മലയാള സിനിമാ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് അന്തരിച്ച നടൻ സുകുമാരന്റേത്. അദ്ദേഹത്തിന്റെ ഭാര്യ മല്ലിക വർഷങ്ങളായി മലയാള സിനിമാ സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുകയാണ്. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും അവരുടെ ഭാര്യമാരും മക്കളുമെല്ലാം ഏതെങ്കിലും തരത്തിൽ സിനിമയും ബന്ധപ്പെട്ട് നിൽക്കുന്നവർ ആണ്.
മലയാളത്തിന്റെ യൂത്ത് ഐക്കൺ ആയി നിൽക്കുന്ന യുവ സൂപ്പർതാരമാണ് സുകുമാരന്റെ ഇളയ മകൻ പൃഥ്വിരാജ്. നടൻ സംവിധായകൻ നിർമ്മാതാവ് തുടങ്ങി വിവിധ മേഖലകളിൽ ശോഭിച്ച് നിൽക്കുയാണ് പൃഥ്വിരാജ് ഇപ്പോൾ. അച്ഛന്റേയും അമ്മയുടേയും സിനിമ പാരമ്പര്യമാണ് പൃഥ്വിരാജിനെ സിനിമയിൽ എത്തിച്ചത്.
എന്നിരുന്നാലും ഇരുപതിലേറെ വർഷങ്ങളായി അയാൾ മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്നത് സ്വന്തം കഴിവും നിശ്ചയദാർഢ്യവും കൊണ്ട് മാത്രമാണ്. ഇപ്പോൾ അന്യഭാഷ സിനിമകൾ പോലും കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻ സാണ്. പൃഥ്വിരാജ് സുകുമാരനെന്ന പേര് ഇന്ന് ബോളിവുഡിൽ അടക്കം വലിയ ശ്രദ്ധ നേടി കഴിഞ്ഞു.
രാജസേനന്റെ നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവന് ഉണ്ടൊരു രാജകുമാരി എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത് എങ്കിലും രഞ്ജിത്തിന്റെ സംവിധാനത്തിൽ 2002ൽ തിയേറ്ററുകളിൽ എത്തിയ നന്ദനം എന്ന ചിത്രത്തിലൂടെ അണ് പൃഥ്വിരാജ് എന്ന നടനെ പ്രേക്ഷകർക്ക് അറിഞ്ഞ് തുടങ്ങിയത്. ഈ ചിത്രത്തിലൂടെ തന്നെ തന്റെ അഭിനയത്തിലുള്ള കഴിവ് പൃഥ്വിരാജ് പ്രേക്ഷകർക്ക് കാണിച്ച് കൊടുത്തിരുന്നു.
അതേ സമയം അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നതിന് മുൻപ് പ്രമുഖ സംവിധായകൻ ഫാസിൽ ഒരുക്കിയ കയ്യെത്തും ദൂരത്ത് എന്ന സിനിമയിൽ അഭിനയിക്കാൻ പൃഥ്വിരാജ് ചെന്നിരുന്നു എന്നാൽ പൃഥിരാജിനെ ഈ സിനിമയിലേക്ക് ഫാസിൽ തിരഞ്ഞെടുത്തില്ല. ആ കഥ വെളിപ്പെടുത്തുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
കൈയെത്തും ദൂരത്ത് എന്ന സിനിമയ്ക്ക് വേണ്ടി സംവിധായകൻ ഫാസിൽ പുതുമുഖ നായകനെ അന്വേഷിക്കുന്ന സമയം. ഒരു പാവത്താൻ ലുക്കുള്ള നായകനെ തപ്പി നടന്ന ഫാസിൽ, അവസാനം സ്വന്തം മകനായ ഫഹദിനെ തന്നെ നായകനാക്കാൻ തീരുമാനിക്കുക ആയിരുന്നു. ഇതിനിടയിൽ സിനിമാ നടിയായ അമ്മയുടെ നിർബന്ധത്താൽ പൃഥ്വിരാജ് ഫാസിലിനെ കാണാൻ ചെന്നിരുന്നു.
