മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ തൊണ്ണൂറുകളിലെ ഭാഗ്യ നായിക ആരണെന്ന് ചോദിച്ചാൽ ശോഭന, രേവതി തുടങ്ങിയവർക്കൊപ്പം പറഞ്ഞു കേൾക്കാറുള്ള പേരായിരുന്നു മീന. എന്നാൽ കാലമിത്ര കഴിഞ്ഞിട്ടും മീന മാത്രം ഇപ്പോഴും മോഹൻലാലിന്റെ ഭാഗ്യ നായികയായി തുടരുന്നു.
പഴയ നായികമാർക്കൊന്നും മോഹൻലാൽ ഇപ്പോൾ അധികം അവസരം കൊടുക്കുന്നില്ല എന്ന് പറയുമ്പോഴാണ് ലാൽ മീനയ്ക്കൊപ്പം ദൃശ്യം, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്നീ ചിത്രങ്ങൾ ചെയ്ത് ഗംഭീര വിജയം നേടിയത്.
എന്താണ് മോഹൻലാലിനും മീനയ്ക്കുമിടയിൽ ഇത്ര വലിയ കെമിസ്ട്രി. മുപ്പിത്തരണ്ട് വർഷങ്ങൾക്ക് മുമ്പ്, 1984 ൽ റിലീസ് ചെയ്ത മനസ്സറിയാതെ എന്ന ചിത്രത്തിലാണ് ആദ്യമായി മീന മോഹൻലാലിനൊപ്പം അഭിനയിച്ചത്. അന്ന് ബാലതാരമായിട്ടാണ് മീന ചിത്രത്തിലെത്തിയത്. സോമൻ അമ്പാട്ട് സംവിധാനം ചെയ്ത ചിത്രത്തിൽ സറീന വഹാബായിരുന്നു മോഹൻ ലാലിന്റെ നായിക.
1996 ൽ മോഹൻലാലിനെ നായകനാക്കി സുരേഷ്കൃഷ്ണ ഒരുക്കിയ ബിഗ് ബജറ്റ് ചിത്രമായ ദി പ്രിൻസ് പരാജയമായി മാറി. ആസമയത്ത് ചില സിനിമകൾ പരാജയപ്പെട്ട് മോഹൻലാലിന്റെ കരിയറിൽ ചെറിയ കരിനിഴൽ വീണു തുടങ്ങുമ്പോഴാണ് ഐവി ശശി സംവിധാനം ചെയ്ത വർണ്ണപ്പകിട്ട് എന്ന ചിത്രത്തിൽ മീന നായികയായെത്തുന്നത്.
തകർപ്പൻ വിജയം നേടിയ ആ ചിത്രം മോഹൻലാലിനെ കരകയറ്റി. മീന മോഹൻലാൽ കൂട്ടുകെട്ട് മലയാളത്തിൽ ഹിറ്റാകുകയും ചെയ്തു. തുടർന്ന് മീനയും മോഹൻലാലും ഒന്നിച്ചഭിനയിച്ച ചിത്രമാണ് ഒളിമ്പ്യൻ അന്തോണി ആദം. 1999 ലാണ് സിനിമ റിലീസ് ചെയ്തത്. ഭദ്രൻ സംവിധാനം ചെയ്ത ചിത്രം പക്ഷെ പ്രതീക്ഷിച്ച വിജയം നേടിയില്ല.
എന്നാലും മോഹൻലാൽ മീന കൂട്ടുകെട്ടിന് ഒരു ഭംഗവും വരുത്തിയിരുന്നില്ല. 2003 ലാണ് പിന്നീട് മോഹൻലാലും മീനയും ഒന്നിച്ചഭിനയിച്ചത്. തുളസിദാസ് സംവിധാനം ചെയ്ത മിസ്റ്റർ ബ്രഹ്മചാരി ഹാസ്യത്തിന് പ്രധാന്യം നൽകിയ കുടുംബ ചിത്രമായിരുന്നു. എന്നാൽ സിനിമ പരാജയപ്പെട്ടിട്ടും മീന മോഹൻലാൽ കെമിസ്ട്രി വർക്കൗട്ടായി.
പിന്നീട് മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത മാസ് ആക്ഷൻ ചിത്രമായിരുന്നു നാട്ടുരാജാവ്. ഗംഭീര കഥാപാത്ര സൃഷ്ടിതന്നെയായിരുന്നു സിനിമയുടെ പ്രത്യേകത. മീന ലാലിന്റെ നായികയായി എത്തി. ഈ ചിത്രം ഗംഭീരകളക്ഷനാണ് ബോക്സ് ഓഫീസിൽ നേടിയത്.
പിന്നീട് റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ ഉദയനാണ് താരം എന്ന ചിത്രമെത്തുന്നത്. മോഹൻലാലിന്റെ കരിയറിൽ വീണ്ടും വലിയ തിളക്കം കൊണ്ടുവന്ന ചിത്രം കൂടെയാണ് ഉദയനാണ് താരം. മീനയായിരുന്നു ആ ഭാഗ്യം കൊണ്ടുവന്ന നായിക.
ഈ വിജയത്തിന് പിന്നാലെ വലിയ പ്രതീക്ഷയോടെയാണ് രഞ്ജിത്ത് മോഹൻലാൽ കൂട്ടുകെട്ടിന്റെ ചന്ദ്രോത്സവം എന്ന ചിത്രം റിലീസ് ചെയ്യുന്നത്. മീന മോഹൻ ലാലിന്റെ നായികയായി വീണ്ടും വന്നു. എന്നാൽ പ്രതീക്ഷയ്ക്ക് വിപരീതമായിട്ടാണ് ഇവിടെയും സംഭവിച്ചത്. നല്ല സിനിമ ആയിരിന്നിട്ട് കൂടി ചന്ദ്രോത്സവം പരാജയപ്പെട്ടു.
പിന്നെ കുറേ കാലം മീന സിനിമയിൽ നിന്ന് ഇടവേളയെടുത്തു. മോഹൻലാൽ തന്റേതായ രീതിയിൽ വിജയങ്ങളുമായി മുന്നോട്ട് പോയി. എന്നാൽ ഇടയ്ക്കെപ്പോഴോ ലാലിന്റെ ഗ്രാഫ് താണുപോയി. മോഹൻലാലിന്റെ കാലം മലയാള സിനിമയിൽ കഴിഞ്ഞു എന്ന് പലരും പറഞ്ഞ സമയത്താണ് ദൃശ്യം എന്ന ചിത്രം എത്തുന്നത്. മീനയാണ് ചിത്രത്തിൽ ലാലിന്റെ നായികയായത്.
ദൃശ്യത്തിന്റെ ഗംഭീര വിജയത്തിന് ശേഷം മീന വീണ്ടും മലയാളത്തിൽ തിരിച്ചെത്തിയത് മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന ജിബു ജേക്കബ് ചിത്രത്തിലൂടെയാണ്. മീന മോഹൻലാൽ കൂട്ടുകെട്ട് ഇപ്പോഴും പ്രേക്ഷകർക്ക് പ്രിയങ്കരമാണെന്ന് ബോധ്യപ്പെടുത്തുന്ന വിജയമായിരുന്നു ചിത്രത്തിന്റേത്.
ഇപ്പോഴിതാ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടി വീണ്ടും മോഹൻലാലും മീനയും ഒന്നിക്കുമ്പോൾ ഒരു തകർപ്പൻ വിജയം തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.