മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ രണ്ടാമൂഴം എന്ന നോവൽ സിനിമയാക്കാൻ തീരുമാനിച്ചപ്പോൾ ആയിരം കോടി രൂപ മുടക്കി സിനിമ പൂർത്തിയാക്കാമെന്ന് സമ്മതിച്ച് ബി ആർ ഷെട്ടി നിർമ്മാതാവായി രംഗത്തു വരികയും തുടർന്ന് അദ്ദേഹം പിൻമാറുകയും ചെയ്തത് വലിയ വാർത്തയായിരുന്നു.
തുടർന്നാണ് അതേ മുതൽമുടക്കിൽ സിനിമ നിർമ്മിക്കാമെന്ന് ധാരണയുണ്ടാക്കി ഡോ എസ് കെ നാരായണൻ എന്ന വ്യവസായിയും പിന്നീട് എത്തിയത്. എന്നാൽ എസ് കെ നാരായണനും നിർമ്മാണത്തിൽ നിന്ന് പിന്മാറിയെന്നും ശ്രീകുമാർ മേനോനാണ് കുഴപ്പങ്ങൾക്ക് പിന്നിലെന്നും ആരോപിച്ച് കഴിഞ്ഞ ദിവസം ജോമോൻ പുത്തൻ പുരയ്ക്കൽ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലായിരുന്നു.
ഇപ്പോഴിതാ ആശീർവാദ് സിനിമാസിന്റെ മൂന്നു ചിത്രങ്ങളുടെ വിജയം ആഘോഷിക്കുന്ന ആശീർവാദത്തോടെ ലാലേട്ടൻ എന്ന പരിപാടിയിൽ രണ്ടാമൂഴം മോഹൻലാൽ നായകനായി തന്നെ സംഭവിക്കുമെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ വ്യക്തമാക്കിയിരിക്കുകയാണ്. ദൈവവും മോഹൻലാലും കൂടെയുള്ളതുകൊണ്ട് ആ ചിത്രം ഉറപ്പായും സംഭവിക്കുമെന്നാണ് സംവിധായകൻ പരഞ്ഞിരിക്കുന്നത്.