ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗർ മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് റിയാലിറ്റി ഷോയായിരുന്നു. നൂറു കണക്കിന് പുതുമുഖ ഗായകരെയാണ് ഈ പരിപാടി മലയാളികൾക്ക് പരിചയപ്പെടുത്തിയത്. അതിൽ നിരവധി ഗായകർ മലയാള സിനിമയിൽ പിന്നണി ഗായകരായി മാറിയിട്ടുണ്ട്.
അത്തരത്തിൽ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട താരമായി മാറിയ വ്യക്തിയാണ് ഇമ്രാൻഖാൻ. ഇമ്രാൻ ഖാന്റെ തടിയാണ് പ്രേക്ഷകർ ഏറ്റവുമധികം ശ്രദ്ധിച്ചത്. 200 കിലോയോളം ഭാരമുണ്ട് ഇമ്രാൻ ഖാന്. തടികൾ എല്ലാവരും ഒരു ഭാരമായി കാണുമ്പോഴും അതിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് ഇമ്രാൻ ഖാൻ.
ഇപ്പോഴിതാ തന്റെ ജീവിതത്തിന്റെ ശ്രുതി ചേർന്ന് പ്രിയപ്പെട്ടവൾ എത്തിയതിന്റെ സന്തോഷത്തിലാണ് ഇമ്രാൻ ഖാൻ. തനിക്കായി പിറന്നവൾ തേടി വന്ന പോലെ. ഒന്നര മാസത്തിനുള്ളിൽ ആലോചനയും ഉറപ്പിക്കലും കല്യാണവും ഒക്കെക്കഴിഞ്ഞ് ഡിസംബർ 18 നു ആലുവ സ്വദേശിനി സെഹറു ഇമ്രാന്റെ മണവാട്ടിയായി കൊല്ലം പള്ളിമുക്കിലെ വീട്ടിലെത്തി.
തന്നെ അറിയുന്ന, മനസ്സിലാക്കുന്ന, പാട്ടിനെയും തന്നെയും ജീവനു തുല്യം സ്‌നേഹിക്കുന്ന ഒരു പെൺകുട്ടിയെ ജീവിതപ്പാതിയായി ഒപ്പം കൂട്ടാനായതിന്റെ സന്തോഷം വിവാഹ വിശേഷങ്ങൾ പങ്കിടുമ്പോൾ ഇമ്രാന്റെ വാക്കുകളിൽ നിറയുന്നുണ്ടായിരുന്നു. ആലുവയാണ് സെഹറുവിന്റെ നാട്. പതിനെട്ടാം തീയതിയായിരുന്നു വിവാഹം. കുടുംബ സുഹൃത്തുക്കൾ വഴി വന്ന ആലോചനയാണ്.
പെട്ടെന്ന് ഒരു മാസം കൊണ്ടാണ് തീരുമാനിച്ചത്. വീട്ടുകാർക്ക് താൽപര്യമായപ്പോൾ ഞങ്ങൾ തമ്മിൽ സംസാരിച്ചു. രണ്ടാൾക്കും പരസ്പരം ഇഷ്ടമായി. സെഹറു ഡയറ്റീഷ്യനും ന്യൂട്രീഷ്യനിസ്റ്റുമാണ്. മുൻപ് ഒരു ആശുപത്രിയിൽ ജോലിയുണ്ടായിരുന്നു. ഇപ്പോൾ സ്വന്തമായി ചെയ്യുന്നു എന്ന് ഇമ്രാൻ പറയുന്നു.
എന്നെ ഇഷ്ടപ്പെടുന്ന, മനസ്സിലാക്കുന്ന ഒരാളെ ജീവിത പങ്കാളിയായി കിട്ടണം എന്നാണ് ഞാൻ ആഗ്രഹിച്ചത്. അങ്ങനെ ഒരാളെ കിട്ടി. എന്റെ തടിയും ജോലിയും പാഷനുമൊക്കെ മനസ്സിലാക്കുന്ന ഒരാളെന്നതാണ് വലിയ സന്തോഷം. ഡയറ്റീഷ്യൻ എന്ന നിലയിൽ എന്റെ തടിയുൾപ്പടെയുള്ള കാര്യങ്ങൾ ശാസ്ത്രീയമായി മനസ്സിലാക്കുന്ന ഒരാൾ കൂടിയാണ് സെഹറു.