ഒരു തന്റേടി ലുക്ക് ആയിരുന്ന പൃഥ്വിരാജിനെ തന്റെ നായക കഥാപാത്രത്തിന് യോജിക്കാത്തത് കാരണം ഫാസിൽ മടക്കി അയച്ചു. അതെ സമയം, തിരക്കഥാകൃത്ത് രഞ്ജിത്ത് തന്റെ രണ്ടാമത്തെ സിനിമയായ നന്ദനത്തിന് വേണ്ടി ഒരു പുതുമുഖ നായകനെ അന്വേഷിക്കുന്ന കാര്യം ഫാസിലിനോട് പറഞ്ഞിരുന്നു. ആ കഥാപാത്രത്തിന് പൃഥ്വിരാജ് യോജിക്കുമെന്ന് തോന്നിയതു കൊണ്ട് ഫാസിൽ രഞ്ജിത്തിനെ വിളിച്ച് കാര്യം പറഞ്ഞു.
രഞ്ജിത്ത് തന്റെ സഹ നിർമ്മാതാവായ നടൻ സിദ്ദിഖ്‌നോട് പൃഥ്വിയുടെ അമ്മയെ വിളിച്ച് അന്വേഷിക്കണം എന്ന് പറഞ്ഞു. മകനെ സിനിമയിൽ അഭിനയിക്കാൻ താല്പര്യമുണ്ടോ എന്ന് വിളിച്ചു ചോദിച്ച സിദ്ധിഖിനോട് മല്ലിക സുകുമാരൻ ആദ്യം ചോദിച്ചത് ഇന്ദ്രനെയാണോ ഉദ്ദേശിക്കുന്നത് എന്നായിരുന്നു. അന്ന് ഇന്ദ്രജിത്ത് ഒന്നോ രണ്ടോ സിനിമയിൽ അഭിനയിച്ചിരുന്നു.
അല്ല, പൃഥ്വിയെയാണ് ഉദ്ദേശിക്കുന്നത് എന്ന് പറഞ്ഞപ്പോൾ, പൃഥ്വിരാജ് ഓസ്‌ട്രേലിയയിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് അവന് അഭിനയിക്കാൻ താല്പര്യമില്ല എന്നായിരുന്നു മല്ലിക സുകുമാരന്റെ മറുപടി. എന്തായാലും രഞ്ജിത്തിന് കാണാൻ പൃഥ്വിരാജിനെ പറഞ്ഞ് വിടാമെന്ന് മല്ലിക സുകുമാരൻ സമ്മതിച്ചു. കോഴിക്കോട് രഞ്ജിത്തിന്റെ വീട്ടിൽ എത്തിയ പൃഥ്വിരാജ്, വാതിൽ തുറന്ന് ഇറങ്ങി വന്ന രഞ്ജിത്തിനോട് സ്വയം പരിചയപ്പെടുത്തി.
ഞാൻ പൃഥ്വിരാജ്, മല്ലിക സുകുമാരന്റെ മകനാണ് നന്ദനത്തിലെ നായകനായ മനുവിന്റെ ഇൻട്രൊ സീനാണ് രഞ്ജിത്തിന് അപ്പോൾ ഓർമ്മ വന്നത്. പൃഥ്വിരാജ് മടങ്ങിയതും രഞ്ജിത്ത് സിദ്ദിഖിനെ വിളിച്ചു പറഞ്ഞു, ഇനി വേറെ ആരെയും നോക്കണ്ട, നമ്മുടെ നായകൻ പൃഥ്വിരാജ് തന്നെ. അങ്ങനെയാണ് പൃഥ്വിരാജ് നന്ദനം എന്ന സിനിമയിലേക്ക് കടന്നു വരുന്നത് എന്നാണ് ആ കുറിപ്പിൽ വ്യക്തമാക്കുന്നത്.