ഓരോ കഥാപാത്രവും ചെയ്തിട്ടുള്ള ഒരു ഉന്നത കലാകാരിയായിരുന്നു കെപിഎസി ലളിതയെന്നും ജനങ്ങളുടെ ഹൃദയത്തിലാണ് അവരൊക്കെ പതിഞ്ഞു കിടക്കുന്നതെന്നും സുരേഷ് ഗോപി പറയുന്നു. അതേ സമയം അടുത്തിടെ പുറത്തിറങ്ങിയ സുരേഷ് ഗോപിയുടെ മടങ്ങി വരവ് ചിത്രമായ വരനെ ആവശ്യമുണ്ടിലും കെപിഎസി ലളിത അഭിനയിച്ചിരുന്നു.
വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിൽ ആഭിനയിക്കുമ്പോൾ ചേച്ചിക്ക് ഒരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ല. എല്ലാവരും ചേച്ചിക്ക് ഒരു സ്പെഷൽ കെയർ ഒക്കെ കൊടുത്തിരുന്നു എങ്കിലും, ചേച്ചി അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ഓടി നടക്കുന്നുണ്ടായിരുന്നു. ശോഭനയുമായും എല്ലാവരുമായും തമാശയൊക്കെ പറഞ്ഞു ഓടി നടക്കുക ആയിരുന്നു എന്നാണ് സുരേഷ് ഗോപി പറയുന്നത്.
ഷൂട്ടിനു വരുമ്പോഴും ഏറ്റവും അവസാനമായി വീട്ടിൽ വന്നപ്പോഴും അസുഖത്തിന്റേതായ ലാഞ്ചനയൊന്നും പുറത്തു കാണിച്ചിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഭക്ഷണകാര്യത്തിൽ പോലും അസുഖത്തിന്റേതായ ഒന്നും നോക്കിയിരുന്നില്ല കെപിഎസി ലളിത എന്നാണ് സുരേഷ് ഗോപി പറയുന്നത്. പായസം ഒക്കെ കുടിക്കുമായിരുന്നു. അത് കഴിക്കാൻ പാടില്ല. ചോദിക്കുമ്പോൾ പറയും ‘ഓ ഒന്നുമില്ലെടാ ഞാൻ ഇന്നു ഒരു മരുന്ന് കൂടുതൽ കഴിക്കും, അപ്പോ അതങ്ങു പോകും എന്ന് പറഫയുമെന്നും സുരേഷ് ഗോപി പറയുന്നു.
അതേസമയം, ചേച്ചിയുടെ ജീവിത ചരിത്രം ചികഞ്ഞു നോക്കിയാൽ അതത്ര സുന്ദരമൊന്നുമല്ലെന്നാണ് സുരേഷ് ഗോപി പറയുന്നത്. ചേച്ചിക്ക് കേരള സർക്കാർ പിന്തുണ നൽകിയപ്പോൾ സോഷ്യൽ മീഡിയയിൽ വന്ന ചില കമന്റുകൾ അതു കണ്ടപ്പോൾ തനിക്ക് സഹിക്കാൻ പറ്റിയില്ലെന്നാണ് സുരേഷ് ഗോപി പറയുന്നത്.
മലയാള ചലച്ചിത്രലോകത്തിന് ഇത്രയേറെ സംഭാവന നൽകിയ വ്യക്തി എന്ന നിലയ്ക്ക് ഗവൺമെന്റ് എന്തെങ്കിലും ചെയ്യണമെന്ന് വിചാരിച്ചപ്പോൾ, അതിനെ സമൂഹം എടുത്ത രീതി വളരെ വേദനിപ്പിക്കുന്ന ഒന്നായിരുന്നുവെന്നും ചേച്ചിയുടെ ജീവിതത്തിന്റെ അവസ്ഥ അങ്ങനെയായിരുന്നുവെന്നും സുരേഷ് ഗോപി പറയുന്നു.
അതേ സമയം കേരള സർക്കാർ കെപിഎസി ലളിതയുടെ ചികിൽസ ഏറ്റെടുത്തപ്പോൾ അതിന് എതിരെ രംഗത്ത് വന്നത് സുരേഷ് ഗോപിയുടെ സ്വന്തം പാർട്ടിയായ ബിജെപിക്കാരും കോൺഗ്രസുകാരും ലീഗുകാരും ആയിരുന്നു എന്നതാണ് ശ്രദ്ധേയം.