കൊല്ലം ജില്ലയിലെ ശാസ്താംനടയിൽ നടന്ന വിസ്മയ സംഭവത്തിന്റെ ആഘാതത്തിൽ നിന്നും മലയാളികൾ ഇതുവരെ മുക്തമായിട്ടില്ല. സംഭവത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ സ്ത്രീധനത്തിന് എതിരെ ശക്തമായ ജനവികാരമാണ് ഉയരുന്നത്. രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും എല്ലാം സ്ത്രീധനത്തിന് എതിരെ പരസ്യമായി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.
അതേ സമയം നേരത്തെ സ്ത്രീധനം വാങ്ങുകയും കൊടുക്കുകയും ചെയ്തവർ തങ്ങളുടെ കുറ്റബോധവും പശ്ചാത്തപവുമൊക്കെ പങ്കുവെക്കുന്നുണ്ട്. ഇതിനിടെ ഇപ്പോഴിതാ വിസ്മയ തനിക്കെഴുതിയ കത്തിനെ കുറിച്ചുള്ള നടൻ കാളിദാസ് ജയറാമിന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
വിസ്മയയുടെ സുഹൃത്ത് അരുണിമയാണ് വിസ്മയ കാളിദാസിനെഴുതിയ കത്ത് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. കോളേജിലെ പ്രണയ ദിനത്തിലെ പ്രണയലേഖന മത്സരത്തിൽ എഴുതിയ കത്തായിരുന്നു ഇത്. അന്ന് വിസ്മയയും ഈ കത്ത് പങ്കുവച്ചിരുന്നു. എന്നാൽ ഇപ്പോഴാണ് കത്ത് കാളിദാസിന്റെ മുന്നിലെത്തുന്നത്.
രണ്ട് വർഷം മുന്നേയുള്ള വാലന്റൈൻസ് ഡേയ്ക്ക് കോളേജിൽ പ്രണയലേഖന മത്സരം നടക്കുവാ, അന്നവളും എഴുതി ഒരു പ്രണയലേഖനം, ഒരു തമാശക്ക്, അവളുടെ പ്രിയപ്പെട്ട നടൻ കാളിദാസ് ജയറാമിന്, എന്നിട്ട് എന്നോട് പറഞ്ഞു അരുണിമ നീയിത് ളയശഹ പോസ്റ്റ് ഇട്. എന്നിട്ട് എല്ലാരോടും ഷെയർ ചെയ്യാൻ പറയ്, അങ്ങനെ എല്ലാരും ഷെയർ ചെയുന്നു.
പോസ്റ്റ് വൈറൽ ആവുന്നു, കാളി ഇത് കാണുന്നു. എന്നെ കോൾ ചെയുന്നു, ഞങ്ങൾ സെൽഫി എടുക്കുന്നു. അവളുടെ ഓരോ വട്ട് ആഗ്രഹങ്ങൾ, അന്ന് ഞാനാ പ്രണയലേഖനം ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തു. ആരും ഷെയർ ചെയ്തില്ല. കുറെ നേരം ആയിട്ടും ആരും ഷെയർ ചെയ്യുന്നില്ലന്ന് മനസിലായപ്പോ പോസ്റ്റ് മൂഞ്ചിയല്ലെ എന്ന് പറഞ്ഞു അവൾ കുറെ ചിരിച്ചു.
ഇന്നിപ്പോ നവമാധ്യമങ്ങൾ മുഴുവൻ അവളെ പറ്റി എഴുതുവാ. അവളുടെ നുണക്കുഴി ചിരി പോസ്റ്റ് ചെയ്യുവാ. അവൾ ആഗ്രഹിച്ച പോലെ വൈറൽ ആയി. കഴിഞ്ഞ 6 വർഷം ആയ് കൂടെ പഠിക്കുന്നവളാ അവളെ ഞങ്ങൾക്ക് അറിയാം. അവൾ ആത്മഹത്യ ചെയ്യില്ല ഇനിയിപ്പോ ചെയ്തിട്ടുണ്ടേൽ തന്നെ അത്രമാത്രം നരകയാതന അനുഭവിച്ചിട്ടുണ്ടാവും. ഇതിനു പിന്നിൽ ഉള്ളവരെല്ലാം നിയമത്തിനു മുന്നിൽ വരണം ശിക്ഷിക്കപെടണം എന്നായിരുന്നു കത്ത് പങ്കുവച്ചു കൊണ്ട് അരുണിമ കുറിച്ചത്.