വിവാഹ ആലോചനകളിൽ എന്റെ തടി ഒരു വലിയ പ്രശ്‌നമായിട്ടുണ്ട്. പല ആലോചനകളും തടിയുടെ പേരിലാണ് മുടങ്ങിയത്. ഇപ്പോൾ കുറച്ച് നോർമലായി എങ്കിലും തടിയുണ്ടല്ലോ. പരിചയമുള്ളവരും കുടുംബക്കാരും വരെ നിനക്ക് പെണ്ണ് കിട്ടില്ലെന്നു പറഞ്ഞ് കളിയാക്കിയിട്ടുണ്ട്. സ്വാഭാവികമായും തടിയുള്ളവർ ബോഡി ഷെയ്മിങ് നേരിടുമല്ലോ.
പല പെൺകുട്ടികളുടെയും വീട്ടുകാർ പറഞ്ഞിട്ടുണ്ട് തടിയാണ് പ്രശ്‌നമെന്ന്. അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അതിനെല്ലാം കൂടിയുള്ള ഒരു മറുപടിയാണ് ഇത്. നല്ല വിദ്യാഭ്യാസമുള്ള, എന്നെ മനസ്സിലാക്കുന്ന, ഉൾക്കൊള്ളുന്ന പെണ്ണിനെ കിട്ടി. എല്ലാ അർഥത്തിലും സന്തോഷം. പണ്ട് ടിവിയിൽ കാണുന്ന കാലം തൊട്ടേ സെഹറുവിന് എന്റെ പാട്ട് വലിയ ഇഷ്ടമായിരുന്നുവെന്ന് പറഞ്ഞിട്ടുണ്ട്.
ഞങ്ങൾ തമ്മിൽ ആകെ ഒന്നരമാസത്തെ പരിചയമേയുള്ളൂ. മനസ്സുകൾ അടുക്കാൻ അത്ര സമയം ധാരാളം എന്നും ഇമ്രാൻ പറയുന്നു. പാട്ടിന്റെ ലോകമായിരുന്നു ഇമ്രാൻ ഖാൻ കൊതിച്ചത്. പക്ഷേ, വിധി ഇമ്രാനെ എത്തിച്ചത് ഓട്ടോറിക്ഷാ ഡ്രൈവറുടെ കുപ്പായത്തിനുള്ളിലും. ഐഡിയ സ്റ്റാർ സിങ്ങർ വേദിയെ ത്രസിപ്പിച്ചിരുന്ന ആ പഴയ ഇമ്രാൻ ഖാൻ ഓട്ടോറിക്ഷ ഡ്രൈവറായ വാർത്ത അടുത്തിടെയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
സമൂഹമാധ്യമങ്ങളിലൂടെ ഇമ്രാൻ പാടുന്നതിന്റെ പുതിയ വിഡിയോകളും ആസ്വാദകർ ഏറ്റെടുത്തു. എങ്കിലും സംഗീതത്തോടുള്ള അടങ്ങാത്ത പ്രണയം മനസ്സിൽ സൂക്ഷിച്ച് ജീവിതത്തോടു പടവെട്ടി നീങ്ങുന്ന ഇമ്രാന്റെ ജീവിതപ്പാതിയായി ഇനി സെഹറുവുമുണ്ട്.
ഇപ്പോഴും ഓട്ടോറിക്ഷ തന്നെയാണ് ഇമ്രാന്റെ ജീവിത മാർഗം. ഇപ്പോൾ തിയറ്ററിൽ പ്രദർശനം തുടരുന്ന ഉടുമ്പ് എന്ന ചിത്രത്തിലെ രണ്ടു പാട്ടുകളും പാടിയിരിക്കുന്നത് ഇമ്രാനാണ്. ഒപ്പം മ്യൂസിക് ആൽബങ്ങളിലും പാടുന്നു. അതേ സമയം കുറച്ചു ദിവസങ്ങൾക്കു മുുമ്പ് കൈരളി ടിവിയിലെ ഒരു പരിപാടിയിൽ തന്റെ അച്ഛനും അമ്മയും തന്നെ ദത്ത് എടുത്ത് വളർത്തിയതാണ് എന്നുള്ള സത്യം താരം തുറന്നു പറഞ്ഞിരുന്നു.