മലയാളത്തിൽ ഒരു പിടി മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ച മീര വാസുദേവ് എന്ന അഭിനേത്രി തന്റെ ആദ്യം ചിത്രം സ്വീകരിച്ചത് ഒരു നടിയും ഏറ്റെടുക്കാൻ മടിക്കുന്ന കഥാപാത്രം ഏറ്റെടുത്തു കൊണ്ടായിരുന്നു.
2005 ഡിസംബർ പതിനാറിന് റിലീസ് ചെയ്ത തന്മാത്ര എന്ന ചിത്രത്തിലൂടെയാണ് മീര വാസുദേവ് അരങ്ങേറുന്നത്.
മോഹൻലാൽ ബ്ലെസ്സി ടീമിന്റെ ആദ്യ ചിത്രമായ തന്മാത്രയിൽ ലേഖ എന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിച്ചത്.
23ാം വയസ്സിൽ പതിനേഴു വയസുകാരന്റെ അമ്മയായി അഭിനയിക്കാൻ മീരയ്ക്ക് മടിയുണ്ടായിരുന്നില്ല. അന്നത്തെ കാലത്ത് ഏതൊരു യുവനടിയും അമ്മ കഥാപാത്രം തിരസ്‌കരിക്കുന്നിടത്താണ് പതിനേഴ് വയസ്സുകാരന്റെ അമ്മയായി ഇമേജ് നോക്കാതെ മീര പ്രത്യക്ഷപ്പെട്ടത്.
ഗോൾഡൻ കളർ ഹെയറും ജീൻസും ടോപ്പും അണിഞ്ഞാണ് മീര ബ്ലെസ്സി എന്ന സംവിധായകന് മുന്നിൽ എത്തിയത്, എന്നാൽ തന്റെ സിനിമയിലെ നായിക കഥാപാത്രം ഇത് തന്നെയെന്നു ബ്ലെസ്സി തീരുമാനിക്കുകയായിരുന്നു. പത്മാരജന്റെ ‘ഓർമ്മ’ എന്ന ചെറുകഥയുടെ സിനിമാ രൂപമായിരുന്നു തന്മാത്ര.
മറവി രോഗം ബാധിച്ച രമേശൻ എന്ന വ്യക്തിയുടെ കുടുംബ ജീവിതത്തെ മുൻനിർത്തി പറഞ്ഞ ചിത്രം വാണിജ്യപരമായും കലാപരമായും ശ്രദ്ധ നേടിയിരുന്നു. നെടുമുടി വേണു, ജഗതി ശ്രീകുമാർ, ഇന്നസെന്റ്, പ്രതാപ് പോത്തൻ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങൾ.