മലയാളത്തിന്റെ പഴയകാല സൂപ്പർതാരമായ സുകുമാരന്റെ മകനും അഭിനേതാവും സംവിധായകനും നിർമ്മാതാവും ആണ് യൂത്ത് ഐക്കൺ പൃഥ്വിരാജ്. അതേ പോലെ തന്നെ 40 വർഷത്തിലേറെയായി മലയാള സിനിമയെ നിയന്ത്രിക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനും നടനും നിർമ്മാതാവുമാണ് ആരാധകർ കുഞ്ഞിക്ക എന്നു വിളിക്കുന്ന ദുൽഖർ സൽമാൻ.
കുടുംബ പ്രേക്ഷകരുടെ ഇടയിലും. യുവാക്കൾക്കിടയിലും ഒരേ പോലെ ഏറെ സ്വീകാരിതയുള്ള യുവനടന്മാർ കൂടിയാണ് പൃഥ്വിരാജും ദുൽഖർ സൽമാനും. വ്യത്യ്‌സ്തമായ വേഷങ്ങളിലൂടെ ഇരുവരും ആരാധകരെ അമ്പരിപ്പിക്കുകയാണ്.
മലയാളത്തിനപ്പുറവും വിജയം നേടിയവരാണ് ദുൽഖറും പൃഥ്വിരാജും. ബോളിവുഡിലും തമിഴിലുമെല്ലാം രണ്ടു പേരും വിജയ ചിത്രങ്ങളുടെ ഭാഗങ്ങളായിക്കഴിഞ്ഞു. ഇപ്പോഴിതാ ഇരുവരും പോലീസ് വേഷം അണിയുവാൻ ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ.
തന്റെ സിനിമ ജീവിതത്തിൽ കൈനിറയെ പോലീസ് വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള താരമാണ് പൃഥ്വിരാജ്. കാക്കി, സത്യം, മുംബൈ പോലീസ്, മാസ്റ്റർസ് തുടങ്ങിയ ചിത്രങ്ങളിൽ പോലീസ് വേഷത്തിൽ താരം മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചത്.
ഓഫ്ദ പീപ്പിൾ, ദ ട്രെയിൻ എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവഹിച്ച തനു ബാലക് സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിന് വേണ്ടിയാണ് പൃഥ്വിരാജ് വീണ്ടും പോലീസ് വേഷം അണിയുന്നത്. ഛായാഗ്രാഹകനായി മലയാള സിനിമയിൽ ഏറെ ശ്രദ്ധേയനായ വ്യക്തിയാണ് തനു ബാലക്.നവംബർ രണ്ടാം വാരത്തിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
പൃഥ്വിരാജിന്റെ ഈ ത്രില്ലർ ചിത്രമാണ് തനുവിന്റെ ആദ്യ സംവിധാന സംരംഭം. ടൈംസ് ഓഫ് ഇന്ത്യയുടെ അഭിമുഖത്തിൽ സംവിധായകൻ തനു തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്. ശ്രീനാഥ് വി നാഥാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടായിരിക്കും സിനിമയുടെ ചിത്രീകരണം നടത്തുക.
പൃഥ്വിരാജിന്റെ ഭാഗങ്ങൾ കൂടുതലും ഇൻഡോർ ആണെന്നും വളരെ കുറച്ചു ഭാഗങ്ങൾ മാത്രമാണ് ജനക്കൂട്ടത്തിൽ ചിത്രീകരിക്കാൻ ഉള്ളതെന്ന് സംവിധായകൻ തുറന്ന് പറയുകയുണ്ടായി. പൃഥ്വിരാജ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ജോമോൻ ടി ജോണാണ്.
പൃഥ്വിരാജിനെ കൂടാതെ ദുൽഖർ സൽമാനും മറ്റൊരു ചിത്രത്തിൽ പോലീസ് വേഷം കൈകാര്യം ചെയ്യുവാൻ ഒരുങ്ങുകയാണ്. റോഷൻ ആൻഡ്രൂസിന്റെ ഏറ്റവും പുതിയ ചിത്രത്തിലാണ് ദുൽഖർ സൽമാൻ പോലീസ് ഉദ്യോഗസ്ഥനായി വരുന്നത്. ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. അതേ സമയം ഈ സിനിമയിൽ മഞ്ജു വാര്യരും ഒരു പ്രധാന വേഷത്തിലെത്തുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
ഏതായാലും മലയാളത്തിന്റെ രണ്ടു യുവ താരങ്ങളും പോലീസ് വേഷത്തിലെത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച് തീയ്യറ്ററുകൾ സജീവമായാൽ പ്രേക്ഷകരെ കാത്തിരിക്കുന്നത് നിരവധി വമ്പൻ സിനിമകളാണ്.