തമിഴ് സിനിമകളിലൂടെ അരങ്ങേറ്റം കുറിച്ച് പിന്നീട് താരരാജാവ് മോഹൻലാലിന്റെ 1971 ബിയോണ്ട് ദ ബോർഡേഴ്സ് എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ താരമാണ് നടി ശരണ്യ ആനന്ദ്. വിനയൻ സംവിധാനം ചെയ്ത ആകാശഗംഗ 2 എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തിൽ ശ്രദ്ധേയയായത്.
ഈ ചിത്രത്തിലെ ശരണ്യയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ആകാശഗംഗ 2ന് പിന്നാലെ മമ്മൂട്ടിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കത്തിലും നടി അഭിനയിച്ചിരുന്നു. തുടർന്ന് അച്ചായൻസ്, ചങ്ക്സ്, കാപ്പുചീനോ തുടങ്ങിയ സിനിമകളിലും ശരണ്യ ആനന്ദ് അഭിനയിച്ചു. സിനിമകൾക്കൊപ്പം മിനിസ്‌ക്രീൻ രംഗത്തും സജീവമാണ് താരം.
ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പരയായ കുടുംബവിളക്ക് എന്ന സീരിയലിൽ വേദിക എന്ന വില്ലത്തി വേഷം ചെയ്തുകൊണ്ടാണ് നടി പ്രേക്ഷകർക്ക് മുൻപിൽ എത്താറുളളത്. എഷ്യാനെറ്റിൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുന്ന പരമ്ബരകളിൽ ഒന്നുകൂടിയാണ് കുടുംബവിളക്ക്.
അതേസമയം സിനിമകളേക്കാൾ കൂടുതൽ പ്രതികരണങ്ങൾ സീരിയലിൽ അഭിനയിച്ചപ്പോഴാണ് തനിക്ക് ലഭിച്ചതെന്ന് നടി പറഞ്ഞിരുന്നു. ഇ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ശരണ്യ ആനന്ദ് ഇക്കാര്യം പറഞ്ഞത്. താൻ ചെയ്ത സിനിമകളേക്കാൾ കൂടുതൽ കുടുംബവിളക്ക് പരമ്പര ശ്രദ്ധ നേടിത്തന്നിട്ടുണ്ട്.
ആദ്യം ഈ കഥാപാത്രം പ്രേക്ഷകർ എങ്ങനെയാണ് സ്വീകരിക്കുകയെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാൽ ദിവസങ്ങൾക്കകം നല്ല പ്രതികരണങ്ങൾ ലഭിച്ചുതുടങ്ങി. സിനിമയിറങ്ങിയപ്പോൾ ലഭിച്ചതിനേക്കാൾ മൂന്നിരട്ടി പ്രതികരണങ്ങളാണ് പരമ്പരയിൽ അഭിനയിച്ച ശേഷം തേടിയെത്തിയതെന്ന് നടി പറഞ്ഞു.
കുടുംബവിളക്കിൽ തന്റേത് ഒരു നെഗറ്റീവ് കഥാപാത്രമാണെന്ന് പറയാൻ കഴിയില്ലെന്നും ശരണ്യ പറയുന്നു.
അവളുടെ യഥാർത്ഥ പ്രണയത്തിനായി പോരാടുന്ന ഒരു സാധാരണ സ്ത്രീ മാത്രമാണ് വേദിക. സുമിത്രയോട് അവൾ ഇപ്പോൾ പ്രതികാര ബുദ്ധിയോടെയാണ് പെരുമാറുന്നത്.
എന്നാൽ പലപ്പോഴും അവളെ വളരെയധികം അപമാനിച്ചതിന് ശേഷമാണ് അങ്ങനെ ചെയ്യുന്നത്. വേദികയുടെ കഥാപാത്രത്തിൽ നെഗറ്റീവ് ഷേഡുകളുണ്ടെന്നും നടി പറയുന്നു. മികച്ച കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ അത്തരം കഥാപാത്രങ്ങൾ വേണമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അഭിമുഖത്തിൽ ശരണ്യ ആനന്ദ് വ്യക്തമാക്കി.