അതേ സമയം വളരെ വേദനയോടെയാണ് കാളിദാസ് വിസ്മയയുടെ കത്തിനെ കുറിച്ച് പറയുന്നത്. പ്രിയപ്പെട്ട വിസ്മയ, നിങ്ങൾ എനിക്കെഴുതിയ കത്ത് എന്റെ അടുത്തെത്തുന്നത് നിങ്ങളെ സ്നേഹിക്കുന്നവർക്ക് നിങ്ങളെ നഷ്ടമായതിന് ശേഷമാണ്. മാപ്പ്, ആരും കേൾക്കാതെ പോയ ആ ശബ്ദത്തിന്, എരിഞ്ഞമർന്ന സ്വപ്നങ്ങൾക്ക് എന്നാണ് കാളിദാസ് പറയുന്നത്. വിസ്മയയുടെ വിയോഗത്തെ കുറിച്ചും അതിലേക്ക് നയിച്ച സംഭവങ്ങളും എല്ലാം അറഞ്ഞതിൽ താൻ അതീവ ദുഖിതനാണ്.
സാക്ഷരതയും ലോകത്തിന്റെ എല്ലാ കോണിൽ നിന്നുമുള്ള കാര്യങ്ങളെക്കുറിച്ച് അറിവുള്ളവരായിട്ടും നമ്മുടെ ആളുകൾ സ്ത്രീധനം എത്ര വലിയ കുറ്റകൃത്യമാണെന്നും അതിക്രമങ്ങൾ തെറ്റാണെന്നും തിരിച്ചറിയാത്തത് അംഗീകരിക്കാനാകില്ല. എല്ലാ മുറിപ്പാടുകളും കാണണമെന്നില്ലെന്നും എല്ലാ മുറിവുകളും രക്തമൊലിക്കുന്നത് ആകണമെന്നില്ലെന്നും കാളിദാസ് പറയുന്നു.
സമാനമായ സംഭവങ്ങളിൽ ഇനിയും എത്ര പേരുകൾ കൂടി എഴുതി ചേർത്താലാണ് നമ്മൾ ഉണരുക എന്ന് ഓർക്കുമ്പോൾ ആശങ്കയുണ്ട്. എന്തുകൊണ്ടാണ് ടോക്സിക്കായൊരു ഇടത്തിൽ നിന്നും ഇറങ്ങി പോകുന്നത് സ്വീകരിക്കപ്പെടാത്തത്, എന്തുകൊണ്ടാണ് ഇരകൾക്ക് എതിരെ നിൽക്കുകയും അവരെ ചേർത്തു പിടിക്കാതിരിക്കുകയും ചെയ്യുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.
പുരോഗമന സമൂഹമെന്ന നിലയിൽ സ്ത്രീധനം ചോദിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും അതിനോട് നിശബ്ദത പാലിക്കുന്നതുമെല്ലാം അധാർമ്മികവും കൊടിയ പാപവുമാണെന്ന് അംഗീകരിക്കാൻ എന്തുകൊണ്ടാണ് നമുക്കിത്ര ബുദ്ധിമുട്ടെന്നും അദ്ദേഹം ചോദിക്കുന്നു. സ്ത്രീധനത്തിനെതിരെ ശക്തമായ നിയമനിർമാണം ഉണ്ടാകണമെന്നും നമ്മളുടെ പെൺകുട്ടികളെ തിരികെ കൊണ്ടു വരാമെന്നും അവരെ വെറുമൊരു സോഷ്യൽ മീഡിയ ഹാഷ്ടാഗായി മാറ്റാതിരിക്കാമെന്നും താരം തന്റെ കുറിപ്പിൽ പറയുന്നു.