മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി എംടി ഹരഹിരന്‍ ടീമിന്റെ പഴശ്ശിരാജയില്‍ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചത് നടി കനിഹയെ സംബന്ധിച്ച് വലിയ കാര്യങ്ങളില്‍ ഒന്നാണ്, പഴശ്ശിയുടെ സഹധര്‍മ്മിണി കൈതേരി മാക്കം എന്ന കഥാപാത്രത്തെയാണ് കനിഹ ചിത്രത്തില്‍ അവതരിപ്പിച്ചത്.
സിനിമയില്‍ അഭിനയിക്കാനായി ചെന്ന തന്നെ ആദ്യം മടക്കി അയച്ചതായി കനിഹ വെളിപ്പെടുത്തുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു കനിഹയുടെ പ്രതികരണം. മലയാള സിനിമയില്‍ നായികയാകാന്‍ വിളിക്കുന്നു.
കോടമ്പാക്കത്ത് ഓഫീസില്‍ വരാനാണ് പറഞ്ഞത്. ഞാന്‍ അവിടെ ചെന്നപ്പോള്‍ ഹരിഹരന്‍ സാര്‍ ഉണ്ട്. സത്യത്തില്‍ എനിക്കൊന്നും അറിയില്ലായിരുന്നു. ഇത് ഇത്ര വലിയൊരു ചരിത്ര സിനിമയാണെന്നോ ഹരിഹരന്‍ സാര്‍ ആരെന്നെപോലും അറിയില്ലായിരുന്നു.
ഞാനാകട്ടെ ജീന്‍സും ടീ ഷര്‍ട്ടും അണിഞ്ഞാണ് സാറിനെ കാണാന്‍ ചെന്നത്. എന്നെ കണ്ട ശേഷം അദ്ദേഹം ഓള്‍ ദ് ബെസ്റ്റ് പറഞ്ഞു. അതിന് ശേഷം പൊയ്ക്കോളാന്‍ പറഞ്ഞു. സത്യം പറഞ്ഞാല്‍ ഇഷ്ടപ്പെടാതെ പറഞ്ഞുവിട്ടപ്പോലെ.
എനിക്ക് ആണെങ്കില്‍ ഈ റിജക്‌ട് ചെയ്യുക എന്നത് ഇഷ്ടമല്ലാത്തൊരു കാര്യമാണ്. എന്റെ നൂറുശതമാനം നല്‍കിയ ശേഷം എന്നെ തളളുകയാണെങ്കില്‍ വിഷമമില്ല. വീട്ടില്‍ ചെന്ന ശേഷം ഞാന്‍ വീണ്ടും സാറിനെ വിളിച്ചു.
സാര്‍ എന്ത് കഥാപാത്രമാണ് നിങ്ങള്‍ വിചാരിക്കുന്നതെന്ന് പറയാമോ എന്ന് ചോദിച്ചു. അപ്പോഴാണ് പഴശ്ശിരാജ സിനിമയെക്കുറിച്ചും ആ കഥാപാത്രത്തെക്കുറിച്ചും പറയുന്നത്. തമിഴില്‍ വരളാരു എന്നൊരു സിനിമ ചെയ്തിരുന്നു. അതിലൊരു ഗാനത്തില്‍ രാഞ്ജിയുടെ വേഷത്തിലാണ് അഭിനയിച്ചത്. ആ വിഡിയോ സാറിന് മെയ്‌ല്‍ ചെയ്തു.
ദയവ് ചെയ്ത് ഇതൊന്നുകാണാമോ എന്ന് ചോദിച്ചു. വീഡിയോ കണ്ടതോടെ അദ്ദേഹത്തിന്റെ മനസ്സ് മാറി. മൂന്നുദിവസത്തിന് ശേഷം ഓഫീസില്‍ വന്ന് കോസ്റ്റ്യൂമില്‍ കണ്ടുനോക്കാം എന്നു പറഞ്ഞു. അങ്ങനെ അവിടെവെച്ച് കോസ്റ്റ്യൂം തരുകയും അതിലെ ഒരു ഡയലോഗ് പറഞ്ഞുനോക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
അതില്‍ അദ്ദേഹം സംതൃപ്തനായതോടെ പഴശിരാജയുടെ കരാറില്‍ അവിടെ വെച്ച് തന്നെ ഒപ്പിട്ടു’. കനിഹ വ്യക്തമാക്കുന്നു.